Monday, August 15, 2011

മഴക്കാലത്ത് മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...




  • നല്ല മീന്‍ ഒറ്റനോട്ടത്തില്‍ കണ്ടാലറിയാം. അതിന് ഏതാനും സൂത്രങ്ങളുണ്ട്. മീനിന്റെ കണ്ണ് കടും ചുവപ്പാണെങ്കില്‍ അത് മോശമാണെന്നര്‍ത്ഥം. പുതിയ മീനാണെങ്കില്‍ കണ്ണുകളുടെ നിറം വെളുപ്പ് കലര്‍ന്ന ഇളംചുവപ്പായിരിക്കും. കണ്ണ് ചുവന്ന മത്തി വാങ്ങരുത്. അയല നല്ലതാണോ എന്ന് അറിയാനും ഒരു വിദ്യയുണ്ട്. ചെകിളപ്പൂ ഉയര്‍ത്തി നോക്കിയാല്‍ മതി. അല്‍പ്പം കൊഴുപ്പുള്ള ചോര കാണുന്നെങ്കില്‍ മീന്‍ നല്ലതെന്ന് അര്‍ത്ഥം. ചോര വറ്റിയാണ് കാണുന്നതെങ്കില്‍ പഴകിയതാവാം. അയലയൊക്കെ ചെകിളപ്പൂ നോക്കി നല്ലതാണോ എന്ന് എളുപ്പമറിയാം.
  • തൊട്ട് നോക്കിയും മീനിന്റെ മേന്മ ഉറപ്പിക്കാം. പുതിയ മീന്‍ വിരല്‍ കൊണ്ട് അമര്‍ത്തിനോക്കുക. ഉള്ളില്‍ നീരുള്ളതുപോലെ പുറം കുഴിഞ്ഞുപോവുന്നുണ്ടെങ്കില്‍ പഴകിയ മീനാണെന്ന് നിസ്സംശയം പറയാം. പുതിയ മീന്‍ ഉറപ്പോടെ ഇരിക്കും. കുറേ ദിവസം ഐസിലിട്ട് വെച്ച കരിമീന്‍ സ്വല്‍പ്പം വിളറിയിരിക്കും. നല്ല കരിമീനിന് ഉറപ്പും ഇരുണ്ട ചാരനിറവുമായിരിക്കും. 
  • കഴുകാന്‍ മഞ്ഞളും ഉപ്പും 
  • വാങ്ങിയ ഉടന്‍ മീന്‍ വെള്ളമൊഴിച്ച് കഴുകണം. പൈപ്പ് തുറന്നിട്ട് ഒഴുകുന്ന വെള്ളത്തില്‍ കഴുകുന്നതാണ് നല്ലത്. തുടര്‍ന്ന് സ്വല്‍പ്പം കല്ലുപ്പിട്ട വെള്ളത്തിലേക്കിടുക. മീന്‍ മുറിച്ചിടുന്ന ചട്ടിയിലും കുറച്ച് കല്ലുപ്പ് വിതറണം. വിനാഗിരി, മഞ്ഞള്‍ എന്നിവ തൂവുന്നതും നന്ന്. രാസവസ്തുക്കളുടെ അംശമുണ്ടെങ്കില്‍ പോവാനാണിത്. ഏട്ട, ബ്രാല് തുടങ്ങിയ വഴുവഴുപ്പുള്ള മീനുകളാണെങ്കില്‍ ആദ്യമേ വെള്ളത്തിലിട്ടു വയ്ക്കാതെ കല്ലുപ്പിട്ട് ഉരയ്ക്കണം.ചെതുമ്പലുള്ള മീനുകള്‍ 
  • ധാരാളം ചെതുമ്പലുള്ള മീന്‍ വൃത്തിയാക്കി എടുക്കാന്‍ പാടാണ്. ഇത്തരം മീനുകള്‍ ഉപ്പും മഞ്ഞളും പുരട്ടി മൂര്‍ച്ചയുള്ള കത്തികൊണ്ട് രണ്ടും മൂന്നും പ്രാവശ്യം ഉരച്ചുവൃത്തിയാക്കേണ്ടിവരും. അല്ലെങ്കില്‍ രുചി കുറയും. നന്നായി ഉരച്ചുകഴുകാത്ത സ്രാവിന് കറിവെച്ചാല്‍ ചെറിയൊരു ദുര്‍ഗന്ധമുണ്ടാവും.ചെതുമ്പല്‍ കുറഞ്ഞ അയക്കൂറ, അയല എന്നിവ ഉപ്പിട്ട് അധികം ഉരയ്ക്കരുത്. മാംസം വേറിട്ടുപോവും. ഇവ വിനാഗിരി ഒഴിച്ച് കഴുകുന്നതാണ്് നല്ലത്. അയല,ആവോലി എന്നിവയുടെ പുറത്തെ നേരിയ തൊലി നീക്കണം.ചുട്ടെടുക്കാനുള്ള മീന്‍ 
  • ചുട്ടെടുക്കാനോ ഗ്രില്‍ ചെയ്യാനോ ഉള്ള മീന്‍ നന്നാക്കുമ്പോള്‍ ശ്രദ്ധിക്കണം. തല, വാല്‍ ഇവ നിലനിര്‍ത്തി വേണം വൃത്തിയാക്കാന്‍. ചെതുമ്പലും ചെകിളയും കളഞ്ഞ ശേഷം വയറിന്റെ വശം മാത്രം നീളത്തില്‍ കീറി കുടല്‍ നീക്കംചെയ്താല്‍ മതി. മീന്‍ അരമണിക്കൂറിലധികം മസാല പുരട്ടി വെക്കരുത്. 
  • ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ വൃത്തിയായി കഴുകിയ മീന്‍ രണ്ട് കവറുകളിലായി പൊതിഞ്ഞ് വെയ്ക്കുക. രണ്ടു ദിവസം വരെ ഇങ്ങനെ സൂക്ഷിക്കാം. വെട്ടിയെടുത്ത മീനാണെങ്കില്‍ ഉപ്പും മഞ്ഞളും പുരട്ടി പാത്രത്തിലടച്ച് വെയ്ക്കുക.

No comments:

Post a Comment