Saturday, April 21, 2012

ആര്യാടന്മാരെ ചികിത്സിക്കണമെന്ന് തങ്ങള്‍




 മഞ്ഞളാംകുഴി അലി മന്ത്രിയായതില്‍ വേവലാതിയും അസൂയയുമുള്ള രോഗികളെ ഉടനടി ചികിത്സിക്കണമെന്ന് പാണക്കാട് ഹൈദരി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ രോഗികള്‍ കുറച്ചു ദിവസമായി ജനങ്ങളുടെ മേല്‍ മാലിന്യമിട്ട് വിഷമിപ്പിക്കുകയാണ്. പകര്‍ച്ചവ്യാധി പിടിപെട്ടപോലെയാണ് മാലിന്യ നിക്ഷേപം. ഇത്തരം മാലിന്യങ്ങള്‍ തുടച്ചുനീക്കാന്‍ മഞ്ഞളാംകുഴി അലിക്കു കഴിയണമെന്ന് തങ്ങള്‍ തുടര്‍ന്നു.
അലിയുടെ മന്ത്രിസ്ഥാനം ന്യായവും ലീഗിന് അവകാശപ്പെട്ടതുമാണ്. അതില്‍ ആരും വേവലാതിപ്പെട്ടിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല. മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനം ഉല്‍ഘാടനം ചെയ്ത് തങ്ങള്‍ നടത്തിയ ഈ പരാമര്‍ശങ്ങള്‍ അഞ്ചാം മന്ത്രി വിവാദം വീണ്ടും കൊഴുപ്പിക്കുകയാണ്. ആര്യാടനടക്കം കോണ്‍ഗ്രസ്സിലും യുഡിഎഫിലുമുള്ള നേതാക്കള്‍ നടത്തിയ വിമര്‍ശനത്തെ ലീഗ് പുല്ലുപോലെ തള്ളിക്കളയുന്നുവെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് തങ്ങള്‍.
എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നണി സംവിധാനത്തില്‍ ലീഗ് തുടരുമെന്ന് ആരും കരുതേണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ലീഗ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ്വിപ്പ് എന്നീ പദവികള്‍ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അന്ന് മന്ത്രിസഭ രൂപീകരിക്കുന്നതിനാണ് ലീഗ് മുന്‍ഗണന നല്‍കിയത്. ആറ് മാസത്തിനുള്ളില്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുമെന്നുള്ളത് അന്നുണ്ടാക്കിയ കരാറാണ്. ഇപ്പോള്‍ യുഡിഎഫിലും കോണ്‍ഗ്രസിലുമുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ലീഗിന് ഉത്തരവാദിത്വമില്ലെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment