Sunday, July 10, 2011

കുട്ടികളെ പഠിപ്പിക്കാം, നല്ല ശീലങ്ങള്‍


കുട്ടികള്‍ ആകര്‍ഷകമായ പെരുമാറ്റവും നല്ല സ്വഭാവവും ഉള്ളവരായിരിക്കണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും. അതിനു ചില അടിസ്ഥാന മര്യാദകള്‍ എപ്പോള്‍ വേണമെങ്കിലും അവരെ പഠിപ്പിക്കാം. സ്‌കൂളില്‍ ചേരുന്നതിനു മുന്‍പു തന്നെയാകുന്നത് ഏറ്റവും നല്ലത്. പക്ഷേ, ഇതെല്ലാം ക്ഷമയോടെ വേണമെന്നതു മറ്റൊരു പ്രധാനകാര്യം. ഇതിനുള്ള ചില ചെറിയ സ്റ്റെപ്പുകളാണ് താഴെ പറയുന്നത്. 
1. പ്ലീസ്, താങ്ക് യൂ എന്ന വാക്കുകള്‍ യഥാസമയത്ത് ഉപയോഗിക്കാന്‍ ശീലിപ്പിക്കുക. എത്ര ചെറിയ കുട്ടികളായാലും ഇതു ശീലിപ്പിക്കുന്നതു ഭാവിയില്‍ ഗുണം ചെയ്യും.
2. സ്വന്തമായി ഭക്ഷണം കഴിച്ചു പഠിക്കുമ്പോള്‍ തന്നെ ടേബിള്‍ മാനേഴ്‌സും പഠിപ്പിക്കുക. വായ തുറന്നുവച്ചു ചവയ്ക്കാതിരിക്കുക, കൈമുട്ടുകള്‍ ഭക്ഷണമേശയില്‍ വയ്ക്കാതിരിക്കുക തുടങ്ങിയ ജീവിതം മുഴുവന്‍ ആവശ്യം വരുന്ന നല്ല ശീലങ്ങളാണ്.
3. കുട്ടികള്‍ കൂട്ടുകാരുടെ വീടുകളില്‍ പാര്‍ട്ടിക്കും മറ്റും പോകുമ്പോള്‍ അവരുടെ മാതാപിതാക്കളോടു നന്ദി അറിയിക്കാന്‍ പഠിപ്പിക്കുക. നിങ്ങള്‍ കൂടെയില്ലെങ്കിലും, നിങ്ങള്‍ക്കു കിട്ടുന്ന ബഹുമാനം അന്യവീടുകളിലെ മുതിര്‍ന്നവര്‍ക്കു നല്‍കാന്‍ നിര്‍ബന്ധിക്കുക.
4. മധുരവും സ്‌നാക്‌സും കളിചിരികളും ഏറുമ്പോള്‍ പാര്‍ട്ടികളിലും മറ്റും കുട്ടികള്‍ മര്യാദ മറക്കുന്നതു പതിവാണ്. പക്ഷേ, എത്ര അതിരുവിട്ടാലും മറക്കാന്‍ പാടില്ലാത്ത ചില മര്യാദകളുണ്ട്. സമ്മാനപ്പൊതികള്‍ ശ്രദ്ധയോടെയും കീറാതെയും അഴിച്ചെടുക്കണം. ഇഷ്ടപ്പെട്ടില്ലെങ്കിലും പുച്ഛത്തോടെ തള്ളിമാറ്റരുത്. എല്ലാ സമ്മാനങ്ങള്‍ക്കു നന്ദി പറയണം. പാര്‍ട്ടിക്കു വന്നവര്‍ക്കും നന്ദി പറയണം.
5. കുട്ടികള്‍ തെറിവാക്കുകള്‍ ഉച്ചരിക്കുന്നതാണ് പല മാതാപിതാക്കള്‍ക്കും ഏറ്റവും നാണക്കേടുണ്ടാക്കുന്ന സന്ദര്‍ഭം. മറ്റുള്ളവര്‍ക്ക് അതു തമാശയായിരിക്കാം. പക്ഷേ, പൊതുസ്ഥലങ്ങളില്‍ അതു സംഭവിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒരിക്കലും ആ തമാശയില്‍ പങ്കുചേരുകയോ ചിരിക്കുകയോ ചെയ്യരുത്. അതു കുട്ടിയെ തെറ്റ് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. ആവര്‍ത്തിക്കാതിരിക്കാന്‍ അവനെ പറഞ്ഞു മനസിലാക്കുകയാണു വേണ്ടത്. 
6. കുട്ടികള്‍ തമാശയ്ക്കു പരസ്പരം കളിയാക്കാറുണ്ട്. എന്നാല്‍ , ഇതു ദേഹോപദ്രവത്തിലേക്കു നീങ്ങാതെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ മറ്റുള്ളവരെ ആക്ഷേപപ്പേരുകള്‍ വിളിക്കാരിക്കാനും, എല്ലാവരെയും എന്തു കാര്യത്തിനും കളിയാക്കാതിരിക്കാനും, കൂട്ടം ചേര്‍ന്ന് ഏതെങ്കിലും കുട്ടിയെ ഒറ്റപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. 
7. പ്ലീസ്, താങ്ക് യൂ എന്നിവ കൃത്യമായി പറഞ്ഞു തുടങ്ങിയാല്‍ പിന്നെ എക്‌സ്‌ക്യൂസ് മീ ആവശ്യത്തിന് ഉപയോഗിക്കാന്‍ പഠിപ്പിക്കണം.
8. കുട്ടികള്‍ പരസ്യമായി സംസാരിക്കാനോ ചെയ്യാനോ പാടില്ലാത്ത ചില വിഷയങ്ങളുണ്ട്. ജനനേന്ദ്രിയങ്ങള്‍ , മലമൂത്രവിസര്‍ജനം, മൂക്കില്‍ വിരലിടല്‍ തുടങ്ങിയ കാര്യങ്ങള്‍ . ഇതിലും മാതാപിതാക്കള്‍ക്കു പ്രത്യേക ശ്രദ്ധ വേണം. ചെറിയ കാര്യങ്ങളാണ് ഇപ്പറഞ്ഞിട്ടുള്ളവയെല്ലാം. പക്ഷെ, ഈ ചെറിയ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് പലപ്പോഴും കുട്ടികളുടെ സ്വഭാവത്തില്‍ പ്രതിഫലിക്കുന്നത്. ചെറിയ കാര്യങ്ങള്‍ ജീവിതത്തില്‍ ശീലിപ്പിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, നാളെ അവര്‍ വളര്‍ന്ന് വലുതാകുമ്പോള്‍ മികച്ച വ്യക്തിത്വത്തിന് ഉടമയാകും.

No comments:

Post a Comment