Thursday, July 28, 2011

ലീഗ് ഗൂഢാലോചനയുടെ തെളിവ് കമീഷന് ലഭിച്ചതായി സൂചന

  • പൊലീസിനെയും ഇതരവിഭാഗങ്ങളുടെ കടകളും ആക്രമിച്ച് കാസര്‍കോട് ജില്ലയിലും മലബാറിലാകെയും കലാപം വിതയ്ക്കാന്‍ ലീഗ് ഉന്നതനേതാക്കള്‍ ഗൂഢാലോചന നടത്തിയതായി ജുഡീഷ്യല്‍ കമീഷന് തെളിവു ലഭിച്ചതായി സൂചന. പൊലീസിനെതിരെ അക്രമം നടത്തി, അതുവഴി മുതലെടുപ്പ് നടത്താനായിരുന്നു നീക്കമെന്ന് 2009 നവംബര്‍ 15ന് കാസര്‍കോട് പൊലീസ് വെടിവയ്പിനുമുമ്പുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നതായും യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ച ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയാതായി സൂചനയുണ്ട്.
  • കാസര്‍കോട് വെടിവയ്പ്പിന്റെ ഒരുമണിക്കൂര്‍ മുമ്പ് തളിപ്പറമ്പില്‍ രണ്ടിടത്ത് പൊലീസിനുനേരെ ഉണ്ടായ ആക്രമണം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതുസംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കമീഷനുമുമ്പാകെ പൊലീസ് തെളിവു സഹിതംനിര്‍ദേശം വച്ചിരുന്നു. ശ്രീകണ്ഠപുരം സിഐക്കും തളിപ്പറമ്പ് ഡിവൈഎസ്പിക്കും നേരെയായിരുന്നു അക്രമം. കാസര്‍കോട്ട് പുതിയ ബസ്സ്റ്റാന്റിനുസമീപം ലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തിലെ അക്രമവും ആസൂത്രിതമായിരുന്നു. സ്വീകരണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ പ്രകടനം ഉണ്ടാകില്ലെന്ന് നേതാക്കള്‍ പൊലീസിന് ഉറപ്പ് നല്‍കിയിരുന്നു. ഇതുതെറ്റിച്ച് ലീഗ്പ്രവര്‍ത്തകര്‍ ബൈക്കുകളിലും കാല്‍നടയായും നഗരത്തിലൂടെ കറങ്ങി. മറ്റു പാര്‍ടികളുടെ പ്രചാരണബോര്‍ഡുകളും കടകളും വാഹനങ്ങളും തകര്‍ത്തു. കണ്ടിടത്തെല്ലാം പൊലീസിനെ ആക്രമിച്ചു. ഡിവൈഎസ്പിയുടെ ജീപ്പ് മറിച്ചിട്ട് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു.
  • ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് അന്നത്തെ എസ് പി രാംദാസ് പോത്തന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനും കടകള്‍ക്കും നേരെ ആക്രമണം നടത്തുമ്പോള്‍ "നമ്മുടെ പ്രകടനത്തിന് നേരെ അക്രമം നടക്കുകയാണെ"ന്നാണ് സ്വീകരണയോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. ഇതോടെ അവിടെയുണ്ടായിരുന്ന വലിയസംഘം ലീഗുകാര്‍ വാഹനങ്ങളില്‍ എത്തിച്ച ആയുധങ്ങളുമായി അക്രമം ആരംഭിച്ചു. തടയാന്‍ ചെന്ന സിഐക്കും എസ്ഐക്കും നിരവധി പൊലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
  • പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് എസ്പിക്ക് വെടിവയ്ക്കേണ്ടിവന്നത്. ഇത് സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ പൊലീസ് കമീഷന്‍ മുമ്പാകെ ഹാജരാക്കിയിരുന്നു. അക്രമസമയത്തും പിന്നീട് ചാനലുകളിലും പത്രങ്ങളിലും വന്ന വാര്‍ത്തകളും ചിത്രങ്ങളും തെളിവായി കമീഷന് ലഭിച്ചിട്ടുണ്ട്. കമീഷന്‍ റിപ്പോര്‍ട്ടില്‍ ലീഗ് നേതാക്കള്‍ പ്രതിക്കൂട്ടിലാകുന്ന പരാമര്‍ശങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് അന്വേഷണം പാതിയില്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാസര്‍കോടുണ്ടായ വെടിവയ്പ്പിനുശേഷം പൊലീസ് സ്വീകരിച്ച ശക്തമായ നടപടിയാണ് തുടര്‍ന്നുള്ള കുഴപ്പങ്ങള്‍ തടഞ്ഞത്. കാസര്‍കോട്ട് ഇടയ്ക്കിടെയുണ്ടാകുന്ന സംഘര്‍ഷം കുറഞ്ഞതും ഈ സംഭവത്തിനുശേഷമാണ്. കമീഷനെതിരെ അപവാദപ്രചാരണം നടത്തി പാതിവഴിയില്‍ അന്വേഷണം വേണ്ടെന്നുവയ്ക്കുന്നത് ജുഡീഷ്യറിയുടെ ചരിത്രത്തില്‍ അപൂര്‍വമാണ്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് കലാപം അരങ്ങേറിയതെന്ന് സമ്മതിക്കുക കൂടിയാണ് കമീഷനെ പിന്‍വലിക്കലിലൂടെ സര്‍ക്കാര്‍ ചെയ്തത്.

No comments:

Post a Comment