Saturday, April 21, 2012

കടല്‍ക്കൊല: 'സുഅ' പ്രയോഗിക്കാതെ കേന്ദ്രം പ്രതികള്‍ക്കു പഴുതൊരുക്കി




തൃശൂര്‍: കടല്‍ക്കൊല സംഭവത്തില്‍ പ്രസക്‌തമായ നിയമം പ്രയോഗിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കു രക്ഷപ്പെടാന്‍ പഴുതൊരുക്കി. സര്‍ക്കാര്‍ നിയമ സംവിധാനങ്ങളുടെ ഈ 'പിഴവ്‌' ആസൂത്രിതമാണെന്നാണ്‌ ഇന്നലെ സുപ്രീം കോടതിയില്‍ നടന്ന നാടകങ്ങളില്‍നിന്നു വ്യക്‌തമാകുന്നത്‌.

കടലില്‍ കൊലപാതകമോ സമാന സംഭവങ്ങളോ ഉണ്ടാകുമ്പോള്‍ 'സുഅ (എസ്‌.യു.എ.)' ആക്‌ടിലെ വകുപ്പുകള്‍ പ്രയോഗിക്കേണ്ടതാണ്‌. സമുദ്രാതിര്‍ത്തിയില്‍നിന്നു വളരെ ദൂരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കെതിരേ ഈ നിയമപ്രകാരം കുറ്റപത്രം നല്‍കിയാലേ നിലനില്‍പ്പുണ്ടാകൂ. ഇരകളുടെ അഭിഭാഷകര്‍ ഇതു കോടതികളില്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാരിന്റെ നിയമ സംവിധാനങ്ങള്‍ അനങ്ങിയില്ല.

ഇതുസംബന്ധിച്ച്‌ കേരളത്തിന്‌ ഉപദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. രാജ്യാന്തര പ്രാധാന്യമുള്ള കടല്‍ക്കൊലക്കേസ്‌ തുടക്കംമുതലേ കേരളത്തിന്റെ മാത്രം പ്രശ്‌നമായി കണക്കാക്കുകയായിരുന്നു കേന്ദ്രം. ഇറ്റാലിയന്‍ മന്ത്രിമാരെ ചര്‍ച്ചകള്‍ക്കായിനേരേ കേരളത്തിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തു.

ബ്രിട്ടീഷ്‌ കാലത്തെ അഡ്‌മിറല്‍റ്റി ഒഫന്‍സസ്‌ (കൊളോണിയല്‍) ആക്‌ട്, 1849 ആധാരമാക്കിയാണ്‌ 2002ലെ സുഅ ആക്‌ട് (സപ്രഷന്‍ ഓഫ്‌ അണ്‍ലോഫുള്‍ ആക്‌ട്സ്‌ എഗന്‍സ്‌റ്റ് സേഫ്‌ടി ഓഫ്‌ മാരിടൈം നാവിഗേഷന്‍ ആന്‍ഡ്‌ ഫിക്‌സഡ്‌ പ്ലാറ്റ്‌ഫോം ഓണ്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ്‌ ആക്‌ട്). കുറ്റകൃത്യം നടന്നതിന്റെ ദൂരപരിധി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ അവസാന വാക്കാണ്‌ സുഅ നിയമം.

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്‌ സമീപകാലത്ത്‌ മറ്റൊരു കേസില്‍ ശക്‌തമായ നിയമങ്ങള്‍ പ്രയോഗിച്ച്‌ കടല്‍ക്കൊള്ളക്കാരെ കുടുക്കിയതാണ്‌. 'അലാന്‍ഡ്ര റെയിന്‍ബോ' എന്ന ജപ്പാന്‍ കപ്പല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പതിനഞ്ച്‌ ഇന്തോനീഷ്യന്‍ കടല്‍ക്കൊള്ളക്കാരെ മുംബൈയില്‍ വിചാരണ ചെയ്‌തു ശിക്ഷിച്ചിരുന്നു.

2003 ഫെബ്രുവരിയിലായിരുന്നു ഈ കേസ്‌ തീര്‍പ്പായത്‌. കൊള്ളക്കാര്‍ക്ക്‌ അന്ന്‌ ഏഴുവര്‍ഷം കഠിന തടവും 3000 രൂപ വീതം പിഴയുമാണു ലഭിച്ചത്‌. കുറ്റകൃത്യം നടന്നത്‌ 200 നോട്ടിക്കല്‍ മൈല്‍ പരിധിവരുന്ന എക്‌സ്ക്ലൂസീവ്‌ എക്കണോമിക്‌ സോണിലാണെങ്കില്‍പ്പോലും സുഅ നിയമത്തിലെ വകുപ്പുകള്‍ ബാധകമാണെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി. 

No comments:

Post a Comment