Saturday, August 13, 2011

പാമൊലിന്‍ : എജിയുടെ ഉപദേശം തേടിയത് ഭരണഘടനാലംഘനം: ടി പി കേളുനമ്പ്യാര്‍


  • പാമൊലിന്‍ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത് ഭരണഘടനാലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാരിനെ സംബന്ധിക്കുന്ന യാതൊന്നും പാമൊലിന്‍ കേസില്‍ ഇല്ലെന്നിരിക്കെ എജിയോട് നിയമോപദേശം തേടിയതിനെ ന്യായീകരിക്കാനാവില്ല. മുഖ്യമന്ത്രിയെയല്ല, ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയെ സംബന്ധിക്കുന്നതാണ് പാമൊലിന്‍ കേസ്. ഇതിന് എജിയുടെ സേവനം നിയമപ്രകാരം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം  പറഞ്ഞു. 
  • സര്‍ക്കാര്‍ നിയമോപദേശം തേടുമ്പോള്‍ അത് നല്‍കുകയും ഭരണഘടനപ്രകാരമുള്ള കര്‍ത്തവ്യങ്ങള്‍ നിറവേറ്റുകയുമാണ് അഡ്വക്കറ്റ് ജനറലിന്റെ ചുമതല. ഇക്കാര്യം ഭരണഘടനയുടെ 165-ാം ഖണ്ഡിക വ്യക്തമാക്കുന്നുണ്ട്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി നിയമോപദേശം തേടിയപ്പോള്‍ താന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് നിയമോപദേശം നല്‍കാനാണ് നിയമിതനായിട്ടുള്ളതെന്നും മുന്‍ ധനമന്ത്രിക്ക് നിയമോപദേശം നല്‍കാന്‍ ബാധ്യതയില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറല്‍ പറയേണ്ടിയിരുന്നത്.
  • പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ട ജഡ്ജിയെ വ്യക്തിപരമായി കുറ്റപ്പെടുത്തിയ ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന കോടതിയലക്ഷ്യമാണ്. വിജിലന്‍സ് കോടതിക്കോ സാധാരണക്കാര്‍ക്കോ ഈ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്. ഹൈക്കോടതിക്ക് സ്വമേധയാ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുകയുമാവാം. കോടതിയുടെ അന്തസ്സിന് കോട്ടംതട്ടുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമനടപടികള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment