കൊല്‍ക്കത്ത: മമതാ ബാനര്‍ജിയെക്കുറിച്ച് ഫോട്ടോ കാര്‍ട്ടൂണ്‍ ഒരുക്കിയതിന്റെ പേരില്‍ ജാദവപൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ മര്‍ദിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തതിനെതിരെ ബംഗാളിലൊട്ടാകെ പ്രതിഷേധം അലയടിക്കുന്നു. മഹാപത്രയെ മര്‍ദിച്ചതിന് നാല് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തെങ്കിലും ഉടന്‍ വിട്ടയച്ചു. തൃണമൂലുകാരുടെ ആക്രമം ഭയന്ന് മഹാപത്ര പൊലീസ് സംരക്ഷണം തേടി. ബംഗാളി പുതുവര്‍ഷ ദിനമായ (പൊയ്ല ബൈഷാക്ക്) ശനിയാഴ്ച കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. ജാദവപൂര്‍ സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും വായ് മൂടികെട്ടി പ്രതിഷേധപ്രകടനം നടത്തി. പ്രമുഖപത്രങ്ങളെല്ലാം അറസ്റ്റിനെതിരെ എഡിറ്റോറിയല്‍ എഴുതി. തെരഞ്ഞെടുപ്പിന് മുമ്പ് മമതയെ അനുകൂലിച്ച കലാ സാസ്കാരികപ്രവര്‍ത്തകര്‍ ഒന്നടങ്കം അവര്‍ക്കെതിരെ രംഗത്തിറങ്ങി. മഹാപത്രയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണന്ന് ബിനായക് സെന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാനാകില്ല. മമതാ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ തുടരുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കലാ സാസ്കാരികരംഗത്തെ പ്രമുഖര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ കോണ്‍ഗ്രസും അറസ്റ്റിനെതിരെ രംഗത്തെത്തി. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം നിഷേധിക്കുന്ന നടപടിയോട് കോണ്‍ഗ്രസ് ഒരിക്കലും യോജിക്കില്ലെന്ന് പിസിസി പ്രസിഡന്റ് പ്രദീപ് ഭട്ടാചര്യ പറഞ്ഞു. ദിനേശ് ത്രിവേദിയെ റെയില്‍വേമന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കിയതിനെക്കുറിച്ച് ഫോട്ടോ കാര്‍ട്ടൂണ്‍ ഒരുക്കിയതിനാണ് മഹാപത്രയെ അറസ്റ്റുചെയ്തത്.
No comments:
Post a Comment