കേന്ദ്രത്തിന് സുപ്രീംകോടതി വിമര്‍ശം: ബിപിഎല്‍ മാനദണ്ഡം കാലോചിതമാക്കണം

- : ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരും ആസൂത്രണ കമീഷനും മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ തീര്‍ത്തും അപര്യാപ്തമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശം. നിലവിലുള്ള വിലസൂചികയുടെയും മറ്റും അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ബിപിഎല്‍ നിര്‍ണയത്തിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
- രാജ്യത്തെ പൊതുവിതരണ സംവിധാനത്തിലെ അപാകം നീക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പിയുസിഎല്‍(പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിന്റെ ബിപിഎല്‍ മാനദണ്ഡങ്ങളെ വിമര്‍ശിച്ചത്.
- കേന്ദ്രം നിയോഗിച്ച സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം നഗരങ്ങളില്‍ പ്രതിദിനം 20 രൂപയില്‍ കൂടുതലും ഗ്രാമങ്ങളില്‍ 15 രൂപയില്‍ കൂടുതലും വരുമാനമുള്ളവര്‍ ബിപിഎല്‍ പട്ടികയ്ക്കു പുറത്താണ്. ബിപിഎല്‍ വിഭാഗത്തെ കണ്ടെത്താന്‍ ഈ മാനദണ്ഡം പിന്തുടാരാനാണ് ആസൂത്രണ കമീഷനും കേന്ദ്രവും തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ , ഈ മാനദണ്ഡം തീര്‍ത്തും അപ്രായോഗികമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
- 1993ല്‍ ആസൂത്രണകമീഷന്‍തന്നെ വച്ച വിദഗ്ധസമിതി പ്രതിദിനം ശരാശരി 2400 കലോറിയില്‍ താഴെ ഊര്‍ജം ലഭിക്കാന്‍മാത്രം ഭക്ഷണം കഴിക്കാന്‍ ശേഷിയുള്ളവരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന മാനദണ്ഡംവച്ചിരുന്നു. ഇപ്പോള്‍ വച്ചിട്ടുള്ള പ്രതിദിനം 20-15 രൂപ വരുമാനംകൊണ്ട് ഒരിക്കലും 2400 കലോറി ഊര്‍ജമുള്ള ഭക്ഷണം ലഭ്യമാകില്ലെന്ന് കോടതി പറഞ്ഞു. ഇപ്പോഴത്തെ മാനദണ്ഡം തികച്ചും യാഥാസ്ഥിതികമാണ്. മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമ്പോള്‍ കുറെക്കൂടി യാഥാര്‍ഥ്യബോധം വേണം. 15 രൂപയ്ക്ക് 2400 കലോറി ഭക്ഷണം എവിടെ കിട്ടും. ഈ മാനദണ്ഡത്തോട് യോജിക്കാനാകില്ല. ഈ വിഷയത്തില്‍ ആസൂത്രണ കമീഷനും സര്‍ക്കാരും കൂടുതല്‍ വിശദീകരണം നല്‍കണം- അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ , ആസൂത്രണ കമീഷന്‍ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
- കേസില്‍ വാദത്തിനിടെ നവജാത ശിശുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളിലെ പോരായ്മകള്‍ പിയുസിഎല്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. പ്രസവം ആശുപത്രിയിലാണെങ്കില്‍ മാത്രമേ ആനുകൂല്യങ്ങള്‍ കിട്ടൂവെന്നും വീടുകളില്‍ പ്രസവിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു. പ്രസവം എവിടെയാണെങ്കിലും ആനുകൂല്യങ്ങള്‍ ഒരേ തരത്തില്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് കോടതി പറഞ്ഞു. ഇപ്പോഴത്തെ രീതി അത്ഭുതകരമാണ്. പ്രസവത്തിന്റെ കാര്യത്തില്‍ വിവേചനം എന്തുകൊണ്ടാണ്. പ്രസവം എവിടെയാണെങ്കിലും പ്രസവമാണ്. ആനുകൂല്യം കിട്ടാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്- കോടതി പറഞ്ഞു. ഈ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പിയുസിഎല്ലിന് കോടതി നിര്‍ദേശം നല്‍കി. പൊതുവിതരണ സംവിധാനം വഴി അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കോടതി നിര്‍ദേശം നല്‍കി.
No comments:
Post a Comment