മലപ്പുറം: അഞ്ചാംമന്ത്രിയെ നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ മുഖം നഷ്ടപ്പെട്ട മുസ്ലിംലീഗ് അങ്കലാപ്പില്‍. യുഡിഎഫിലും പൊതുസമൂഹത്തിലും ഒറ്റപ്പെട്ടതോടെ പ്രതിഛായ വീണ്ടെടുക്കാനുള്ള അടിയന്തര നടപടികളെക്കുറിച്ച് ലീഗ് ആലോചന തുടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ചചെയ്തെങ്കിലും പ്രതിവിധി കാണാന്‍ നേതൃത്വത്തിനായില്ല. അഞ്ചാംമന്ത്രിയെ കിട്ടിയ വഴി വിശദീകരിച്ച് പൊതുയോഗങ്ങള്‍ നടത്താന്‍ ആലോചിച്ചെങ്കിലും ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന ചര്‍ച്ച വന്നതോടെ ഉപേക്ഷിച്ചു. മഞ്ഞളാംകുഴി അലിക്ക് മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ മാത്രം സ്വീകരണം മതിയെന്ന് നിശ്ചയിച്ചു. മലപ്പുറത്ത് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. പ്രതിപക്ഷത്തിനൊപ്പം കോണ്‍ഗ്രസും മാധ്യമങ്ങളും രംഗത്തുവന്നതോടെ ലീഗ് നേതൃത്വം പരിഭ്രാന്തിയിലാണ്. പാര്‍ടിയുടെ മതേതര മുഖംമൂടിയും അഴിഞ്ഞുവീണു. ലീഗിന്റെ യഥാര്‍ഥമുഖം ജനങ്ങള്‍ക്ക് തിരിച്ചറിയാനായതാണ് അഞ്ചാംമന്ത്രി വിവാദം കൊണ്ടുണ്ടായ നേട്ടം. അധികാരത്തിനുവേണ്ടി എന്തുംചെയ്യുന്ന പാര്‍ടിയെന്ന വിശേഷണവും കിട്ടി. അതുതന്നെയാണ് ലീഗിനെ അലോസരപ്പെടുത്തുന്നതും. മാധ്യമ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത് അഞ്ചാംമന്ത്രിക്കാര്യം വിശദീകരിക്കാന്‍ തീരുമാനിച്ചെങ്കിലും അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കോണ്‍ഗ്രസില്‍നിന്നും ഇത്രയും രൂക്ഷമായ എതിര്‍പ്പ് ലീഗ് പ്രതീക്ഷിച്ചതല്ല. ലീഗിന്റെ തൊലിയുരിക്കുന്നതരത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെയും എംഎല്‍എമാരുടെയും പ്രതികരണം. ലീഗുമായി നല്ല ബന്ധമുണ്ടായിരുന്ന കെ മുരളീധരന്‍ എംഎല്‍എയുടെ കടുത്ത എതിര്‍പ്പ് ലീഗിനെ അമ്പരപ്പിച്ചു. ഒരു കൊടിവച്ച കാര്‍കൂടി കിട്ടിയെങ്കിലും പാര്‍ടിക്ക് പുറത്തുള്ളവരുടെ ആദരവ് നഷ്ടപ്പെട്ടതായി പ്രമുഖ നേതാവ് പ്രതികരിച്ചു. ലീഗ് പൊതുവെ സൗമ്യമായ പാര്‍ടിയെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ അധികാരത്തിനുവേണ്ടി വിലപേശുന്ന പാര്‍ടിയെന്ന മോശം ഇമേജ് വന്നു. മുസ്ലിം പാര്‍ടിയെന്ന ചീത്തപ്പേര് പണ്ടേയുണ്ടെങ്കിലും ഇപ്പോഴതിന് അംഗീകാരമായെന്ന് അദ്ദേഹം പരിതപിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ടി നേടിയ ഗംഭീരവിജയത്തിന്റെ നിറംകെടുത്തുന്നതായി അഞ്ചാംമന്ത്രി വിവാദമെന്ന അഭിപ്രായം ലീഗില്‍ ശക്തമാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനുശേഷം ലീഗിനെ ഇതുപോലെ ഉലച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല.
No comments:
Post a Comment