Sunday, April 22, 2012

യു.ഡി.എഫ് ഭരണം സമുദായസംഘടനകളുടെ പുളപ്പിന്റെ കാലം വി.എസ്



പള്ളുരുത്തി: യു.ഡി.എഫ് ഭരണം സമുദായസംഘടനകളുടെ പുളപ്പിന്റെ കാലമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇവര്‍ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് സാമുദായികവര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയം കേരളത്തെ പിറകോട്ടടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പി. ഗംഗാധരന്‍ ഫൗണ്ടേഷന്റെ പി. ഗംഗാധരന്‍ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വി.എസ്.
സമുദായസംഘടനകള്‍ക്ക് എന്തും വിലപേശി നേടാമെന്ന അവസ്ഥയാണുള്ളത്. സമുദായത്തില്‍ ഇത്ര വോട്ടുണ്ട്. താന്‍ പറഞ്ഞാല്‍ അതില്‍ ഇത്ര മറിയും. അതിന് താന്‍ പറയുന്നത് ചെയ്തുതരണം എന്ന ഡിമാന്‍ഡാണ് ഉയരുന്നത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാനും നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ കൂറുമാറ്റുന്നതിലും വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിലുമെല്ലാം പ്രകടമായത് യു.ഡി.എഫിന്റെ സാമുദായിക വര്‍ഗീയ നയമാണ്. സമുദായസംഘടനകളുടെ ആജ്ഞാനുവര്‍ത്തികളാകുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്.
അഞ്ചാംമന്ത്രി സ്ഥാനം സമുദായസന്തുലനം തകര്‍ക്കുമെന്ന് പറയുക, തെറ്റാണ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടുതന്നെ അതു ചെയ്യുക, ഈ തെറ്റിന് മറയിടാന്‍ ജാതി അടിസ്ഥാനത്തില്‍ വകുപ്പ് പുനഃസംഘടന എന്ന വലിയൊരു തെറ്റുകൂടി ചെയ്യുക. അത് സാമുദായികവര്‍ഗീയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുക. ഇതാണ് ഇപ്പോള്‍ നടന്നത്. ഇത് സംസ്ഥാനത്തെ പതനത്തിലേക്ക് നയിക്കും.
സമുദായസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും വിലപേശല്‍ നടത്തുന്നതും വലിയ വിനയാണ്. രാഷ്ട്രീയത്തെ വര്‍ഗീയതയില്‍നിന്നും ജാതീയതയില്‍നിന്നും സാമുദായികതയില്‍ നിന്നും മുക്തമാക്കണം. അതേസമയം, ഓരോ സമുദായത്തില്‍പ്പെട്ടവരുടെയും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും വേണം. ജനം സാമുദായികമായി ചേരിതിരിഞ്ഞുനില്‍ക്കുന്നത് അപകടകരമാണ്. അവര്‍ കേരളീയര്‍, മലയാളികള്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സാധാരണക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി യോജിച്ച പ്രവര്‍ത്തനമാണ് കാലം ആവശ്യപ്പെടുന്നത്, സാമൂഹികനീതിക്കായുള്ള യോജിച്ച സമരങ്ങള്‍. ജാതിമതാതീതമായ മാനവൈക്യം കെട്ടിപ്പടുക്കുന്നതിന് ഇത് സഹായകമാകും.
സാമൂഹികനവോത്ഥാനത്തിനായി ദീര്‍ഘകാലം സമര്‍പ്പിത സേവനം നടത്തിയ നേതാവായിരുന്നു പി. ഗംഗാധരന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഏറെക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചു. നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകന്‍, പുരോഗമനവാദിയായ രാഷ്ട്രീയപ്രവര്‍ത്തകന്‍, പ്രക്ഷോഭകാരി എന്നീ നിലകളിലെല്ലാം പി. ഗംഗാധരനെ തലമുറകള്‍ സ്മരിക്കുമെന്നും വി.എസ് പറഞ്ഞു.

No comments:

Post a Comment