Sunday, April 15, 2012

കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ കോക്കസ്: പിണറായി




 കോണ്‍ഗ്രസിന് രാഷ്ട്രീയപാര്‍ടിയുടെ സ്വഭാവം നഷ്ടമായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നതിതാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോക്കസ് നിയന്ത്രിക്കുന്ന പാര്‍ടിയായി കോണ്‍ഗ്രസ് മാറി. അഞ്ചാം മന്ത്രിയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ ഇതിന്റെ തെളിവാണെന്നും പിണറായി പറഞ്ഞു. തില്ലങ്കേരി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാവുമ്പടിയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ലീഗ് പറയുന്നു, കോണ്‍ഗ്രസ് അനുസരിക്കുന്നൂ എന്ന നാണംകെട്ട നിലയാണ് കേരളത്തിലെ ഭരണത്തില്‍. മന്ത്രിസഭയുടെ വകുപ്പുമാറ്റംപോലും അറിയാത്ത കെപിസിസി പ്രസിഡന്റ് എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്ന് ആലോചിക്കണം. വ്യക്തികളും കോക്കസും കാര്യങ്ങള്‍ തീരുമാനിക്കുന്നുവെങ്കില്‍ രാഷ്ട്രീയപാര്‍ടികളുടെ പ്രസക്തി നഷ്ടമാവും. മന്ത്രിമാരുടെ കാര്യത്തില്‍ നാണംകെട്ട സമുദായക്കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രിയും യുഡിഎഫും നാടിന്റെ മതനിരപേക്ഷത തകര്‍ക്കുകയാണ്. മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കുന്ന സര്‍ക്കാര്‍ ശാപമാണെന്ന് ബോധ്യപ്പെടുകയാണ്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയില്‍നിന്ന് മാറ്റിയതുപോലും കെപിസിസി അറിഞ്ഞില്ല. പിന്നെ കെപിസിസിയുടെ ആവശ്യമെന്താണ്. മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡില്‍നിന്ന് അനുമതി കിട്ടിയെന്നാണ് പറയുന്നത്. മുന്നണിയിലും പാര്‍ടിയിലും ചര്‍ച്ചചെയ്യാതെ മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. അതിനു പറഞ്ഞ ന്യായം ഓരോ വകുപ്പും ജാതിക്കാരും മതക്കാരും പ്രത്യേകം കൈകാര്യം ചെയ്താല്‍ കേരളത്തില്‍ സാമുദായികസന്തുലനം സംരക്ഷിക്കപ്പെടുമെന്നാണ്. ഉമ്മന്‍ചാണ്ടിക്കൊപ്പം എല്ലാക്കാലത്തും ഉറച്ചുനിന്ന ആര്യാടന്‍ മുഹമ്മദ് പോലും ലീഗിന്റെ അഞ്ചാം മന്ത്രിയെ അതിനിശിതമായി വിമര്‍ശിച്ചു. കെപിസിസി അടിയന്തരമായി വിളിക്കണമെന്ന് സുധീരന്‍ പറഞ്ഞു. എല്ലാവരും പറഞ്ഞ കാര്യമിതാണ്. കേരളത്തിന്റെ സാമുദായിക സന്തുലനാവസ്ഥക്ക് കോട്ടമുണ്ടായി. കേരളത്തിലെ മന്ത്രിമാര്‍ ഏത് സമുദായത്തില്‍നിന്നുള്ളവരാണെന്ന് ചര്‍ച്ച ചെയ്യപ്പെടാറില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി നിയോഗിച്ചവരുടെ വാദമെന്തായിരുന്നു. യുഡിഎഫിലെ എംഎല്‍എമാര്‍ അധികവും മതന്യൂനപക്ഷത്തില്‍നിന്നുള്ളവരാണെന്ന് അവര്‍ കണ്ടെത്തി. അഞ്ചാംമന്ത്രിയും വകുപ്പുമാറ്റവും ആന്റണിയും സോണിയയും ഹൈക്കമാന്‍ഡും അറിഞ്ഞുകൊണ്ടുള്ള കള്ളക്കളികളാണ്- പിണറായി പറഞ്ഞു.

No comments:

Post a Comment