മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശൈലി മാറ്റണമെന്ന ആവശ്യവുമായി വിശാല ഐ ഗ്രൂപ്പ് രംഗത്ത്. നേതൃമാറ്റത്തിന് മുന്നോടിയായാണ് ഐ ഗ്രൂപ്പ് ഇക്കാര്യം ഉന്നയിക്കുന്നത്. എന്നാല്‍, അഞ്ചാംമന്ത്രി, വകുപ്പ് പുനഃസംഘടന എന്നിവയിലെല്ലാം തന്റെ നിലപാടിനെ ന്യായീകരിച്ച് എതിര്‍ചേരിയുടെ ആവശ്യം ഉമ്മന്‍ചാണ്ടി നിരാകരിച്ചു. സംഘര്‍ഷം രൂക്ഷമായതിനുമധ്യേ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ബുധനാഴ്ച വൈകിട്ട് അഞ്ചിന് ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച നടത്തും. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനുമുണ്ടാകും. കെ ബി ഗണേശ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ കത്തിനെപ്പറ്റി ചര്‍ച്ചചെയ്യാനാണ് യോഗം. പിള്ളയ്ക്കുപിന്നില്‍ എന്‍എസ്എസ് ഉണ്ടെന്നതാണ് കോണ്‍ഗ്രസിനെ വേവലാതിപ്പെടുത്തുന്നത്. പിള്ള പ്രശ്നത്തിനുശേഷം കോണ്‍ഗ്രസ് വിഷയവും ചര്‍ച്ചയാകും.
ഉമ്മന്‍ചാണ്ടി ശൈലി മാറ്റണമെന്ന ആവശ്യം യൂത്ത്കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കെ പി അനില്‍കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത് ചെന്നിത്തലയുമായുള്ള ആശയവിനിമയത്തിന് ശേഷമാണ്. കെപിസിസി നേതൃയോഗതീരുമാനത്തിന് വിരുദ്ധമായി മുസ്ലിംലീഗിന് അഞ്ചാംമന്ത്രിയെ കൊടുത്തത് അണയാത്ത കനലായി കോണ്‍ഗ്രസില്‍ കത്തുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ കെപിസിസി പ്രസിഡന്റിനോടുപോലും ആലോചിക്കാതെ പുനഃസംഘടിപ്പിച്ച ഉമ്മന്‍ചാണ്ടിയുടെ നടപടിയാണ് ശൈലിമാറ്റമെന്ന ആവശ്യത്തിന് പ്രേരണയായത്. ചെന്നിത്തലയുമായി ആലോചിച്ച് കാര്യങ്ങള്‍ നീക്കിവന്ന ശൈലി ഉമ്മന്‍ചാണ്ടി തെറ്റിച്ചതില്‍ ഹൈക്കാമാന്‍ഡിന് അനിഷ്ടമുണ്ട്. പക്ഷേ, മുഖ്യമന്ത്രിയെ കൈവിടാന്‍ ഇപ്പോള്‍ തയ്യാറല്ല. ഇരുനേതാക്കളും മുഖാമുഖം സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ വഴി കണ്ടെത്തണമെന്ന് എ കെ ആന്റണി രണ്ടുപേരോടും ആവര്‍ത്തിച്ചുപറഞ്ഞു. അതിന്റെയും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ബുധനാഴ്ചത്തെ കൂടിക്കാഴ്ച. പക്ഷേ, ഇനി തൊലിപ്പുറമേയുള്ള ഒത്തുതീര്‍പ്പേ ഉണ്ടാകൂ.
അഞ്ചാംമന്ത്രിയെ പിന്‍വലിച്ച് ഭരണം സുഗമമാക്കാന്‍ മുസ്ലിംലീഗ് സഹകരിക്കുക എന്ന നിര്‍ദേശം കോണ്‍ഗ്രസ് ഉന്നയിക്കണമെന്ന അഭിപ്രായം വി എം സുധീരനുണ്ട്. കെപിസിസി നേതൃയോഗം വിളിച്ചാല്‍ ഈ നിര്‍ദേശം സുധീരന്‍ മുന്നോട്ടുവയ്ക്കും. ഇതിന് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടാകുമെന്നാണ് എ സി ജോസിന്റെ ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം നല്‍കിയ സൂചന. അഞ്ചാംമന്ത്രിക്കുള്ള ലീഗിന്റെ അവകാശവാദം തെറ്റായിപ്പോയെന്ന് തെളിഞ്ഞെന്നാണ് ജോസ് പറഞ്ഞത്. ഇപ്പോള്‍ നടത്തിയ വകുപ്പുമാറ്റം റദ്ദാക്കുക, ആഭ്യന്തരം ആര്യാടന്‍ മുഹമ്മദിനെ ഏല്‍പ്പിക്കുക, സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കെ സി ജോസഫിനെ പിന്‍വലിക്കുക- തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിവേണം ഒത്തുതീര്‍പ്പുണ്ടാക്കാനെന്ന അഭിപ്രായത്തിലാണ് വിശാല ഐ ഗ്രൂപ്പ്. ഇതിനിടെ ഉമ്മന്‍ചാണ്ടി സൈന്യത്തിലെ പ്രധാന കമാന്‍ഡറായിരുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചെന്നിത്തല കരുത്തനായ കെപിസിസി പ്രസിഡന്റാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത് അദ്ദേഹം മുഖ്യമന്ത്രിയുടെ ചേരി വിടുന്നതിന് മുന്നോടിയാണെന്ന് അഭ്യൂഹമുണ്ട്.
ലീഗ് അവകാശവാദം തെറ്റ്: എ സി ജോസ്
അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള മുസ്ലിം ലീഗിന്റെ അവകാശവാദം തെറ്റായെന്ന് കോണ്‍ഗ്രസ് നേതാവ് എ സി ജോസ്. അഞ്ചാംമന്ത്രി വിവാദം മന്ത്രിസഭയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. തൃശൂര്‍ പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക സംഘടനകള്‍ ഭരണത്തില്‍ നിരന്തരം ഇടപെടുന്നത് അപകടകരമാണ്. മുന്നണിയിലെ ഒരു എംഎല്‍എയുള്ള ചെറിയ പാര്‍ടികള്‍പോലും കിട്ടിയ വകുപ്പുകള്‍ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയിരിക്കയാണെന്നും എഐസിസി അംഗമായ ജോസ് പറഞ്ഞു. അഞ്ചാം മന്ത്രിവിവാദത്തില്‍ മാത്രമല്ല, കൈവശമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലും മുന്‍കാലങ്ങളില്‍ പുലര്‍ത്തിയ വിശാലമനസ്കത ലീഗ് കൈവിട്ടു. കെപിസിസി യോഗ തീരുമാനം പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതിനാലാകാം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment