Thursday, April 26, 2012

അസ്ഥിരത യുഡിഎഫ് സര്‍ക്കാറിന്റെ മുഖമുദ്ര: പിണറായി




തിരു: അസ്ഥിരത യുഡിഎഫ് സര്‍ക്കാറുകളുടെ മുഖമുദ്രയാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ച ലീഗ് മുന്നണിയിലെ മുഖ്യപാര്‍ട്ടിയായ കോണ്‍ഗ്രസിനെപ്പോലും വിലകല്‍പ്പിക്കാതെയാണ് മുന്നോട്ട് നീങ്ങുന്നത്. ലീഗ് രാഷ്ട്രീയ പരിവേഷം വിട്ട് തീവ്രവാദ നിലപാടിലേക്ക് നീങ്ങുന്നതാണ് കേരളം കാണുന്നത്. ലീഗിന്റെ അസഹിഷ്ണുതയുടെ തെളിവാണ് കേരളം മുഴുവന്‍ കാണുന്നത്.
കെപിസിസി പ്രസിഡന്റിന്റെ ഹരിപ്പാടുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയാണ് ലീഗ്. എന്‍എസ്എസിന്റെ ആസ്ഥാനത്തേക്കും ലീഗ് മാര്‍ച്ച് നടത്തി. ഞങ്ങളെപ്പറ്റി ആരും ഒന്നും പറയാന്‍ പാടില്ല എന്നതാണ് ലീഗ് നിലപാട്. ആര്യാടന്റെ തലയും പട്ടിയുടെ ഉടലുമായി ബോര്‍ഡ് വെച്ചു. ആര്യാടനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്താനും മടിയില്ല. തങ്ങളുടെ ഘടകകക്ഷിയുടെ മന്ത്രിക്കുനേരെയാണ് ആക്രമണം. കോണ്‍ഗ്രസ് എംഎല്‍എ വിഷ്ണുനാഥിന്റെ ജാഥയില്‍ കൊണ്ടോട്ടിയില്‍ കൂട്ടത്തല്ല് നടത്തി. ലീഗുകാര്‍ ആര്യാടനെ പ്രസംഗിക്കാന്‍ അനുവദിക്കില്ല. ജാഥ വഴി തിരിച്ചു വിട്ടു.
പൊലീസ് ലീഗിന്റെ ഹുങ്കിന് കീഴ്പ്പെട്ടു. ഭരണകക്ഷിയായ കോണ്‍ഗ്രസിനോട് ലീഗിന്റെ നിലപാട് ഇതാണെങ്കില്‍ മറ്റുള്ളവരോട് എന്താകും അവസ്ഥ. ലീഗിന്റെ തീവ്രവാദബന്ധം വ്യാപകമായി പുറത്തുവന്നു. എല്ലായിടത്തും സദാചാരപൊലീസ് ചമഞ്ഞുകൊണ്ട് ലീഗുകാര്‍ രംഗത്തിറങ്ങുന്നു. വിദ്യാര്‍ഥിനിയോട് സംസാരിച്ച ഒരു പൊലീസുകാരനെ കാസര്‍കോട് വെച്ച് ലീഗുകാര്‍ തല്ലി. തീവ്രവാദം ലീഗ് സ്വാംശീകരിച്ചു. കാഞ്ഞങ്ങാട് സ്ഥിരമായി കലാപമാണ്. ലീഗിന് എന്തും കാത്തു നില്‍ക്കാതെ വഴിവിട്ട നടപടികള്‍ ഉണ്ടായി.
കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കോളേജിന്റെ പടി ചവിട്ടാത്തയാളെ വിസിയാക്കാന്‍ ശ്രമിച്ചത് ലീഗിന്റെ ഹുങ്കിന് തെളിവാണ്. പിന്നീട് വന്ന വി സി ഭൂമി കുംഭകോണത്തിലൂടെ എന്തിനും പോന്നയാളാണെന്ന് തെളിയിച്ചു. സിന്റിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ വിയോജനക്കുറിപ്പ് വകവെക്കാതെയാണ് തീരുമാനവുമായി മുന്നോട്ട് പോയത്. ഭൂമി ഇടപാട് മന്ത്രിമാരും തങ്ങളും അറിഞ്ഞില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നതായി വി സി ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വി സിയെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

No comments:

Post a Comment