Wednesday, April 25, 2012

പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍





പിറവം: യേശുക്രിസ്തുവിന്റെ ജന്മസമയത്ത് ആകാശത്തു പ്രത്യക്ഷപ്പെട്ട ദിവ്യനക്ഷത്രത്തെ പിന്തുടര്‍ന്നുചെന്ന് പൊന്നും, മീറയും, കുന്തിരക്കവും, കാഴ്ചവച്ച മൂന്നു ജ്ഞാനികളിലൊരാള്‍ ഭാരതീയനായിരുന്നുവെന്ന് പ്രസിദ്ധമാണല്ലോ. ആ ആള്‍ പിറവത്ത് പാഴൂര്‍ പടിപ്പുരയിലെ അംഗമായിരുന്നുവെന്ന് ഐതിഹ്യമുണ്ട്. യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന 'പിറവി'കണ്ട രാജാക്കളുടെ നാട് ലോപിച്ചാണ് 'പിറവം' ആയതെന്നും, കുന്നിന്‍ പുറത്തിരിക്കുന്ന പള്ളിയുടെ സ്ഥാനത്തെ പരാമര്‍ശിക്കുന്ന 'വ്രത്ത്' എന്ന വാക്കാണ് പിറവമായി രൂപാന്തരപ്പെട്ടതെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്.
പിറവം പള്ളിക്കവലയിലെ
അഞ്ചു നിലകളുള്ള കുരിശു
പള്ളി   
പിറവത്ത് പതിനൊന്നു ക്രൈസ്തവദേവാലയങ്ങളും എട്ടു ക്ഷേത്രങ്ങളുമുണ്ട്. പുരാതനവും പ്രസിദ്ധവുമായ ഇന്ന് കാണുന്ന പള്ളി പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ ക്രിസ്ത്വാബ്ദം അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്ന് ചരിത്രം. പള്ളിയോടു ചേര്‍ന്നു തന്നയാണ് പിഷാരുകോവില്‍  ദേവിക്ഷേത്രവും. ഒരേപുരയിടത്തില്‍ തന്നെ പള്ളിയും ക്ഷേത്രവും സ്ഥിതിചെയ്യുന്നത് അത്യപൂര്‍വ്വമാണ്. പിറവത്തെ ജനങ്ങളുടെ മതസൌഹാര്‍ദ്ദ പ്രതീകമാണിത്. കീര്‍ത്തികേട്ട പാഴൂര്‍കണിയാന്‍മാരുടെ പടിപ്പുര പിറവത്താണ്. ഐതിഹ്യപ്രസിദ്ധനായ കാക്കശ്ശേരി ഭട്ടതിരിയുടെ ആസ്ഥാനം പിറവത്തുനിന്ന് 12 മൈലകലെ ഓണക്കൂറായിരുന്നു.
ഉണ്ണിയേശുവിനെ കണ്ടു സമ്മാനങ്ങളര്‍പ്പിച്ചു വന്ദിച്ച രാജാക്കന്‍മാര്‍ നാട്ടില്‍ മടങ്ങിയെത്തി സ്ഥാപിച്ചതാണ് ഈ ദൈവാലയം എന്നു കരുതപ്പെടുന്നു. തങ്ങള്‍ വണങ്ങിയ ദിവ്യപൈതലിന്റെ രൂപമാണ് അവര്‍ പള്ളിയില്‍ പ്രതിഷ്ഠിച്ചത്. ഐതിഹ്യം സത്യമെങ്കില്‍ ലോകത്തിലെ ആദ്യക്രൈസ്തവദേവാലയം പിറവം വലിയ പള്ളിയത്രെ! ഭാരതീയമായ പൂജാശൈലിയും അനുഷ്ഠാനവിധികളുമായിരുന്നു ദേവാലയത്തിന്റെ ആദ്യ കാലഘട്ടങ്ങളിലുണ്ടായിരുന്നത്.
ചാലശ്ശേരി തറവാട്ടിലെ കാരണവര്‍ പള്ളിയിലെത്തി ''അഞ്ചേകാലും കോപ്പും'' ഏറ്റുവാങ്ങുന്നു.

നാട്ടിലെ പ്രമുഖ ഹൈന്ദവ കുടുംബാംഗമായിരുന്ന ചാലശ്ശേരി പണിക്കരാണ് പള്ളി നിര്‍മ്മിക്കാന്‍ 40 സെന്റ് സ്ഥലം നല്‍കിയതെന്നു കരുതപ്പെടുന്നു. പള്ളി സ്ഥാപിച്ച രാജാക്കന്‍മാരുടെ പടത്തലവന്മാരായിരുന്നു ചാലശ്ശേരി കുടുംബക്കാരെന്നാണ് വിശ്വാസം. പള്ളിക്കായി നല്‍കിയ സ്ഥലം മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള  ചെറിയൊരു കുന്നായിരുന്നു. ശിലാസ്ഥാപനപ്പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ എട്ടിന് (കന്നിമാസം 23) ചാലശ്ശേരി തറവാട്ടിലെ കാരണവര്‍ പള്ളിയിലെത്തി ''അഞ്ചേകാലും കോപ്പും'' ഏറ്റുവാങ്ങി, രാജാക്കന്‍മാരെ തൊഴുതു മടങ്ങുന്നു.
വി. മദ്ബഹായിലെ ഏര്‍ത്താഴ്‌ 
പൌരാണികമായ ഈ പള്ളിയെ സമീപപ്രദേശങ്ങളിലുള്ള പല പള്ളികള്‍ തലപ്പള്ളിയായി അംഗീകരിച്ചിരുന്നു. ശില്‍പചാതുരിയാലും പള്ളി ശ്രദ്ധേയമാണ്. കൊത്തുപണികളും ചായക്കൂട്ടുകളും കൊണ്ടു സുന്ദരമാക്കിയ മദ്ബഹായില്‍ പിന്നീട് ദാരുശില്‍പങ്ങള്‍ കൂട്ടിച്ചേര്‍ത്തു പൂര്‍ണ്ണിമ വരുത്തിയിരിക്കുന്നു. മദ്ബഹായില്‍ തടിയില്‍ കൊത്തിയിരിക്കുന്ന 'എര്‍ത്താഴ്' 14-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണ്.
വി. രാജാക്കന്മാര്‍ ഉണ്ണിയേശുവിനെ 

പൊന്നും മൂരും കുന്തിരിക്കവും

വച്ച് വണങ്ങുന്ന പള്ളിയിലെ 

മദ്ബഹായില്‍ ഉള്ള  അത്യപൂര്‍വ്വ ചിത്രം  
വലിയപള്ളിയിലെ എണ്ണച്ചായ ചിത്രങ്ങള്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടേണ്ടതാണ്. സൃഷ്ടിമുതല്‍ അവസാന അത്താഴം വരെ രചിച്ചിരിക്കുന്ന ദേവാലയ ഭിത്തികളില്‍ പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള  വിവരങ്ങളും കാണാം. ഇവയ്ക്ക് 1500 ല്‍ ഏറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പുരാവസ്തുഗവേഷകരുടെ മതം. ആറടി വണ്ണമുള്ള കടല്‍ഭിത്തികളും വിസ്താരമേറിയ ആനവാതിലും, വാതായനങ്ങളും പള്ളിയുടെ പ്രൌഢമായ പാരമ്പര്യം വ്യക്തമാക്കുന്നു.
പള്ളിയെചുറ്റി പല ഐതിഹ്യങ്ങളുമുണ്ട്. ദേവാലയത്തിന്റെ പടിഞ്ഞാറ് മൂവാറ്റുപുഴയാറില്‍നിന്ന് പള്ളിയുടെ അടിഭാഗത്തേക്ക് ഒരു ഗുഹയുണ്ട്. അവിടെ അത്ഭുതസിദ്ധികളുള്ള ഒരു ആമയും വലിയൊരു മത്സ്യവും പാര്‍ത്തിരുന്നതായി പറയുന്നു. ദേവാലായത്തില്‍  'കാസയും പീലാസയും എഴുന്നള്ളിക്കുമ്പോള്‍' പള്ളിക്കയത്തില്‍ ഒരു വിശേഷമത്സ്യം പൊങ്ങിവന്ന് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുമായിരുന്നത്രെ.
പണ്ഡകശാല കുത്തകയുണ്ടായിരുന്ന കാലത്ത് കുത്തകക്കാരുടെ  ദൃഷ്ടിയില്‍ കുരുമുളകു നെല്ലായതും, ചെങ്കോല്‍ ഉയര്‍ത്തിനില്‍ക്കുന്ന രാജാക്കന്‍മാരുടെ സന്നിധിയില്‍ തസ്കര പ്രമാണിയുടെ ശ്രമങ്ങള്‍ വിഫലമായതുമെല്ലാം ഏറെ പ്രചാരമുള്ള ഐതിഹ്യങ്ങളാണ്.
ഉദയംപേരൂര്‍ സുന്നഹദോസിന്റെ  കാലത്തുണ്ടായിരുന്ന 104 പള്ളികളില്‍ ഒന്നാണ് പിറവം വലിയ പള്ളി. സുന്നഹദോസിനു ശേഷം ഡോ. മെനേസിസ് മെത്രാന്‍ സന്ദര്‍ശിച്ച 77 പള്ളികളില്‍ പിറവവും ഉള്‍പ്പെടുന്നുവെന്നത് പള്ളിയുടെ ചരിത്രപ്രാധാന്യം വെളിവാക്കുന്നു. കൂനന്‍കുരിശു സത്യത്തിനു മുമ്പു മലങ്കര ക്രൈസ്തവര്‍ ഒരുമിച്ചാണ് വലിയ പള്ളിയില്‍ ആരാധന നടത്തിയിരുന്നത്. കൂനന്‍കുരിശു സത്യത്തിനു ശേഷം പിറവം പള്ളി മാര്‍ത്തോമ്മാ മെത്രാന്റെ കീഴില്‍ വന്ന 44 പള്ളികളില്‍ ഒന്നായി. വടക്കുംഭാഗക്കാരായ കത്തോലിക്കര്‍ 1821-ല്‍ വേറെ പള്ളി വച്ച് ഇടവകമാറിപ്പോയി. തെക്കുംഭാഗര്‍ വലിയ പള്ളിയില്‍ തന്നെ തുടര്‍ന്നു.
പെരുന്നാളുകള്‍
പിറവം വലിയപള്ളിയിലെ പെരുന്നാള്‍ ആദിമസഭയിലെ രാക്കുളി (ദനഹാ) പെരുന്നാളാണ്. വലിയ പള്ളിയിലെ വി. ദനഹാ പെരുന്നാളും കത്തോലിക്കാപള്ളിയിലെ വിശുദ്ധ രാജാക്കന്‍മാരുടെ പെരുന്നാളും പുതുവത്സരപ്പുലരിയില്‍ കൊടിയേറി ജനുവരി ആറിനു കൊടിയിറങ്ങുന്നതു വരെ പിറവം ജാതിമതഭേദമില്ലാതെ ഉത്സവ ലഹരിയിലാണ്.
ജനുവരി അഞ്ചിനു വൈകിട്ടും ആറിനും ആഘോഷപൂര്‍വ്വമായ പ്രദക്ഷിണങ്ങളുണ്ട്. അഞ്ചാം തീയതി വൈകിട്ട് പേപ്പതി ചാപ്പലില്‍  നിന്നാരംഭിക്കുന്ന പ്രദക്ഷിണം വഴിമദ്ധ്യേയുള്ള എട്ടു കുരിശടികളില്‍ ധൂപപ്രാര്‍ത്ഥനകള്‍ നടത്തി ബഹുവര്‍ണ്ണക്കൊടികളും, മുത്തുക്കുടകളും, പൊന്‍കുരിശുകളുമായി താളമേളങ്ങളോടെ അഞ്ചു മണിക്കൂറുകളോളമെടുത്താണ് വലിയ പള്ളിയില്‍ എത്തുക. വര്‍ണശബളിമയാലും ഭക്തിസാന്ദ്രതയാലും ഹൃദയഹാരിയായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നു. ആറാം തീയതി  വെള്ളം വാഴ്ത്തുന്നതുള്‍പ്പെടെ ദനഹാശുശ്രൂഷകളും, മൂന്നിന്‍മേല്‍കുര്‍ബ്ബാന, ഉച്ചപ്രദക്ഷിണം തുടങ്ങിയവയും പ്രധാന ചടങ്ങുകളാണ്.
ഈസ്റ്റര്‍ ദിവസത്തില്‍ പൈതല്‍ നേര്ച്ച കഴിക്കുന്നതിനായി പള്ളിയില്‍ എത്തിയ വിശ്വാസികളുടെ തിരക്ക്.
ഈസ്റ്ററിനു പഴയപള്ളിയില്‍ നടത്തുന്ന പന്ത്രണ്ടു പൈതങ്ങളുടെ നേര്‍ച്ചയില്‍ ജാതിമതഭേദമെന്യേ ലക്ഷങ്ങള്‍ പങ്കെടുക്കുന്നു. മൂന്നു നോമ്പു വീടലിനും ക്രിസ്മസിനും പൈതല്‍ നേര്‍ച്ചയുണ്ട്. അപ്പം, പഴം, പിടി, ഇറച്ചി തുടങ്ങിയ വിഭവങ്ങളെല്ലാമുള്‍പ്പെടുന്ന സദ്യയാണ് പൈതങ്ങള്‍ക്കു വിളമ്പുന്നത്. ചിലപ്പോള്‍ മൂന്നു കുട്ടികള്‍ക്കായും നേര്‍ച്ച നടത്താറുണ്ട്.
മലങ്കരയിലെ ക്രിസ്തീയ ദേവാലയങ്ങളുടെ മുന്‍നിരയിലുള്ള വലിയപള്ളി 'വിശുദ്ധ രാജാക്കന്‍മാരുടെ നട' എന്ന പേരില്‍ അക്രൈസ്തവരുടെ ഇടയിലും പ്രസിദ്ധമാണ്. പൌരാണികത്വം, ഇടവകാംഗങ്ങളുടെ എണ്ണം, ധനശേഷി, ഐശ്വര്യാനുഗ്രഹങ്ങള്‍, പ്രശസ്തി, ഭൂപ്രകൃതി തുടങ്ങിയവയിലെല്ലാം പിറവം വലിയപള്ളി മുന്‍നിരയിലാണ്.മൂവായിരത്തോളം കുടുംബങ്ങളിലായി പാതിനയ്യായിരത്തിലധികം വിശ്വാസികളാണ് ഇടവകയിലുള്ളത്. ഒന്‍പതു ചെറിയ പള്ളികളും 10 കുരിശടികളും പള്ളിയുടെ കീഴിലുണ്ട്.
പിറവം കലണ്ടര്‍
പള്ളിയുടെ തെക്കേ ത്രോണോസിന്റെ തെക്കേ ഭിത്തിയില്‍ പെരുന്നാളുകളുടെ ഒരു പട്ടിക കാണാം. ഇതാണ് 'പിറവം കലണ്ടര്‍' എന്ന പ്രസിദ്ധമായിരിക്കുന്നത്. ഏതാനും ശതകങ്ങള്‍ക്കു മുമ്പ് സുറിയാനിസഭയില്‍ നിലവിലിരുന്ന പെരുന്നാളുകളെക്കുറിച്ച് മനസ്സിലാക്കാന്‍  ഈ പട്ടിക ഏറെ സഹായകമാകുന്നു. 36 പെരുന്നാളുകളാണ് തീയതി മുറയ്ക്ക് പിറവം കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളമാസവും തീയതികളും (മലയാള അക്കങ്ങളില്‍) കലണ്ടറില്‍ ഉപയോഗിച്ചിരുന്നു. മകരം മുതല്‍ ധനുവരെയാണ്  തീയതികളില്‍ കൊടുത്തിരിക്കുന്നത്.
മാറാനായപ്പെരുന്നാളുകള്‍ ഒഴികെ കര്‍ത്താവിന്റെ ചേലാകര്‍മ്മവും, മാര്‍ബസേലിയോസിന്റെയും, മാര്‍ ഗ്രിഗോറിയോസിന്റെയും പെരുന്നാള്‍ (മകരം 1), കര്‍ത്താവിന്റെ മാമോദീസാ (മകരം 6), കര്‍ത്താവിനെ ഒറശ്ളേം പള്ളിയില്‍ കാഴ്ചവച്ചത് (കുംഭം 2), പരിശുദ്ധ കന്യാമാതാവിനെ ഗബ്രിയേല്‍ മാലാഖ തിരുവിഷ്ടം അറിയിച്ചത് (മീനം 25), താബോര്‍ മലയില്‍ ദൈവസുഖം വെളിച്ചമാക്കിയത് (ചിങ്ങം 6), തിരുപ്പിറവി (ധനു 25) തുടങ്ങിയവ കലണ്ടറില്‍ കാണാം.

No comments:

Post a Comment