Monday, April 16, 2012

എന്‍.എസ്‌.എസിനെ സമാധാനിപ്പിക്കാന്‍ ആരും വരേണ്ട: സുകുമാരന്‍ നായര്‍‍




കോട്ടയം: എന്‍.എസ്‌.എസിനെ സമാധാനിപ്പിക്കാന്‍ ആരും പെരുന്നയിലേക്ക്‌ വരേണ്ടെന്ന്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അഞ്ചാം മന്ത്രി സ്‌ഥാനവും മന്ത്രിസഭാ പുനഃസംഘടനയും എന്‍.എസ്‌.എസ്‌ രാഷ്‌ട്രീയവല്‍ക്കരിക്കുന്നു എന്ന ലീഗിന്റെ അഭിപ്രായ പ്രകടനം അതിരുകടന്നതാണ്‌. ലീഗ്‌പ്രവര്‍ത്തകര്‍ എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തിനു മുന്നിലൂടെ നടത്തിയ ആഹ്ലാദപ്രകടനവും അതില്‍ വിളിച്ച മുദ്രാവാക്യങ്ങളും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതായിരുന്നു. ആ സമയത്തു പോലും സംഘടന സംയമനം പാലിച്ചിരുന്നു. അതിനാല്‍, ആരും സമാധാനിപ്പിക്കാന്‍ വരേണ്ടതില്ല എന്നും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

അഞ്ചാംമന്ത്രിസ്‌ഥാനം ഉള്‍പ്പെടെയുള്ള മന്ത്രിസഭാപുനഃസംഘടനയില്‍ എന്‍.എസ്‌.എസിന്‌ സമുദായ താല്‍പര്യങ്ങളില്ല. ലീഗിന്റെ അഞ്ചാംമന്ത്രി ആവശ്യത്തെ എന്‍.എസ്‌.എസ്‌. ചോദ്യം ചെയ്‌തിരുന്നില്ല.

ഭരണതലത്തില്‍ സാമുദായിക അസന്തുലിതാവസ്‌ഥ നിലനില്‍ക്കുമ്പോള്‍, അതേ അവസ്‌ഥയ്‌ക്ക് ആക്കം കൂട്ടത്തക്കവിധം മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാല്‍ വര്‍ഗീയമായ ചേരിതിരിവിന്‌ ഇടയാകും. അത്‌ മതേതര ജനാധിപത്യസങ്കല്‌പങ്ങളെ തകര്‍ക്കും. അതിനാല്‍, അസന്തുലിതാവസ്‌ഥ പരിഹരിച്ചുവേണം പുനഃസംഘടന നടത്തേണ്ടത്‌ എന്ന ആവശ്യമാണ്‌ എന്‍.എസ്‌.എസ്‌. മുന്നോട്ടുവച്ചത്‌.എന്നാല്‍, ഇക്കാര്യത്തില്‍ സംഭവിച്ചത്‌ ഭൂരിപക്ഷം ആഗ്രഹിച്ചതുപോലെയല്ല. എന്‍.എസ്‌.എസിനെ അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുന്‍ കൈയെടുക്കുമെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ജി.സുകുമാരന്‍ നായര്‍. 

No comments:

Post a Comment