Saturday, April 28, 2012

ഉമ്മന്‍ചാണ്ടിക്ക് പാമോലിന്‍ ഇറക്കുമതിയെപ്പറ്റി അറിവുണ്ടായിരുന്നുവെന്ന് വി.എസും കണ്ണന്താനവും



  •  ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പാമോലിന്‍ ഇറക്കുമതി യെപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അന്നത്തെ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ എം.ഡിയും മുന്‍ എം.എല്‍.എയുമായ അല്‍ഫോന്‍സ് കണ്ണന്താനവും തൃശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ ബോധിപ്പിച്ചു. രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചര വരെ നീണ്ട വാദത്തില്‍ ഇറക്കുമതി സംബന്ധിച്ച നോട്ടില്‍ ഉമ്മന്‍ചാണ്ടി ഒപ്പുവെച്ചിരുന്നതിന്‍െറ അര്‍ഥം അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ധാരണ ഉണ്ടായിരുന്നു എന്ന് തന്നെയാണെന്ന് വി.എസ്. അച്യുതാനന്ദനുവേണ്ടി ഹാജരായ അഡ്വ. ടി.ബി. ഹൂദും അല്‍ഫോന്‍സ് കണ്ണന്താനത്തിനുവേണ്ടി ഹാജരായ അഡ്വ. എം.കെ. ഉണ്ണികൃഷ്ണനും ചൂണ്ടിക്കാട്ടി. വാദം മേയ് മൂന്നിന് തുടരും.
  • ഭക്ഷ്യ സിവില്‍ സപൈ്ളസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ജോസ് സിറിയക്കിന്‍െറ ആദ്യത്തെ മൊഴിയില്‍ ഉമ്മന്‍ചാണ്ടിക്ക് കാര്യങ്ങള്‍ അറിയാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് നല്‍കിയ മൊഴിയില്‍ മാറ്റിപ്പറഞ്ഞുവെന്ന് അഡ്വ. ടി.ബി. ഹൂദ് ചൂണ്ടിക്കാട്ടി.
  • കാബിനറ്റില്‍ വിഷയം അജണ്ടയില്‍പെടുത്താതെ വന്നപ്പോള്‍ തനിക്ക് പങ്കില്ലെങ്കില്‍ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി മൗനം പാലിച്ചൂവെന്ന് അദ്ദേഹം ചോദിച്ചു. പര്‍ച്ചേസ് റൂളും ടെന്‍ഡര്‍ നടപടികളും ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇവ വ്യക്തമാക്കുന്ന ആദ്യറിപ്പോര്‍ട്ടിനെ പൂര്‍ണമായും ഒഴിവാക്കുന്ന രണ്ടാമത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ല. പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ നയപരമായ തീരുമാനം എടുക്കാമെന്നല്ലാതെ ഒരു പ്രത്യേക കമ്പനി തന്നെ വേണമെന്ന് നയത്തില്‍ പറയാന്‍ കഴിയില്ല എന്നും വി.എസിന്‍െറ അഭിഭാഷകന്‍ വാദിച്ചു.അച്യുതാനന്ദന്‍െറ അഭിഭാഷകന്‍െറ വാദം ശനിയാഴ്ച പൂര്‍ത്തിയായി.
  • പാമോലിന്‍ ഇറക്കുമതി ചെയ്യേണ്ട അത്യാവശ്യം ഉണ്ടായിരുന്നില്ലെന്നായിരുന്നു കണ്ണന്താനത്തിന്‍െറ വാദം.മുഖ്യമന്ത്രിക്ക് ഭക്ഷ്യമന്ത്രി നോട്ട് നേരിട്ട് കൈമാറിയതാണെങ്കില്‍ മന്ത്രിസഭായോഗത്തില്‍ വിഷയം അജണ്ടയില്‍ ഉള്‍ക്കൊള്ളിക്കാതെ വന്നപ്പോള്‍ തനിക്ക് പങ്കില്ലെന്ന ്പറയുന്ന ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് മൗനം പാലിച്ചു. നയപരമായ വിഷയമാണ് പാമോലിന്‍ ഇറക്കുമതിയെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ തന്നെ നിയമവിരുദ്ധമായി നടപടികള്‍ നടത്താമോ എന്ന കാര്യം ബാക്കിനില്‍ക്കുന്നു-കണ്ണന്താനത്തിന്‍െറ അഭിഭാഷകന്‍ ചോദിച്ചു.
  • വിഷയം അറിയാമെന്നും എന്നാല്‍, നോട്ട് വിശദമായി നോക്കിയിട്ടില്ലെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ മൊഴി കണ്ണന്താനത്തിന്‍െറ അഭിഭാഷകന്‍ ചോദ്യം ചെയ്തു. ഇക്കാര്യത്തില്‍ താന്‍ ഫോട്ടോസ്റ്റാറ്റ് മാത്രമാണ് കണ്ടിട്ടുള്ളൂ എന്ന ഉമ്മന്‍ചാണ്ടിയുടെ മൊഴിയും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ദീര്‍ഘകാലം എം.എല്‍.എയും വിവിധ വകുപ്പുകളുടെ മന്ത്രിയുമായിരുന്നിട്ടുള്ളയാളാണ് അദ്ദേഹം. ജനങ്ങളുടെ ഭാഗത്തുനിന്ന് മുറവിളി ഉണ്ടായതുകൊണ്ടാണ് പാമോലിന്‍ ഇറക്കുമതി വേണ്ടിവന്നതെന്ന വാദം സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അഡ്വ. ഉണ്ണികൃഷ്ണന്‍ വാദിച്ചു.
  • വി.എസ്. അച്യുതാനന്ദനും അല്‍ഫോന്‍സ് കണ്ണന്താനത്തിനും കേസില്‍ കക്ഷിചേരാനുള്ള അര്‍ഹതയില്ലെന്ന് കേസില്‍ വിടുതല്‍ ഹരജി നല്‍കിയ മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫക്ക് വേണ്ടി ഹാജരായ അഡ്വ. അബ്ദുല്‍ കരീം വാദിച്ചു.
  • കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈകോടതിയിലെ അഭിഭാഷകയായ അഡ്വ. അഞ്ജുവിനുവേണ്ടി ഹാജരായ അഡ്വ. പിങ്കു തളിയത്ത് വാദിച്ചു. കേസില്‍ വിടുതല്‍ ഹരജികള്‍ നല്‍കിയ മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാറിനുവേണ്ടി അഡ്വ. സി.എസ്. സുകുമാരന്‍ ഹാജരായി. വകുപ്പ് സെക്രട്ടറിമാരായിരുന്ന സഖറിയാമാത്യു, പി.ജെ. തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കുവേണ്ടി യഥാക്രമം സത്യനാഥമേനോന്‍, ജയകൃഷ്ണന്‍, എ. രാജീവ് എന്നിവര്‍ ഹാജരായി.
  • മേയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അല്‍ഫോന്‍സ്കണ്ണന്താനത്തിന്‍െറ വാദം തുടരും.

No comments:

Post a Comment