Wednesday, April 18, 2012

പ്രതിമാസം 150 യൂണിറ്റിനുമേല്‍ വൈദ്യുതിക്ക് 10 രൂപ







 പ്രതിമാസം 150 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്ന മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും അധിക ഉപയോഗത്തിന് 10 രൂപാ നിരക്ക് ഈടാക്കണമെന്ന് വൈദ്യുതി ബോര്‍ഡ.് വ്യവസായങ്ങള്‍ക്കു പിന്നാലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും 10 ശതമാനം പവര്‍കട്ടിന് അനുമതി നല്‍കണമെന്നും റെഗുലേറ്ററി കമീഷനോട് ബോര്‍ഡ് അഭ്യര്‍ഥിച്ചു. പുതിയ നിരക്ക്വര്‍ധനയ്ക്കുള്ള ശുപാര്‍ശ കമീഷന്റെ പരിഗണനയിലിരിക്കെയാണ് ഈ നീക്കം. ബോര്‍ഡിന്റെ അപേക്ഷയില്‍ കമീഷന്‍ 25ന് വാദം കേള്‍ക്കും. രണ്ടുമാസത്തെ ബില്‍ ലഭിക്കുമ്പോള്‍ ഉപയോഗം 300 യൂണിറ്റിലധികമാണെങ്കില്‍ കൂടുതല്‍ ഉപയോഗിച്ച ഓരോ യൂണിറ്റിനും ഇനി 10 രൂപ വീതം നല്‍കേണ്ടി വരും. വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം ശരാശരി ഒമ്പതര ലക്ഷം ഉപയോക്താക്കള്‍ക്കാണ് ദൈ്വമാസ ബില്‍ 300 യൂണിറ്റിലധികം വരുന്നത്. എന്നാല്‍, ഏപ്രില്‍- മെയ് മാസങ്ങളില്‍ ഉപയോഗം കുതിച്ചുയരുമെന്നതിനാല്‍ 15 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കെങ്കിലും അധിക നിരക്ക് ബാധകമായേക്കും.

വ്യവസായങ്ങള്‍ക്കു പിന്നാലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും 10 ശതമാനം വൈദ്യുതിനിയന്ത്രണം കൊണ്ടുവരുന്നത് 17 ലക്ഷം പേര്‍ക്ക് തിരിച്ചടിയാകും. ശുപാര്‍ശ നടപ്പാകുന്നതോടെ, മുന്‍വര്‍ഷത്തെ പ്രതിമാസ ശരാശരി ഉപയോഗത്തിന്റെ 90 ശതമാനം വൈദ്യുതി മാത്രമേ ഇവര്‍ക്ക് സാധാരണ നിരക്കില്‍ അനുവദിക്കൂ. അതില്‍ കൂടുതല്‍ വരുന്ന ഉപയോഗത്തിന് യൂണിറ്റിന് 10 രൂപ വീതം നല്‍കേണ്ടിവരും. സംസ്ഥാനത്തെ ഗാര്‍ഹികേതര എല്‍ടി ഉപയോക്താക്കളില്‍ 16,99,746 പേര്‍ക്ക് നിയന്ത്രണം ബാധകമാകും. വ്യാപാരികള്‍, കുടില്‍ വ്യവസായങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാത്തരം എല്‍ടി ഉപയോക്താക്കള്‍ക്കും 90 ശതമാനം വൈദ്യുതിനിയന്ത്രണം നടപ്പാകും. കൃഷിക്കുള്ള വൈദ്യുതിയെയും തെരുവുവിളക്കുകളെയും അനാഥാലയങ്ങളെയും മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. വന്‍കിട വ്യവസായങ്ങള്‍ അടങ്ങുന്ന എച്ച്ടി-ഇഎച്ച്ടി വിഭാഗങ്ങള്‍ക്ക് നിയന്ത്രണം ഈ മാസം ആദ്യംതന്നെ നടപ്പാക്കിയിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളിലൂടെ പ്രതിദിനം 3.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാമെന്ന് ബോര്‍ഡ് കണക്കാക്കുന്നു. എച്ച്ടി-ഇഎച്ച്ടി ഉപയോക്താക്കള്‍ക്കു മാത്രമായി വൈദ്യുതിനിയന്ത്രണം നടപ്പാക്കാന്‍ മാര്‍ച്ച് 31ന് ബോര്‍ഡ് നല്‍കിയ ശുപാര്‍ശയെ റെഗുലേറ്ററി കമീഷന്‍ വിമര്‍ശിച്ചിരുന്നു. തൊണ്ണൂറ്റൊമ്പതു ശതമാനം ഉപയോക്താക്കളെയും ഒഴിവാക്കി ഒരു ശതമാനത്തിനുമേല്‍ പ്രതിസന്ധിയുടെ ബാധ്യത അടിച്ചേല്‍പ്പിക്കുകയാണെന്നായിരുന്നു വിമര്‍ശം. ഇതു പരിഗണിച്ചുള്ള പുതിയ ശുപാര്‍ശകള്‍ കമീഷന്‍ അംഗീകരിക്കുമെന്നാണ് കരുതുന്നത്. ആസൂത്രണ പിഴവുകളാണ് ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും റെഗുലേറ്ററി കമീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

No comments:

Post a Comment