- മുഖ്യമന്ത്രിയാണെങ്കില്‍ പോലും 'തങ്ങളുടെ മണ്ഡലത്തില്‍' കാലു കുത്താന്‍ അനുവദിക്കില്ലെന്ന് ഒരു സമുദായ നേതാവ്, ആഭ്യന്തര മന്ത്രി അങ്ങോട്ടു ചെന്നു കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ ഇങ്ങോട്ടു വരേണ്ടെന്നു തിട്ടൂരമിറക്കിയ സമുദായ ഉന്നതന്‍, സ്വസമുദായത്തിലെ എം.എല്‍.എമാരെ വിളിച്ചുവരുത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ വേറെ...
- കേരള രാഷ്‌ട്രീയത്തെ സമുദായനേതൃത്വങ്ങള്‍ കൈപ്പിടിയിലാക്കുകയാണ്. അവരെ ഏതു വിധേനയും പ്രീണിപ്പിക്കാനായി രാഷ്‌ട്രീയ നേതാക്കള്‍ പിന്നാലെ കെഞ്ചി നടക്കുന്നു. പിന്നാലെ കൂടുന്ന നേതാക്കളുടെ എണ്ണവും ദൈന്യതയും കൂടുന്നതിനനുസരിച്ച് താന്‍പോരിമ കാട്ടാന്‍ കിട്ടുന്ന ഒരവസരം പോലും സമുദായ നേതാക്കള്‍ കൈവിടുന്നില്ല. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഇവര്‍ക്കു 'മസിലു പിടിക്കാനുള്ള' സുവര്‍ണാവസരമാണ്.
- ഇതെല്ലാം കണ്ട് സഹികെട്ടാണ്, 'കേരളത്തിലെ ജനങ്ങളോടു യാതൊരു ഉത്തരവാദിത്തവും പറയേണ്ടാത്ത, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ലാത്ത ബാഹ്യശക്‌തികള്‍ രാഷ്‌ട്രീയത്തില്‍ അനാവശ്യ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നു' എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അടുത്തിടെ തുറന്നടിച്ചത്.
- നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ സമുദായനേതാക്കള്‍ സടകുടഞ്ഞ് എണീറ്റിരിക്കുന്നു. മുഖ്യമന്ത്രിയെ നെയ്യാറ്റിന്‍കരയില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നായിരുന്നു നാടാര്‍ സമുദായ പ്രാതിനിധ്യമുള്ള വി.എസ്.ഡി.പിയുടെ പ്രഖ്യാപനം. നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ്. യോഗത്തിനു പോകാതെ മുഖ്യമന്ത്രി കീഴടങ്ങി. തൊട്ടുപിന്നാലെ, കെ.പി.സി.സി. പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയ നേതാവിന്റെ പടിവാതില്‍ക്കലെത്തി.
- നെയ്യാറ്റിന്‍കരയില്‍ ഇടഞ്ഞുനിന്ന എല്ലാ സമുദായ നേതാക്കളെയും നേരില്‍കണ്ട് അനുനയിപ്പിക്കുകയായിരുന്നു കെ.പി.സി.സി. പ്രസിഡന്റിന്റെ ലക്ഷ്യം. ഭീഷണിപ്പെടുത്തിയ എല്ലാവരെയും സുഖിപ്പിച്ച് അവര്‍ പറഞ്ഞതൊക്കെ അംഗീകരിച്ചുകൊടുക്കാമെന്ന ഉറപ്പു നല്‍കിയാണ് നേതാക്കള്‍ മടങ്ങിയത്.
- മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്‌ഥാനം നല്‍കിയപ്പോഴാണ് നാടാര്‍ സമുദായത്തെ തഴഞ്ഞെന്നു പറഞ്ഞ് വി.എസ്.ഡി.പി. ഇടഞ്ഞത്. ലീഗ് അഞ്ചാം മന്ത്രിസ്‌ഥാനം നേടിയതു തന്നെ സമുദായത്തിന്റെ പേരുപറഞ്ഞായിരുന്നു. സമുദായ സംഘടനകളുടെ ഏറ്റവും മോശമായ മുഖമാണ് അഞ്ചാംമന്ത്രി വിവാദത്തെത്തുടര്‍ന്നു കേരളം കണ്ടത്. ഈ തര്‍ക്കം കേരള സമൂഹത്തെ പലതായി വിഭജിക്കുകയായിരുന്നു. ഒരു മന്ത്രിയെക്കൂടി നേടിയെടുക്കാനായി തര്‍ക്കത്തെ ആദ്യം വര്‍ഗീയവത്‌കരിച്ചു. പുതിയ മന്ത്രി യാഥാര്‍ഥ്യമായപ്പോള്‍ അതും വര്‍ഗീയവത്‌കരിക്കപ്പെട്ടു.
- ഈ പ്രശ്‌നത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രിക്കു സന്ദര്‍ശനാനുമതി നിഷേധിച്ചുകൊണ്ടാണ് എന്‍.എസ്.എസ്. നേതൃത്വം തിരിച്ചടിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാനും എന്‍.എസ്.എസ്. ഒരുമ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് എസ്.എന്‍.ഡി.പിയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നതു മറക്കാറായിട്ടില്ല.
- പിറവം ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാനേതൃത്വങ്ങള്‍ സര്‍ക്കാരിനെയും രണ്ടു മുന്നണികളെയും മുള്‍മുനയില്‍ നിറുത്താന്‍ കിട്ടിയ ഒരവസരവും കൈവിട്ടില്ല. പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അവര്‍ സര്‍ക്കാരിനെയും രാഷ്‌ട്രീയ നേതൃത്വത്തേയുമാണു പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
- ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കാനും സര്‍ക്കാരിന് താക്കീത് നല്‍കാനുമായി കഴിഞ്ഞ ദിവസം ജനപ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും തങ്ങളുടെ ആസ്‌ഥാനത്താണ് യാക്കോബായ സഭാ നേതൃത്വം വിളിച്ചുവരുത്തിയത്.
- കോലഞ്ചേരി പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയെ പരസ്യമായാണ് പലതവണ അപമാനിച്ചത്. ഇതിനു മുമ്പ് ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട എം.എല്‍.എമാരെ സഭാനേതൃത്വം വിളിച്ചുവരുത്തി ശാസിച്ചിരുന്നു. സഭയ്‌ക്ക് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ലെന്നായിരുന്നു കുറ്റച്ചാര്‍ത്ത്. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ലെന്ന്‌ു സഭാനേതൃത്വം മുന്നറിയിപ്പു നല്‍കുകയും ചെയ്‌തിരുന്നു. ഇരുമുന്നണിയിലായി നിലനിന്നിരുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം മറന്ന് ഒന്നിച്ചത് കത്തോലിക്ക സഭാനേതൃത്വത്തിന്റെ ആവശ്യപ്രകാരമായിരുന്നു.
- അഞ്ചാം മന്ത്രിക്കാലത്തു കണ്ടതുപോലെ ഏറ്റവും മോശമായ സംഭവം അരങ്ങേറിയത് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്നും അതിനുശേഷം സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തിലുമായിരുന്നു. അന്നുമുതല്‍ ഏറ്റവും തീവ്രമായ നിലപാടുകളിലാണ് സാമുദായിക നേതൃത്വങ്ങള്‍ നിലകൊള്ളുന്നത്.
|
No comments:
Post a Comment