കൊല്ലം: "പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ ആരുമില്ല. എന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരെ രക്ഷപ്പെടുത്താനാണ് രാജ്യം ഭരിക്കുന്നവര്‍ക്ക് താല്‍പ്പര്യം. ഞങ്ങടെ ജീവിതം വഴിമുട്ടി"- ഡോറയുടെ വാക്കുകള്‍ ഇടറി, കണ്ണുകള്‍ നിറഞ്ഞൊഴുകി. പപ്പയെ വെടിവച്ചുകൊന്ന ഇറ്റാലിക്കാര്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് മാറ്റിയത് കൊടുംവഞ്ചനയാണെന്ന് കൊല്ലപ്പെട്ട വാലന്റൈന്റെ മകന്‍ ഡെറിക്കും (18) പറഞ്ഞു. ഇറ്റാലിയന്‍ സൈനികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്നും സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് വെളിയിലാണെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഉന്നയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ഭര്‍ത്താവിനെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുമെന്ന കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ ഉറപ്പ് പാഴായെന്നും ഡോറ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി 28ന് സംഘടിപ്പിക്കുന്ന മനുഷ്യസാഗരത്തില്‍ കുടുംബസമേതം പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഒത്തുകളി ആസൂത്രിതം; ഗൂഢാലോചന വ്യക്തം
മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ സൈനികരുടെ മോചനം ഉറപ്പാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ഡല്‍ഹിയില്‍ അരങ്ങേറിയത് ആസൂത്രിത ഗൂഢാലോചന. കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വവും കേരള കോണ്‍ഗ്രസ് നേതൃത്വവും ഇറ്റാലിയന്‍ അധികൃതരും ഇതില്‍ സജീവ പങ്കാളികള്‍. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ വസതി കേന്ദ്രീകരിച്ച് തിരക്കിട്ട കൂടിയാലോചനകള്‍ നടന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആദ്യം കണ്ടത്. തുടര്‍ന്ന് വ്യാഴാഴ്ച മന്ത്രി കെ സി ജോസഫും നിയമമന്ത്രി കെ എം മാണിയും സോണിയയുമായി പ്രത്യേകം ചര്‍ച്ച നടത്തി. എന്തൊക്കെ ചര്‍ച്ചചെയ്തെന്ന് വിശദീകരിക്കാന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം കെ എം മാണി തയ്യാറായില്ലെന്നതും ശ്രദ്ധേയം. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം ആര്‍ രമേശ് ബാബുവിനെയാണ് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ചുമതലപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം രമേശ്ബാബു കോടതി രജിസ്ട്രാറെ കണ്ട് താനാണ് ഹാജരാകുന്നതെന്ന് അറിയിച്ചിരുന്നു. കേസില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ രമേശ്ബാബു തയ്യാറെടുക്കവെയാണ് അണിയറയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാടകീയ നീക്കങ്ങള്‍. സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റാന്‍ഡിങ്കൗണ്‍സല്‍ എം ടി ജോര്‍ജിനെ മന്ത്രി കെ എം മാണി കേരളഹൗസിലേക്ക് വിളിപ്പിച്ചു. കേസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കേസിന്റെ ചുമതല ജോര്‍ജിനെ ഏല്‍പ്പിച്ച് ദണ്ഡപാണിയുടെ സന്ദേശം വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പായി എത്തി. വെള്ളിയാഴ്ചപോലും കേസ് പഠിക്കുന്നതിന്റെ തിരക്കിലായിരുന്ന രമേശ്ബാബു കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് തന്നെ നീക്കിയ വിവരമറിഞ്ഞത്. അതേസമയം, പ്രത്യേക സത്യവാങ്മൂലമൊന്നും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര കപ്പല്‍കാര്യമന്ത്രാലയം അറിയിച്ചു. കോടതിയില്‍ എന്തു പറയണമെന്ന് അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടില്ലെന്ന് സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മന്ത്രാലയം ഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
No comments:
Post a Comment