ബൊഫോഴ്സ് തോക്കിടപാടിലെ കോഴപ്പണം ഗാന്ധി കുടുംബത്തിന്റെയും സോണിയ ഗാന്ധിയുടെയും അടുത്ത സുഹൃത്തായ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്റോച്ചിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് അഴിമതി അന്വേഷിച്ച മുന്‍ സ്വീഡിഷ് പൊലീസ് മേധാവി സ്റ്റെന്‍ ലിന്‍ഡ്സ്ട്രോം. രാജീവ് ഗാന്ധി നേരിട്ട് കോഴ വാങ്ങിയതായി തെളിവില്ലെങ്കിലും ഇടപാട് മൂടിവയ്ക്കാനുള്ള ശ്രമവുമായി സഹകരിച്ചെന്ന് ബൊഫോഴ്സ് തോക്കിടപാട് പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യത്തിന് അനുവദിച്ച അഭിമുഖത്തില്‍ സ്റ്റെന്‍ ലിന്‍ഡ്സ്ട്രോം വെളിപ്പെടുത്തി. കേസ് അന്വേഷിച്ച ഇന്ത്യന്‍സംഘങ്ങള്‍ സ്വീഡനില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ തന്നെ ഒരിക്കല്‍പ്പോലും കണ്ടില്ല. അഴിമതി പുറത്തുകൊണ്ടു വന്ന "ദ ഹിന്ദു" ദിനപത്രത്തിന് ആവശ്യമായ രേഖകള്‍ നല്‍കിയത് താനാണ്- 25 വര്‍ഷത്തിനുശേഷം ആദ്യമായി ലിന്‍ഡ്സ്ട്രോം വെളിപ്പെടുത്തി. വന്‍ അഴിമതി നടന്നെന്ന് തുടക്കത്തിലേ ബോധ്യപ്പെട്ടിരുന്നു. സ്വീഡനിലെയും ഇന്ത്യയിലെയും ഉന്നതര്‍ക്ക് ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ സമ്മര്‍ദം ശക്തമായി. അന്വേഷണം അട്ടിമറിക്കാനും അഴിമതി മൂടിവയ്ക്കാനും രണ്ടുരാജ്യങ്ങളിലും ശ്രമമുണ്ടായി. ഇതോടെയാണ് ഇന്ത്യയിലെ പ്രമുഖ ദിനപത്രത്തിന് വിവരം കൈമാറാനും ഔദ്യോഗിക പദവിയില്‍ ഇരുന്നുതന്നെ അഴിമതിവിരുദ്ധ പോരാളിയായി സ്വയം മാറാനും തീരുമാനിച്ചത്. ബൊഫോഴ്സ് കമ്പനിയുടെ കാള്‍സ്കോഗയിലെ ഓഫീസില്‍ തെരച്ചില്‍ നടത്തുമ്പോള്‍ സ്വിസ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ കിട്ടി. പണം ലഭിക്കുന്ന വ്യക്തിയുടെ പേര് രഹസ്യമായി സൂക്ഷിക്കണമെന്ന നിര്‍ദേശം ഈ രേഖയിലുണ്ടായിരുന്നു. ഇടപാട് നിയമാനുസൃതമെങ്കില്‍ എന്തുകൊണ്ട് പേരുവിവരം അജ്ഞാതമായി സൂക്ഷിക്കണമെന്ന ചോദ്യമുയര്‍ന്നു. തുടര്‍ന്നാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ച എഇ സര്‍വീസസ് കമ്പനിയുടെ പേരില്‍ നടന്ന പണമിടപാട് ക്വത്റോച്ചിയുടെ അക്കൗണ്ടിലാണ് എത്തിയതെന്ന് കണ്ടെത്തിയത്. ക്വത്റോച്ചിക്കെതിരായ കേസ് സിബിഐ അവസാനിപ്പിച്ചതോടെ ആ പണം അദ്ദേഹം അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചു. അഴിമതി പുറത്തുവന്നതോടെ ബൊഫോഴ്സ് കമ്പനി ഉടമ മാര്‍ട്ടിന്‍ അര്‍ദ്ബൊ അസ്വസ്ഥനായി. രാജീവ് ഗാന്ധിയുമായി അടുപ്പമുള്ളതുകൊണ്ട് ഒരിക്കലും ക്വത്റോച്ചിയുടെ പേര് പുറത്തുവരരുതെന്ന് അദ്ദേഹം കുറിപ്പുകളില്‍ പരാമര്‍ശിച്ചിരുന്നു-ലിന്‍ഡ്സ്ട്രോം പറഞ്ഞു.
No comments:
Post a Comment