Monday, July 25, 2011

തീരദേശത്തെ അവഗണിച്ച മാണിക്ക് ബിഷപ്പിന്റെ ഒളിയമ്പ്



ബജറ്റില്‍ തീരദേശവാസികളെ അവഗണിച്ച ധനമന്ത്രി കെ എം മാണിക്ക് ലത്തീന്‍ അതിരൂപത മെത്രാപോലീത്ത ഡോ. സൂസപാക്യത്തിന്റെ ഒളിയമ്പ്. ലത്തീന്‍ അതിരൂപത പ്ലാറ്റിനം ജൂബിലി പ്രവര്‍ത്തനോദ്ഘാടന ചടങ്ങിലാണ് മെത്രാപോലീത്ത മന്ത്രി മാണിയുടെ കോട്ടയം ബജറ്റിനെ പരോക്ഷമായി കളിയാക്കിയത്. "ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ഭരണങ്ങാനത്തേക്ക് പോവുകയായിരുന്നു. കോട്ടയത്തു നിന്നങ്ങോട്ട് വഴിയുടെ ഇരുവശങ്ങളിലും മാണിസാറിന്റെ ചിത്രം പതിച്ച ഫ്ളെക്സ് ബോര്‍ഡുകള്‍ . ബജറ്റില്‍ കോട്ടയത്തിന് അര്‍ഹമായ പരിഗണന നല്‍കിയ മാണിസാറിന് അഭിവാദനങ്ങള്‍ എന്ന് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നു. ഞങ്ങള്‍ക്കും ഇതുപോലെ ചില സ്വപ്നങ്ങളൊക്കെയുണ്ട്. ഞങ്ങളുടെ അതിരൂപതയിലെ തീരദേശങ്ങളിലും മാണിസാറിന്റെയോ അതുപോലെ ഞങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ മുന്നോട്ട് വരുന്നവരുടെയോ ഫ്ളെക്സ് ബോര്‍ഡുകള്‍ വച്ച് "അവശതയനുഭവിക്കുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിന് അഭിവാദ്യങ്ങള്‍" എന്ന് പറയാന്‍ സാധിക്കുന്ന ഒരു ദിവസത്തെയും കാത്തിരിക്കുകയാണ് ഞങ്ങള്‍". ബിഷപ് പറഞ്ഞു നിര്‍ത്തിയതും സദസ്സില്‍നിന്ന് നീണ്ട കരഘോഷമുയര്‍ന്നു. തുടര്‍ന്ന് സംസാരിച്ച കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാലും തീരദേശത്തിന് കിട്ടേണ്ടത് കിട്ടിയില്ലെന്ന് പറഞ്ഞു. ആദിവാസികളേക്കാള്‍ കഷ്ടമാണ് തീരദേശവാസികളുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ , പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് താന്‍ അവതരിപ്പിച്ചതെന്നായിരുന്നുമാണിയുടെ പ്രതികരണം.

No comments:

Post a Comment