Sunday, April 15, 2012

ലീഗിന് ആര്യാടന്റെ വെല്ലുവിളി




മലപ്പുറം: മുസ്ലീംലീഗിനെതിരെ രൂക്ഷവിമര്‍ശനവും വെല്ലുവിളിയുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറത്ത് നല്‍കിയ സ്വീകരണത്തിലാണ് ആര്യാടന്‍ ലീഗിനെതിരെ ആഞ്ഞടിച്ചത്. 2004ലേയും 2006ലേയും ദയനീയ തോല്‍വി ലീഗ് മറക്കേണ്ടെന്നും അത് തീക്കളിയാകുമെന്നും ആര്യാടന്‍ ഓര്‍മിപ്പിച്ചു. രാജ്യസഭാസീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണത്തിനെതിരെ കടുത്ത ഭാഷയിലായിരുന്നു ആര്യാടന്റെ മറുപടി. അമ്പതു വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുള്ള സീറ്റാണ് വിട്ടുനല്‍കിയതെന്ന് ലീഗ് പറയുന്നു. ആരുടെയും ഔദാര്യമല്ല സീറ്റ്. മറ്റുള്ളവരുടെ ഔദാര്യം വാങ്ങിയശേഷം തങ്ങളുടെ ജന്മാവകാശമാണെന്ന് പറയുന്നവരെ ജനങ്ങള്‍ അല്‍പന്മാരായേ കാണൂ. 34 പേരുടെ പിന്തുണയുണ്ടെങ്കില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാം. ഖദര്‍ കുപ്പായമിട്ട 38 പേര്‍ നിയമസഭയിലുണ്ട്. ഇക്കാര്യം ആരും മറക്കേണ്ട. കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റുമല്ലാതെ തനിച്ച് ജയിക്കാന്‍ വോട്ടുള്ള ഒരു പാര്‍ടിയും കേരളത്തിലുണ്ടായിട്ടില്ല. തനിച്ച് മത്സരിക്കാന്‍ ശേഷിയില്ലാത്തവരാണ് ഇപ്പോള്‍ ന്യായം പറഞ്ഞ് വരുന്നത്. കോണ്‍ഗ്രസിനെ തെരുവില്‍ തെറിവിളിയ്ക്കാനേ ലീഗിനറിയൂ. ഭ്രാന്തന്മാരുടെ ജല്‍പനങ്ങളായിമാത്രം ഇതിനെ കണ്ടാല്‍ മതി. കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ടെന്ന് വരുത്താനാണ് ഇപ്പോള്‍ ലീഗിന്റെ ശ്രമം. ഇവരുടെ മരിച്ചുപോയ പൂര്‍വികര്‍ വിചാരിച്ചാല്‍പോലും അതിന് കഴിയില്ല. എല്ലാ മതവിഭാഗങ്ങളെയും ഒന്നുപോലെ കാണുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. ലീഗിനെപ്പോലെ പച്ചക്കണ്ണടയിട്ടല്ല കോണ്‍ഗ്രസ് ജനങ്ങളെ കാണുന്നത്. കോണ്‍ഗ്രസില്‍ വിഭാഗീയതയെന്ന് പറയുന്നവര്‍ കാസര്‍കോട്ടും കണ്ണൂരും അടികിട്ടിയ കാര്യം മറക്കേണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം അവഗണിച്ച് ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് മന്ത്രിസ്ഥാനമെങ്കില്‍ നൂറുവട്ടം തുമ്മാന്‍ തയ്യാറാണ്. പാര്‍ടിയില്‍ ഇനിയും അഭിപ്രായങ്ങള്‍ പറയും. എതിര്‍ക്കുന്നവരെ വകവെക്കാതെ മുന്നോട്ടുപോകും. "അല്‍പായുസ്സുക്കളെ" ഭയപ്പെടില്ല. ആരുടെ ഭീഷണിക്കും വഴങ്ങില്ല-ആര്യാടന്‍ പറഞ്ഞു. നിലമ്പൂരിലും ആര്യാടന് സ്വീകരണം നല്‍കി. അഭിപ്രായം പറയാന്‍ ഏതെങ്കിലും തറവാട്ടില്‍പ്പോയി അനുവാദം ചോദിക്കാന്‍ തന്നെ കിട്ടില്ലെന്ന് അവിടെ ആര്യാടന്‍ പറഞ്ഞു.

No comments:

Post a Comment