Tuesday, April 24, 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍




ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വ്യക്തമായ തന്ത്രമാവിഷ്കരിക്കാനാവാതെ കോണ്‍ഗ്രസ് കുഴങ്ങുന്നു. സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് അംഗബലമില്ല. ബിജെപിയും ഇതേ അവസ്ഥയില്‍. ഇരുപാര്‍ടികളും നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്കും സ്വന്തം സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാവില്ല. ഇതോടെ ഇരുമുന്നണിയിലുമില്ലാത്ത പാര്‍ടികളുടെ പങ്ക് നിര്‍ണായകമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുകളുടെ ആകെ മൂല്യം 1098882 ആണ്. ലോക്സഭയിലെയും രാജ്യസഭയിലെയും 776 എംപിമാരും സംസ്ഥാന നിയമസഭകളിലെ 4120 എംഎല്‍എമാരുമാണ് വോട്ടര്‍മാര്‍. എംപിയുടെ വോട്ടിന്റെ മൂല്യം 708. എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം സംസ്ഥാനങ്ങളിലെ ജനസംഖ്യക്കനുസരിച്ച് മാറും. മൊത്തം വോട്ടുമൂല്യത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎക്ക് ലഭിക്കുന്നത് 460191 ആണ്. ഇത് മൊത്തം മൂല്യത്തിന്റെ 42 ശതമാനംമാത്രം. ലോക്സഭയിലും രാജ്യസഭയിലുമായി 277 എംപിമാരും സംസ്ഥാന നിയമസഭകളില്‍ 1177 എംഎല്‍എമാരുമുള്ള കോണ്‍ഗ്രസിന്റെ വോട്ടുമൂല്യം 330485. 28 എംപിമാരും 198 എംഎല്‍എമാരുമുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 48049 വോട്ടുമൂല്യമാണുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം തൃണമൂല്‍ നില്‍ക്കുമോ എന്ന് ഉറപ്പില്ല. തൃണമൂലിന്റെ വോട്ട് ഇല്ലെങ്കില്‍ യുപിഎയുടെ വോട്ടുമൂല്യം 412142 ആയി കുറയും. അപ്പോള്‍ മൊത്തം വോട്ടുമൂല്യത്തിന്റെ 37 ശതമാനംമാത്രം. 23850 വോട്ടുമൂല്യമുള്ള എന്‍സിപി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ല. എന്‍ഡിഎയുടെ വോട്ടുമൂല്യം 304785 ആണ്. 28 ശതമാനം വരും ഇത്. ബിജെപിക്ക് 163 എംപിമാരും 825 എംഎല്‍എമാരുമാണുള്ള ത്. ജെഡിയു, അകാലിദള്‍, ശിവസേന, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, അസം ഗണപരിഷത്ത്, ഹരിയാണ ജനഹിത് കോണ്‍ഗ്രസ് എന്നിവയാണ് എന്‍ഡിഎയിലെ മറ്റ് പാര്‍ടികള്‍. ഇതില്‍ ജെഡിയു നിലപാട് പ്രധാനം. അവര്‍ ബിജെപിക്കൊപ്പം നിന്നില്ലെങ്കില്‍ 42153 വോട്ടുമൂല്യത്തിന്റെ കുറവ് എന്‍ഡിഎയ്ക്കുണ്ടാകും. ഇടതു പാര്‍ടികളടക്കമുള്ള യുപിഎ ഇതര, എന്‍ഡിഎ ഇതര പാര്‍ടികള്‍ക്ക് 262408 വോട്ടുമൂല്യമുണ്ട് (24 ശതമാനം). ഇടതു പാര്‍ടികള്‍ക്ക് മാത്രമായി 51682 വോട്ടുമൂല്യം. സമാജ്വാദി പാര്‍ടി, ബഹുജന്‍ സമാജ് പാര്‍ടി എന്നിവ ഈ വിഭാഗത്തില്‍ പെടുമെങ്കിലും യുപിഎയെയും പിന്തുണയ്ക്കാന്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ രംഗത്തെത്താം. യുപിഎ ഘടകകക്ഷികള്‍ കൂറുമാറാതിരിക്കുകയും സമാജ്വാദി പാര്‍ടിയുടെയും ബിഎസ്പിയുടെയും പിന്തുണ ലഭിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 52 ശതമാനം വോട്ട് നേടാനാവും. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും ഒരുമിച്ച് യുപിഎയെ പിന്തുണയ്ക്കാന്‍ സാധ്യത കുറവാണ്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം കിട്ടണമെങ്കില്‍ നിലവിലുള്ള ഘടകകക്ഷികള്‍ ഉറച്ചുനില്‍ക്കുകയും എസ്പി, ബിഎസ്പി, തൃണമൂല്‍, ബിജെഡി, എഐഎഡിഎംകെ, ജനതാദള്‍(എസ്) തെലുഗുദേശം എന്നീ പാര്‍ടികളുടെ പിന്തുണ ലഭിക്കുകയും വേണം. അങ്ങനെയായാല്‍ 51 ശതമാനം വോട്ട് നേടാന്‍ കഴിയും. രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് കോണ്‍ഗ്രസ് എന്തെങ്കിലും പ്രസ്താവന നടത്തുന്നതിനു മുമ്പുതന്നെ സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ വീണ്ടും രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള മതനിരപേക്ഷ പാര്‍ടികള്‍ ഒത്തുചേര്‍ന്ന് പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചാല്‍ ആ സ്ഥാനാര്‍ഥിക്കാകും വിജയസാധ്യതയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

No comments:

Post a Comment