Saturday, April 21, 2012

കടലിലെ വെടിവയ്പ്: തുടക്കംമുതല്‍ യുഡിഎഫ് കൊലയാളികള്‍ക്കൊപ്പം




 മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ രക്ഷിക്കാന്‍ തുടക്കംമുതല്‍ സര്‍ക്കാര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു. പ്രതികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ കേസ് ദുര്‍ബലമാക്കാനുള്ള നീക്കമാണ് നടത്തിയത്. ഇറ്റലിക്കാരുടെ വാദം സാധൂകരിക്കുംവിധം എഫ്ഐആറും തയ്യാറാക്കി. പിറവത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ കൊലയാളികള്‍ ഇപ്പോഴും ഗസ്റ്റ്ഹൗസിലെ സൗകര്യങ്ങളില്‍ പഞ്ചനക്ഷത്രഭക്ഷണം കഴിച്ച് താമസിക്കുമായിരുന്നു. ഇറ്റലിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് മന്ത്രിമാരുടെയും കാപട്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. നിരായുധരായ രണ്ടു തൊഴിലാളികളെ വെടിവച്ചുകൊന്ന് നാലുദിവസത്തിനുശേഷമാണ് കൊലയാളികളെ പൊലീസ് അറസ്റ്റുചെയ്തത്. ഇറ്റാലിയന്‍ കപ്പല്‍ പരിശോധിച്ച് തോക്ക് കസ്റ്റഡിയിലെടുക്കുന്നതാകട്ടെ പത്തുനാള്‍ കഴിഞ്ഞും. കൊലക്കേസ് പ്രതികളെ ജയിലിലയക്കുന്നത് തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവുന്നതു ശ്രമിച്ചു. 15 ദിവസം പ്രതികള്‍ കൊച്ചിയിലെ സിഐഎസ്എഫ് ഗസ്റ്റ്ഹൗസില്‍ സുഖമായി കഴിഞ്ഞു. ഫെബ്രുവരി 15നാണ് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത്. 19നാണ് രണ്ടു സൈനികരെ അറസ്റ്റ് ചെയ്യുന്നത്. 20ന് പ്രതികളെ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി. അവധിദിവസമായിട്ടും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വരുത്തിയശേഷം ഹാജരാക്കുന്ന അസാധാരണനടപടിയാണ് പൊലീസില്‍നിന്നുണ്ടായത്. സാധാരണയായി വസതിയില്‍ ഹാജരാക്കിയാല്‍ ജയിലിലേക്ക് അയക്കുകയും അടുത്ത ദിവസം വീണ്ടും കോടതിയില്‍ ഹാജരാക്കുകയുമാണ് പതിവ്. ഇറ്റലിക്കാരെ ജയിലിലയച്ചുകൂടെന്ന കര്‍ശനിര്‍ദേശം പൊലീസിന് ലഭിച്ചിരുന്നു. അന്നുതന്നെ പ്രതികളെ ഫെബ്രുവരി 23വരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍ സുഖവാസത്തിനു വിട്ടു. 23ന് ഏഴുദിവസത്തേക്കുകൂടി കസ്റ്റഡി നീട്ടിവാങ്ങി. മാര്‍ച്ച് ഒന്നിന് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും മാര്‍ച്ച് അഞ്ചുവരെ ഗസ്റ്റ്ഹൗസില്‍ പാര്‍പ്പിക്കുകയുംചെയ്തു. അടിക്കടി കസ്റ്റഡിയില്‍ വാങ്ങി അതിഥിമന്ദിരത്തില്‍ സുഖവാസത്തിന് അവസരമൊരുക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പിന്തിരിഞ്ഞത്. മാര്‍ച്ച് അഞ്ചിന് പ്രതികളെ പ്രത്യേക സൗകര്യങ്ങളോടെ പൂജപ്പുര ജയിലിലേക്ക് മാറ്റി. ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ വികാരമുയരുന്നത് തടയുകമാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. കപ്പല്‍ പരിശോധിക്കുന്നതിലും തോക്ക് കണ്ടെടുക്കുന്നതിലും യുഡിഎഫ് സര്‍ക്കാര്‍ ഇതേ കള്ളക്കളിയാണ് നടത്തിയത്. ഫെബ്രുവരി 24ന് കപ്പല്‍ പരിശോധിക്കാന്‍ നിശ്ചയിച്ചെങ്കിലും നാടകീയമായി 25ലേക്ക് മാറ്റി. ഇറ്റാലിയന്‍ സൈനികസംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു മാറ്റം. കേസില്‍ നിര്‍ണായക തെളിവാകേണ്ട തോക്ക് കസ്റ്റഡിയിലെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിച്ചു. ഫെബ്രുവരി 25നാണ് തോക്ക് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നശിപ്പിക്കാന്‍ ഇറ്റലിക്കാര്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കി. പ്രത്യേക അന്വേഷണസംഘത്തോടൊപ്പം ഇറ്റാലിയന്‍ സൈനികസംഘം വെടിവയ്പിനിരയായ മത്സ്യബന്ധനബോട്ട് പരിശോധിച്ചത് അമ്പരപ്പിക്കുന്ന നടപടിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം ലംഘിച്ച് നടത്തിയ പരിശോധനയ്ക്ക് സര്‍ക്കാര്‍ ഒത്താശചെയ്തു. ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടപ്പോള്‍ അതിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മൂന്നു കോടി രൂപയുടെ ബോണ്ട് നല്‍കി ഇന്ത്യന്‍ തീരം വിടാനാണ് അനുമതി നല്‍കിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. അപ്പീല്‍ സമര്‍പ്പിക്കാത്തതെന്തെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ ഹൈക്കോടതി 50 രൂപയുടെ മുദ്രപ്പത്രത്തില്‍ നല്‍കുന്ന മൂന്നു കോടിയുടെ ബോണ്ടിന് എന്ത് നിയമസാധുതയാണുള്ളതെന്നും ചോദിച്ചു.
കടലിലെ കൊല: ഉത്തരവാദിത്വം കേരള സര്‍ക്കാരിന്- പന്ന്യന്‍

തൃശൂര്‍: കടലിലെ വെടിവയ്പ്പ് കേസ് കേരളത്തിന് പ്രതികൂലമായി മാറിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരളത്തിന് വേണ്ടി കേസ് വാദിച്ചുകൊണ്ടിരുന്ന വക്കീലിനെ മാറ്റി പുതിയ വക്കീലിനെ കെ എം മാണിയാണ് നിയമിച്ചത്. ഈ വക്കീല്‍ കേരളത്തിനായി ഒരക്ഷരവും മിണ്ടിയില്ല. ഇറ്റലിക്കനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തപ്പോഴും ഇദ്ദേഹം പ്രതികരിച്ചില്ല. ഇതിന് കെ എം മാണി സമാധാനം പറയണം. തൃശൂര്‍ പ്രസ്ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍.

കേരളത്തിലെ ഗവണ്‍മെന്റിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിന്റെ തെളിവാണ് കാര്‍ഷിക സര്‍വ്വകലാശാലയിലെ നോമിനേഷന്റെ ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ജനങ്ങളെ വഞ്ചിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായ ശെല്‍വരാജിനോട് ജനം കണക്ക് ചോദിക്കും. ദേശീയതലത്തില്‍ മതേതരത്വജനാധിപത്യ ബദല്‍ ശക്തിപ്പെടുത്താനാണ് സിപിഐയുടെയും സിപിഐഎമ്മിന്റെയും പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തീരുമാനിച്ചത്. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് ആര്‍ഭാടമായിരുന്നെന്ന ആക്ഷേപത്തോട് യോജിപ്പില്ലെന്നും പന്ന്യന്‍ പറഞ്ഞു.

No comments:

Post a Comment