ലീഗിന്റെ അഞ്ചാംമന്ത്രിയുടെ പേരില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കെ സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദും വി എം സുധീരനും പി സി ചാക്കോയും പി ടി തോമസും പ്രശ്നത്തില്‍ പരസ്യപ്രതികരണങ്ങള്‍ തുടര്‍ന്നതോടെ കോണ്‍ഗ്രസും ലീഗും അങ്കലാപ്പിലായി. അഞ്ചാംമന്ത്രി പദവിയും വകുപ്പുമാറ്റവും കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് പാരമ്യത്തിലെത്തിച്ചിരിക്കയാണ്. ഐ ഗ്രൂപ്പ് ഒന്നാകെ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനിടെ, എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ആര്യാടന്റെ വിമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി. ഇതിനൊപ്പം ഘടകകക്ഷികളിലും ഉണ്ടായ പ്രതിഷേധങ്ങള്‍ യുഡിഎഫ് മുന്നണിയെയാകെ കുഴപ്പത്തിലാക്കി. രാജ്യസഭാസീറ്റ് തര്‍ക്കം കേരളകോണ്‍ഗ്രസിലും, കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്ന നേതൃത്വത്തിന്റെ തീരുമാനം ലീഗിലും അസംതൃപ്തി പടര്‍ത്തിയിട്ടുണ്ട്. ഇതിനിടെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുറത്താക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും ഇതേക്കുറിച്ച് ഹൈക്കമാന്‍ഡ് അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പി ടി തോമസ് എം പി ആവശ്യപ്പെട്ടു. എന്നാല്‍, ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വെളിപ്പെടുത്തണമെന്ന് ചെന്നിത്തലയുടെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എയും ആവശ്യപ്പെട്ടു. ഈ പ്രസ്താവനയിലെ അപകടം മണത്ത ഉമ്മന്‍ചാണ്ടി പിന്നീടിത് തിരുത്തി. അങ്ങനെ ഒരു ഗൂഢാലോചനയും നടക്കുന്നില്ലെന്നും പാര്‍ടിയില്‍ നിന്ന് നല്ല പിന്തുണയാണ് കിട്ടുന്നതെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു. കെപിസിസി നിര്‍വാഹകസമിതി വിളിച്ച് ഉടന്‍ പ്രശ്നം ചര്‍ച്ച ചെയ്തില്ലെങ്കില്‍ എല്ലാ കാര്യവും പരസ്യമായി വിളിച്ചുപറയുമെന്ന് വി എം സുധീരന്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുമായി ആലോചിച്ച് നിര്‍വാഹകസമിതി ഉടന്‍ വിളിക്കുമെന്ന് ഇതിനു മറുപടിയായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് തീരുമാനമെടുത്തത് കെപിസിസി എക്സിക്യൂട്ടീവ് ചേര്‍ന്നല്ലെന്ന് പി സി ചാക്കോ എംപി പറഞ്ഞു. കെപിസിസി നയരൂപീകരണസമിതി ഇല്ലാതായതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ചാക്കോ പറഞ്ഞു. "രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് ചാനലില്‍ പറഞ്ഞ ഒരുത്തന് ഭ്രാന്താണെന്ന്" ആര്യാടന്‍ മലപ്പുറത്ത് പറഞ്ഞു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞത്. ലീഗ് നേതൃത്വത്തെയാകെ ആക്ഷേപിച്ചും പരിഹസിച്ചും ആര്യാടന്‍ നടത്തിയ പ്രസംഗത്തിനെതിരെ ലീഗിലും ശക്തമായ പ്രതിഷേധമുണ്ടായിട്ടുണ്ട്. സാമുദായികശക്തികളെ പ്രീണിപ്പിക്കാന്‍ മുഖ്യമന്ത്രി നടത്തിയ വകുപ്പുവിഭജനവും കൂനിന്‍മേല്‍ കുരുവായി. മാത്രമല്ല തിരുവഞ്ചൂര്‍ ഒഴികെയുള്ള മന്ത്രിമാര്‍ക്ക് പുതിയ വകുപ്പുകളില്‍ വലിയ താല്‍പ്പര്യവുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരില്‍ ഏറെയും പ്രതിസന്ധിയുടെ പേരിലും അല്ലാതെയും ഞായറാഴ്ച തലസ്ഥാനത്തുനിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രിയും മന്ത്രി തിരുവഞ്ചൂരും ഡല്‍ഹിക്ക് പോയി. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക്് പോയതെങ്കിലും കൂടുതല്‍ ഊന്നല്‍ നല്‍കുക കേരളത്തിലെ പ്രതിസന്ധിക്കായിരിക്കും. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് നേരത്തെ നിശ്ചയിച്ചതനുസരിച്ച് ചെന്നിത്തലയും തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ചര്‍ച്ച പ്രതിസന്ധിയിലേക്ക് വഴിമാറും.
No comments:
Post a Comment