തിരു: കോണ്‍ഗ്രസ് പ്രതിസന്ധി പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കെ കെപിസിസി നേതൃത്വത്തിനെതിരെ എഐസിസിക്ക് ഉമ്മന്‍ചാണ്ടി പരാതി നല്‍കി. അഞ്ചാംമന്ത്രിപ്രശ്നത്തിലും വകുപ്പുമാറ്റത്തിലും തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പരാതിപ്പെട്ടു. ഇതിനിടെ, ഗ്രൂപ്പുയുദ്ധം മറനീക്കിയതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍നീക്കവുമായി എ കെ ആന്റണി രംഗത്തുവന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരെയാണ് ഉമ്മന്‍ചാണ്ടി ഉന്നമിട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത നിലപാടുമായി മറുപക്ഷവും നീക്കം ശക്തമാക്കി. ചെന്നിത്തല രണ്ടുദിവസത്തിനുള്ളില്‍ ഡല്‍ഹിയിലെത്തി എഐസിസി നേതാക്കളെ കണ്ടേക്കും. അഞ്ചാംമന്ത്രിയെ നല്‍കിയതിനെതിരെ കെ മുരളീധരന്‍ എഐസിസിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി അഹമ്മദ് പട്ടേലിനെ കൂടാതെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളെയും സന്ദര്‍ശിച്ചു. സോണിയ ഗാന്ധിയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ദൂതനായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അയച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുവരെ പരസ്പരം ഏറ്റുമുട്ടല്‍ നിര്‍ത്തണമെന്ന് ആന്റണി നേതാക്കളെ ടെലിഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. വി എം സുധീരന്‍, ആര്യാടന്‍ മുഹമ്മദ്, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടങ്ങിയവരെ ആന്റണി തിങ്കളാഴ്ച ടെലിഫോണില്‍ ബന്ധപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം പിന്‍വലിക്കാന്‍ പി ടി തോമസ് എംപി തയ്യാറായിട്ടില്ല. ചെന്നിത്തലയുടെ മുഖ്യമന്ത്രിമോഹം നടക്കില്ലെന്നാണ് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ പി ടി തോമസ് ആരോപിച്ചത്. മുഖ്യമന്ത്രി ഇത് തള്ളിക്കളഞ്ഞെങ്കിലും ഗ്രൂപ്പിന്റെ അറിവോടെയാണ് ആരോപണമെന്ന് വ്യക്തം. ചെന്നിത്തലയ്ക്കുപുറമെ ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ എന്നിവരെയും ലക്ഷ്യമിട്ടാണ് ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെപിസിസി നിര്‍വാഹകസമിതി യോഗം വിളിച്ചാല്‍ വിഴുപ്പലക്കല്‍മാത്രമല്ല കൂട്ടയടിക്കും വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ യോഗം വിളിക്കുന്നതിനോട് കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും അനുകൂലമായ നിലപാടില്ല. നിര്‍വാഹകസമിതി വിളിച്ചില്ലെങ്കില്‍ അഭിപ്രായം പരസ്യമായി പറയുമെന്ന വി എം സുധീരന്റെ നിലപാട് കണക്കിലെടുക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍, സമിതിതന്നെ കാലഹരണപ്പെട്ടെന്നാണ് സുധീരനെ എതിര്‍ക്കുന്നവരുടെ അഭിപ്രായം. ഇതിനിടെ, കോണ്‍ഗ്രസില്‍ ഗൂഢാലോചന നടത്തുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്ന് മുതിര്‍ന്ന നേതാവ് ടി എച്ച് മുസ്തഫ കൊച്ചിയില്‍ പറഞ്ഞു. അഞ്ചാംമന്ത്രി വിവാദവും തുടര്‍ന്നുണ്ടായ കോലാഹലവും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നാണ് കെ മുരളീധരന്‍ എഐസിസിക്കു നല്‍കിയ പരാതി. ഞായറാഴ്ചതന്നെ മുരളി പരാതി അയച്ചെങ്കിലും കിട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല.
No comments:
Post a Comment