കൊല്‍ക്കത്ത: ഭൂപ്രഭുക്കള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ഭൂമി വാങ്ങികൂട്ടാനും ഇഷ്ടംപോലെ മറിച്ചുവില്‍ക്കാനും അവകാശം നല്‍കുന്ന നിയമം പശ്ചിമബംഗാള്‍ നിയമസഭ പാസാക്കി. ചെറുകിട, ഇടത്തരം കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭൂപരിഷ്കരണ നിയമത്തിലെ കാതലായ ഭാഗങ്ങളാണ് മമത സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. രാജ്യത്തിന് മാതൃകയായി കൃഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ച്് ഇടതുമുന്നണി ഭരണത്തില്‍ മൂന്നര ദശാബ്ദമായി നിലനിന്ന ഭൂപരിഷ്കരണത്തിന്റെ അടിത്തറ ഇളക്കുന്ന നിയമമാണ് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ പാസ്സാക്കിയത്. ചര്‍ച്ചയ്ക്ക് വേണ്ടത്ര സമയംപോലും അനുവദിക്കാതെയായിരുന്നു നടപടി. വ്യാവസായിക ആവശ്യത്തിന് ഭൂമി ലഭിക്കുന്നില്ലെന്നും വ്യവസായികള്‍ക്ക് നേരിട്ട് ഭൂമിവാങ്ങുന്നത് എളുപ്പമാക്കാന്‍ വേണ്ടിയുമാണ് ഭൂപരിഷ്ക്കരണനിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് വ്യവസായമന്ത്രി പാര്‍ത്ഥാചാറ്റര്‍ജി പറഞ്ഞു. വ്യവസായ വികസനത്തിനുവേണ്ടി ഇടതുമുന്നണി ഭരണത്തില്‍ സിംഗൂരില്‍ ഭൂമി ഏറ്റെടുത്തതിനെതിരെ അക്രമസമരം സംഘടിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുംചെയ്ത മമതയും തൃണമൂല്‍ കോണ്‍ഗ്രസുമാണ്് ഇപ്പോള്‍ വ്യവസായ സ്നേഹത്തിന്റെ പേരില്‍ ഭൂപരിഷ്കരണം അട്ടിമറിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഭൂമി വാങ്ങുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും മമത സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇടതുമുന്നണി ഭരണത്തില്‍ വ്യവസായികാവശ്യത്തിന് സര്‍ക്കാരിന് മാത്രമേ ഉടമകളില്‍നിന്നും ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. ഏറ്റെടുത്തു നല്‍കുന്ന ഭൂമി വ്യവസായ ആവശ്യത്തിന് മൂന്നുവര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് തിരിച്ചുപിടിക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. ഭൂവുടമകള്‍ക്ക് ന്യായവില ലഭിക്കുംവിധം, ഏറ്റെടുക്കുന്ന ഭൂമിയുടെ വില തീരുമാനിക്കുന്നത് ഭൂപരിഷ്കരണ വകുപ്പായിരുന്നു. എന്നാല്‍, പുതിയ നിയമപ്രകാരം ആര്‍ക്കും നേരിട്ട് എത്ര ഭൂമിയും വാങ്ങാം. ഭാവി വികസനത്തിന്റെ പേരിലും ഇഷ്ടംപോലെ ഭൂമി വാങ്ങിക്കൂട്ടുകയും എത്ര കാലം വേണമെങ്കിലും സൂക്ഷിക്കുകയും മിറച്ച് വില്‍ക്കുകയുംചെയ്യാം. ഒരാള്‍ക്ക് കൈവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധിയും വന്‍തോതില്‍ വര്‍ധിപ്പിച്ചു. വ്യവസായികയിതര ആവശ്യത്തിനുമുമ്പ് ഉണ്ടായിരുന്ന പരമാവധി ഏഴര എക്കര്‍ പരിധി 24 ഏക്കറായി ഉയര്‍ത്തി. വ്യവസായത്തിന് ഒരു പരിധിയുമില്ല. ഇത് റിയല്‍ എസ്റ്റേറ്റ് മാഫിയ തഴച്ചുവളരുന്നതിനും വീണ്ടും ജമീന്താര്‍വാഴ്ചയും ഭൂപ്രഭുത്വവും ഉടലെടുക്കുന്നതിനും വഴിയൊരുക്കും. ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യം തകര്‍ക്കുന്നതാണ് പുതിയ നിയമമെന്ന് മുന്‍ ഭൂപരിഷ്കരണമന്ത്രിയും ഇടതുമുന്നണി ചീഫ് വിപ്പുമായ അബ്ദുള്‍ റസ്സാക്ക് മൊള്ള പറഞ്ഞു.
No comments:
Post a Comment