ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ സൈനികരെ രക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളി. ഇറ്റലിക്കാര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. കേന്ദ്ര നിലപാടിനെ സുപ്രീംകോടതി പോലും വിമര്‍ശിച്ചെങ്കിലും കേരളത്തിന്റെ അഭിഭാഷകന്‍ എം ടി ജോര്‍ജ് മൗനംപാലിച്ചു.
ഫെബ്രുവരി പതിനഞ്ചിന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ ലസ്റ്റോറെ മാസ്സി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ രക്ഷിക്കുന്നതിനുള്ള വാദമാണ് കേന്ദ്രം സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. കൊല്ലം മൂതാക്കര സ്ലംകോളനിയില്‍ ജലസ്റ്റിന്‍ എന്ന വാലന്റൈന്‍ (45), കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറ സ്വദേശി സിങ്കു എന്നിവരാണ് മത്സ്യബന്ധനത്തിനിടെ എന്‍റിക്ക ലെക്സി എന്ന കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന ധനമന്ത്രി കെ എം മാണി, ഗ്രാമവികസനമന്ത്രി കെ സി ജോസഫ് എന്നിവര്‍ ഡല്‍ഹിയിലുള്ളപ്പോഴാണ് സുപ്രീംകോടതിയിലെ നാടകീയ നീക്കം. കെ എം മാണിയും കെ സി ജോസഫും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കേരളത്തിനു വേണ്ടി കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ്ബാബുവിനെ തിടുക്കത്തില്‍ ചുമതലയില്‍നിന്നു മാറ്റി എം ടി ജോര്‍ജിനെ നിയമമന്ത്രി കെ എം മാണി നിയോഗിക്കുകയായിരുന്നു. മാണിയും വിശ്വസ്തനായ ജോര്‍ജും വ്യാഴാഴ്ച രാത്രി കേരളാ ഹൗസില്‍ പ്രത്യേക കൂടിക്കാഴ്ചയും നടത്തി.
പൂജപ്പുര ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ സൈനികരെ മോചിപ്പിക്കണമെന്നും കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി ഇറ്റലി സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരായ ദിവസം തന്നെയാണ് സമാനമായ വാദം കേന്ദ്രം മുന്നോട്ടുവച്ചത്. പ്രതികളെ വിട്ടുകിട്ടാന്‍ വത്തിക്കാന്റെയും സോണിയയുടെയും സഹായം ഇറ്റാലിയന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തേടിയിരുന്നു. കപ്പല്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍റിക്ക ലെക്സി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര അഭിഭാഷകന്‍ വിഷയത്തില്‍ നിന്നു മാറി, കേരളാ പൊലീസ് എടുത്ത കേസിന്റെ ന്യായാന്യായങ്ങളിലേക്ക് കടന്നത്. കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം കോടതി തീരുമാനത്തിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ എഴുന്നേല്‍ക്കുകയായിരുന്നു. ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ പൊലീസിന് അധികാരമില്ലെന്ന് റാവല്‍ പറഞ്ഞു. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ നടക്കുന്ന സംഭവങ്ങളില്‍ മാത്രമേ കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ കേസെടുക്കാനാകൂ. ഇവിടെ വെടിവയ്പ് നടന്നിരിക്കുന്നത് 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ്- റാവല്‍ പറഞ്ഞു. കേരളം എടുത്ത കേസ് നിലനില്‍ക്കുന്നതല്ലെന്നാണോ പറയുന്നതെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. അതെ എന്ന് റാവല്‍ പ്രതികരിച്ചു.
സൈനികരെ രക്ഷിക്കുന്നതിനുള്ള കേന്ദ്രനീക്കം ബോധ്യപ്പെട്ട ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ഗോഖലെ എന്നിവരുള്‍പ്പെട്ട ബെഞ്ച് ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. കേന്ദ്രം എന്തിനാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. ഇത് പ്രതീക്ഷിച്ചതല്ല. മരിച്ചവര്‍ ഇന്ത്യക്കാരാണെന്നത് മറക്കരുത്. ശരിയായ നിലപാടല്ലിത്. കേന്ദ്രം ഇത്തരത്തില്‍ പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. മാത്രമല്ല വെടിവയ്പ് എവിടെ നടന്നുവെന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. 12 നോട്ടിക്കല്‍ മൈലെന്നും 20.5 നോട്ടിക്കല്‍ മൈലെന്നും വാദമുണ്ട്. ഇക്കാര്യം കൃത്യതയിലെത്തും മുമ്പ് എന്തിനാണ് ഈ നിലപാട്- കോടതി ആരാഞ്ഞു. ഹരേന്‍ റാവല്‍ ഇറ്റലിക്കായി വാദിക്കുമ്പോള്‍ സംസ്ഥാന സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം ടി ജോര്‍ജ് മൗനംപാലിച്ചു. കേന്ദ്രനിലപാടിനെ സുപ്രീംകോടതി ശക്തമായി വിമര്‍ശിച്ചപ്പോള്‍ പോലും വാ തുറക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ തയ്യാറായില്ല. നാവികരുടെ വെടിയേറ്റു മരിച്ച വലന്റൈന്റെ ഭാര്യയും കേസില്‍ കക്ഷിയുമായ ഡോറയ്ക്കു വേണ്ടി ആരും ഹാജരാകാതിരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ മുപ്പതിലേക്ക് കേസ് മാറ്റി.
No comments:
Post a Comment