Monday, April 23, 2012

മുസ്ലിം ലീഗ് തീവ്രവാദ സംഘടനയാകുന്നു: പിണറായി


M
 മുസ്ലിം ലീഗ് മെല്ലെമെല്ലെ തീവ്രവാദ വിഭാഗമായി മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലീഗിനകത്ത് കടന്നുകൂടുന്ന തീവ്രവാദികളെ തള്ളിപ്പറയാനുള്ള ശേഷി നേതൃത്വത്തിനില്ല. മാത്രമല്ല ഇവരെ സംരക്ഷിക്കുന്ന നയമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പഞ്ചദിന സത്യഗ്രഹം പാളയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണം നടക്കുന്നില്ല. സാമുദായിക വികാരം ഇളക്കിവിടാനുള്ള ശ്രമമാണ് ഭരണക്കാര്‍ നടത്തുന്നത്. കേരളത്തില്‍ ഇതുവരെ കാണിക്കാത്ത ഹുങ്കാണ് ലീഗ് പ്രകടിപ്പിക്കുന്നത്. ലീഗിന്റെ ഹുങ്കിന് കോണ്‍ഗ്രസ് നേതൃത്വം അടിയറ പറഞ്ഞിരിക്കുകയാണ്. ഇതിന്റെ ഫലമായി സാമുദായിക സന്തുലിതാവസ്ഥ തകര്‍ന്നു. മന്ത്രിസഭയിലെ ഒരു നായര്‍ വിഭാഗക്കാരന് ആഭ്യന്തരവും ഈഴവനെ കണ്ടെത്തി റവന്യൂവകുപ്പും നല്‍കിയാണ് ഉമ്മന്‍ചാണ്ടി പ്രശ്നപരിഹാരം കണ്ടത്.

കത്തികാട്ടിയാണ് ലീഗ് അഞ്ചാംമന്ത്രിസ്ഥാനം നേടിയത്. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കേണ്ടെന്നായിരുന്നു കെപിസിസി നേതൃത്വവും ഹൈക്കമാന്‍ഡും തീരുമാനിച്ചിരുന്നത്. പിന്നീട് ഉമ്മന്‍ചാണ്ടിയും സോണിയ ഗാന്ധിയും ആന്റണിയും ചര്‍ച്ച നടത്തിയാണ് പുതിയ തീരുമാനത്തിലെത്തിയത്. ആന്റണിയോട് ആലോചിക്കാതെ സോണിയ ഗാന്ധി തീരുമാനമെടുക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മന്ത്രിസഭയിലെ വകുപ്പുകള്‍ വച്ചുമാറി നായര്‍ സമുദായത്തേയും ഈഴവ സമുദായത്തേയും തൃപ്തിപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഉമ്മന്‍ചാണ്ടി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ലീഗാണ് പലസ്ഥത്തും വകുപ്പ് കൈകാര്യം ചെയ്തത്. അധികാരം കയ്യിലുള്ളപ്പോള്‍ എന്തും കാണിക്കാം എന്ന ഹുങ്കാണ് ലീഗുകാര്‍ക്കുള്ളത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെപ്പോലും സംരക്ഷിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ലീഗ്. ഒരു സമ്മേളനം പോലും അവര്‍ക്ക് നടത്താനാവുന്നില്ല. കാസര്‍കോട് കൂട്ടത്തല്ല് നടന്നു, കണ്ണൂരില്‍ പികെകെ ബാവയെ കയ്യേറ്റം ചെയ്തെന്നാണ് വിവരം. യുഡിഎഫ് ഭരണത്തില്‍ കാര്‍ഷിക മേഖല തകര്‍ന്നെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ കാലത്ത് തുടച്ചുമാറ്റപ്പെട്ട കര്‍ഷക ആത്മഹത്യകള്‍ യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment