Saturday, July 2, 2011

ഭീരുത്വത്തിന്റെ ആള്‍രൂപമായ മന്‍മോഹന്‍ സിംഗ്



  • പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളന പ്രഹസനവും അതില്‍ കൈക്കൊണ്ട നിലപാടുകളും അദ്ദേഹം വഹിക്കുന്ന ഉന്നതസ്ഥാനത്തിന് നിരക്കാത്ത ഭീരുത്വത്തെയാണ് വെളിവാക്കുന്നത്. തനിക്ക് സ്വീകാര്യരെന്ന് മന്‍മോഹന്‍സിങ് കരുതുന്ന അഞ്ചുപത്രാധിപന്മാരെമാത്രം ക്ഷണിച്ചു. പ്രധാനമന്ത്രിക്ക് അസൗകര്യകരമാകുന്ന ചോദ്യങ്ങളെല്ലാം അവര്‍ ഒഴിവാക്കി. പ്രധാനമന്ത്രിയാകട്ടെ, തനിക്ക് സൗകര്യമുള്ള വിഷയങ്ങള്‍മാത്രം പരാമര്‍ശിച്ചു. പത്രാധിപന്മാര്‍ ചായ കുടിച്ചുപിരിഞ്ഞു. ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ രീതി. ജനാധിപത്യരാഷ്ട്രങ്ങളിലൊക്കെ ഭരണാധിപന്മാര്‍ ഇടയ്ക്കിടെ തുറന്ന വാര്‍ത്താസമ്മേളനങ്ങള്‍ നടത്താറുണ്ട്.വിവേചനരഹിതമായി മാധ്യമപ്രവര്‍ത്തകരെ അതില്‍ പ്രവേശിപ്പിക്കാറുണ്ട്. ഏതുതരത്തിലുള്ള ചോദ്യങ്ങളെയും സ്വാഗതം ചെയ്യാറുണ്ട്. വ്യക്തമാക്കാനുള്ള കാര്യങ്ങള്‍ വിശദീകരിക്കാറുമുണ്ട്. ഈ വിധത്തിലുള്ള മാധ്യമസമ്മേളനങ്ങള്‍ ഇന്ത്യയില്‍ പല പ്രധാനമന്ത്രിമാരും വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തിപോന്നിട്ടുമുണ്ട്. എന്നാല്‍ , ഡോ. മന്‍മോഹന്‍സിങ് അത് ഏതാണ്ട് ഒഴിവാക്കിയ മട്ടാണ്. അതിനു പകരമായാണ്, തനിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവരെമാത്രം വിളിച്ചുചേര്‍ക്കുന്ന ഈ പരിപാടി. ജനാധിപത്യത്തിനു സഹജമായുണ്ടാകേണ്ട സുതാര്യതയ്ക്ക് ചേരാത്ത ഈ പരിപാടിയെ ഭീരുത്വമെന്നല്ലാതെ വിശേഷിപ്പിക്കുകവയ്യ. പത്രാധിപന്മാരുമായി നടത്തിയ സംവാദത്തിന്റെ ഉള്ളടക്കമെടുത്താലും ഈ ഭീരുത്വംതന്നെ കാണാം. മന്‍മോഹന്‍സിങ് പറഞ്ഞ പ്രധാന കാര്യം, ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രി വരുന്നതിനോട് വ്യക്തിപരമായി തനിക്ക് എതിര്‍പ്പില്ലെങ്കിലും അത്തരമൊരു വ്യവസ്ഥ, അസ്ഥിരതയുണ്ടാക്കുമെന്നാണ് ക്യാബിനറ്റിലെ തന്റെ സഹപ്രവര്‍ത്തകര്‍ കരുതുന്നത് എന്നാണ്. പ്രധാനമന്ത്രിസ്ഥാനത്തെ ലോക്പാല്‍ പരിശോധനാപരിധിയില്‍ വരുത്തേണ്ടതില്ലെന്നു ചുരുക്കം. പ്രധാനമന്ത്രിയുടെ ഭീരുത്വത്തിന് ഇതേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. പ്രോസിക്യൂഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിസ്ഥാനത്തെ പവിത്രത കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയിട്ടില്ല നമ്മുടെ ഭരണഘടന. പ്രധാനമന്ത്രിസ്ഥാനം ഒരുവിധ പരിശോധനയ്ക്കും വിധേയമായിക്കൂടാ എന്ന് ഭരണഘടനാനിര്‍മാതാക്കള്‍ വിഭാവനം ചെയ്തിട്ടുമില്ല. ഇതാണ് ഭരണഘടനാനില എന്നിരിക്കെ, ലോക്പാല്‍ ബില്‍ നിയമമാകുമ്പോള്‍ , പ്രധാനമന്ത്രിസ്ഥാനത്തിനുമാത്രം ഒഴിവുകല്‍പ്പിക്കണമെന്ന് പറയുന്നതെന്തിനാണ്? ഭരണഘടനയുടെ 361-ാം വകുപ്പുപ്രകാരം ക്രിമിനല്‍ നടപടിക്രമങ്ങളില്‍നിന്ന് ഒഴിവുകല്‍പ്പിക്കപ്പെട്ടിട്ടുള്ളത് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കുമാണ്. അതുതന്നെയും അവര്‍ ആ സ്ഥാനം വഹിക്കുന്ന കാലയളവില്‍മാത്രം. അതുകൊണ്ടാണല്ലോ, പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങിയ ഉടന്‍ നരസിംഹറാവുവിന് കോടതി വരാന്തയില്‍ അലയേണ്ട സ്ഥിതിയുണ്ടായത്. ആ സ്ഥിതി തനിക്കുണ്ടാകാതിരിക്കാന്‍ , മന്‍മോഹന്‍സിങ് ചെയ്യേണ്ടത് അഴിമതികള്‍ക്കും കുംഭകോണങ്ങള്‍ക്കും അധ്യക്ഷതവഹിക്കുന്ന പരിപാടി നിര്‍ത്തുകയാണ്. അതിന് അദ്ദേഹത്തിനു കഴിയുന്നില്ല. അതുകൊണ്ടുതന്നെ, പരിശോധനകളില്‍നിന്ന് സ്വയം സുരക്ഷിതനായി മാറിനില്‍ക്കാന്‍ തക്കവിധമുള്ള നിയമങ്ങളുണ്ടാക്കാമെന്ന് അദ്ദേഹം കരുതുന്നു. രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണമായ 1,76,643 കോടി രൂപയുടെ സ്പെക്ട്രം ഇടപാടിലടക്കം, സംശയത്തിന്റെ സൂചി നീണ്ടുചെല്ലുന്നത് ഡോ. മന്‍മോഹന്‍സിങ്ങിലേക്കാണ്. അദ്ദേഹം അറിയാതെ അത്തരമൊരു കുംഭകോണം നടക്കില്ല എന്നത് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ അപേക്ഷകള്‍ കിട്ടിക്കഴിഞ്ഞയുടന്‍ അവസാനതീയതിക്ക് വളരെമുമ്പ് അപേക്ഷ സ്വീകരിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രിയായിരുന്ന രാജയ്ക്ക് കഴിഞ്ഞത്, അത് മന്‍മോഹന്‍സിങ് അനുവദിച്ചതുകൊണ്ടുകൂടിയാണ്.
  • അത് നിയമവിരുദ്ധമായി അനുവദിക്കാന്‍ മന്‍മോഹന്‍സിങ്ങിനെ പ്രേരിപ്പിച്ചത് എന്താണ്? ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്. എസ് ബാന്‍ഡ് ഇടപാട് ഇതേപോലുള്ളതോ ഇതിലും കവിഞ്ഞതോ ആയ മറ്റൊരു കുംഭകോണത്തിനുള്ള അരങ്ങൊരുക്കലായിരുന്നു. മാധ്യമ ജാഗ്രത അത് തടഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിയതടക്കം ഒരു ഡസനിലേറെ മഹാകുംഭകോണങ്ങളാണ് മന്‍മോഹന്‍സിങ്ങിന്റെ കാര്‍മികത്വത്തില്‍ നടന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഭയമുണ്ടാവുക സ്വാഭാവികം. ആ ഭയത്തിന്റെ കരിനിഴലാണ് വാര്‍ത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്. ലോക്പാല്‍ പരിശോധനയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള വ്യഗ്രതയില്‍ പ്രതിഫലിക്കുന്നതും ഇതേ ഭീരുത്വംതന്നെ. നേരിട്ട് ഭരണനിര്‍വഹണത്തിലിടപെടാത്ത രാഷ്ട്രപതിക്കുള്ള പ്രത്യേകാവകാശം തനിക്കുകൂടി എടുത്തണിഞ്ഞാല്‍ കൊള്ളാമെന്നാണ് അഴിമതികള്‍ തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ ആഗ്രഹം. ജനാധിപത്യം ഇത് അനുവദിക്കുന്നില്ല. പ്രധാനമന്ത്രിയുടെ അഴിമതി പരിശോധിച്ചാല്‍ രാഷ്ട്രത്തിന് അസ്ഥിരതയുണ്ടാകുമെന്ന വാദം എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നു മനസിലാകുന്നില്ല. പ്രധാനമന്ത്രിസ്ഥാനത്തിനുമേലെയാണ് രാഷ്ട്രം എന്നത് അദ്ദേഹം ഇനിയും മനസിലാക്കിയിട്ടുണ്ടാകില്ല. ഇതൊക്കെ സംബന്ധിച്ച് ഉത്തരം പറയാനാകാത്ത തരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്നറിയാവുന്നതുകൊണ്ടാണ് മന്‍മോഹന്‍സിങ് വിപുലമായ വാര്‍ത്താസമ്മേളനങ്ങള്‍ പാടേ ഉപേക്ഷിച്ചിരിക്കുന്നത്. ഏഴുവര്‍ഷത്തിനിടയില്‍ രണ്ടു വാര്‍ത്താസമ്മേളനങ്ങള്‍മാത്രം. അഴിമതിപരമ്പരകള്‍ പുറത്തുവന്നു തുടങ്ങിയതുമുതല്‍ വാര്‍ത്താസമ്മേളനങ്ങളേയില്ല. ചോദ്യങ്ങള്‍ക്കൊന്നും തന്റെ പക്കല്‍ ഉത്തരമില്ലെന്ന തുറന്ന കുറ്റസമ്മതമല്ലാതെ മറ്റൊന്നുമല്ല ഈ മൗനത്തിനു പിന്നിലുള്ളത്.
  • അതിരൂക്ഷമായ വിലക്കയറ്റംമുതല്‍ മഹാകുംഭകോണങ്ങള്‍വരെയായി നിരവധി പ്രശ്നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഈ രാഷ്ട്രത്തിന്റെ, ഇവിടത്തെ ജനതയുടെ മനസ്സിലുണ്ട്. പ്രധാനമന്ത്രി അതിനൊക്കെ ഉത്തരം പറയാന്‍ ബാധ്യസ്ഥനുമാണ്. പക്ഷേ, ചോദ്യങ്ങളില്‍നിന്നെല്ലാം ഒളിച്ചോടുകയാണ് മന്‍മോഹന്‍സിങ് ചെയ്യുന്നത്. ഇഷ്ട പത്രാധിപന്മാരുമായുള്ള സംഭാഷണമധ്യത്തില്‍ അഴിമതി തുറന്നുകാട്ടിയ ഭരണഘടനാസ്ഥാപനത്തെ അഭിനന്ദിക്കാനല്ല, മറിച്ച് ആ സ്ഥാപനത്തിന്റെ വക്താവ് അഴിമതിയുടെ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചതിനെ അനുചിതമെന്നുവിശേഷിപ്പിക്കാനാണ് പ്രധാനമന്ത്രി തയ്യാറായത് എന്നതും ശ്രദ്ധിക്കണം. 2ജി സ്പെക്ട്രം ഇടപാട് സംബന്ധിച്ച് സിഎജി വാര്‍ത്താസമ്മേളനം നടത്തിയതിനെതിരെയായിരുന്നു പ്രധാനമന്ത്രിയുടെ രോഷം. 2005ല്‍ മദിരാശി ഹൈക്കോടതി സിഎജിയുടെ ഈ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിപ്രസ്താവം നടത്തിയിട്ടുണ്ട്. അഴിമതിയുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ അവസരമുണ്ടാക്കുന്നതാണ് അത്തരം വാര്‍ത്താസമ്മേളനങ്ങള്‍ എന്നാണ് പി ജി നാരായണന്‍ - സിഎജി കേസില്‍ കോടതിപറഞ്ഞത്. കോടതി ഉത്തരവുണ്ടായിട്ടും സഹിഷ്ണുത പുലര്‍ത്താന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തത് ഭീരുത്വത്തിന്റെ മറ്റൊരു ലക്ഷണമാണ്. പത്രാധിപന്മാരുമായുള്ള നൂറുമിനിറ്റുനീണ്ട ചര്‍ച്ചയ്ക്കിടെ ഒരു ഘട്ടത്തില്‍പ്പോലും പ്രധാനമന്ത്രിക്ക് അസുഖകരമാകുന്ന ഒരു ചോദ്യവും "തെരഞ്ഞെടുക്കപ്പെട്ട" പത്രാധിപന്മാര്‍ ഉന്നയിച്ചില്ല എന്നത് പത്രപ്രവര്‍ത്തനരംഗം ഇന്ന് ഏതുരൂപത്തിലെത്തിനില്‍ക്കുന്നുവെന്നതിന്റെകൂടി ദൃഷ്ടാന്തമാകുന്നുണ്ട്. രാഹുല്‍ പിന്‍ഗാമിയാകുമോ?
  • സോണിയയുമായുള്ള ബന്ധമെങ്ങനെ? എന്നിങ്ങനെയുള്ള സുഖപ്രദമായ ചോദ്യങ്ങളില്‍ അഭിരമിക്കുകയാണ് പത്രാധിപന്മാര്‍ ചെയ്തത്. ദോഷങ്ങള്‍മാത്രം കാണുന്ന ഒരു അന്തരീക്ഷം ഇന്ത്യയില്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചപ്പോഴും ഈ പത്രാധിപന്മാര്‍ക്ക് പ്രതികരണമുണ്ടായില്ല. ഇന്ത്യന്‍ ഭരണാധികാരത്തിന്റെ ചുക്കാന്‍പിടിക്കുന്ന മന്‍മോഹന്‍സിങ്ങും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സോണിയ ഗാന്ധിയും ഒരുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രാപ്യരാവുകയാണ്. പത്രാധിപനിരയിലെ ചില വൈതാളികരുമായുള്ള ബന്ധംകൊണ്ട്, പത്രങ്ങളിലൂടെ ജനങ്ങളുമായുണ്ടാകേണ്ട നിരന്തരബന്ധത്തെ പകരംവയ്ക്കാമെന്നാണ് ഇവര്‍ കരുതുന്നത്. പ്രധാനമന്ത്രി നേരിട്ടുവന്ന് മാധ്യമങ്ങളിലൂടെ തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് ജനങ്ങള്‍ ജനാധിപത്യത്തില്‍ കരുതും. അത് ജനങ്ങളുടെ അവകാശമാണുതാനും. എന്നാല്‍ , ആ അവകാശസംരക്ഷണകാര്യത്തില്‍പ്പോലും മന്‍മോഹന്‍സിങ്ങിനെ അദ്ദേഹത്തിന്റെ ഭീരുത്വം തടയുകയാണ്. ജനാധിപത്യത്തിന്റെ ദയനീയാവസ്ഥയെയാണ് ഇത് കാണിക്കുന്നത്.



No comments:

Post a Comment