Wednesday, July 13, 2011

പെട്രോളിയം: ലക്ഷ്യം മറന്നത് വിനയായി

Posted on: 10 Jul 2011



പെട്രോളിയം ഉത്പന്നവിലയുടെ ചാഞ്ചാട്ടം നിയന്ത്രിക്കേണ്ടത് ജനജീവിതം സംരക്ഷിക്കാനും ദേശീയപുരോഗതിക്കും അനിവാര്യമാണ്. പെട്രോളിയം ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയല്ലാതെ അതിന് വേറെ എളുപ്പവഴിയൊന്നുമില്ല
  • പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആഗോള മാര്‍ക്കറ്റില്‍ എണ്ണവില ഉയരുന്നതിനാല്‍ വിലവര്‍ധനയല്ലാതെ പോംവഴിയില്ലെന്നാണ് ഭരണാധികാരികള്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷമാകട്ടെ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും വിലവര്‍ധന ഒഴിവാക്കാമായിരുന്നുവെന്നു വാദിക്കുന്നു. പ്രശ്‌നത്തിന്റെ മൗലിക കാരണത്തിലേക്കും അടിസ്ഥാന പരിഹാരത്തിലേക്കും പോകുന്നില്ലെന്നുള്ളതാണ് ഇപ്പോള്‍ നടക്കുന്ന ഈ ഭരണപക്ഷ-പ്രതിപക്ഷ വിവാദത്തിന്റെ പരിമിതി.
  • 1980-കളുടെ മധ്യമായപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ 70 ശതമാനത്തിലധികം സ്വയംപര്യാപ്തത ഇന്ത്യ കൈവരിച്ചിരുന്നു. അത് വീണ്ടും വര്‍ധിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ളശേഷി പൂര്‍ണമായി ആര്‍ജിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 80-കളുടെ രണ്ടാം പകുതിമുതല്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍നിന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ പിറകോട്ടുപോയി. അതേസമയംതന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം അതിവേഗം വര്‍ധിക്കാനിടയാക്കുന്ന നയങ്ങള്‍ നടപ്പാക്കി. അങ്ങനെ ഒരുഭാഗത്ത് ഉത്പാദനം വര്‍ധിപ്പിക്കാതിരിക്കുകയും മറുഭാഗത്ത് ഉപഭോഗം കുതിച്ചുയരുകയും ചെയ്തപ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. ആഗോളവിപണിയിലെ പെട്രോളിയം വിലവര്‍ധന ഇന്ത്യയിലെ ജനജീവിതത്തെ നിരന്തരം വെല്ലുവിളിക്കുന്ന ഭീഷണി അങ്ങനെയാണ് സംജാതമായത്. പെട്രോളിയം രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കല്‍ ഒരു ദേശീയലക്ഷ്യമായി അംഗീകരിക്കല്‍ മാത്രമാണ് ഇതിനുപരിഹാരം. പക്ഷേ, അക്കാര്യമാണ് ഇതുസംബന്ധിച്ച വിവാദങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടാതെ പോകുന്നത്. 
  • 1956 - ലെ വ്യവസായ നയ പ്രഖ്യാപനത്തില്‍ മറ്റുപല സുപ്രധാന മേഖലകളോടൊപ്പം എണ്ണയെയും മര്‍മപ്രധാന വ്യവസായമായി പ്രഖ്യാപിച്ചു. അതിലുള്‍പ്പെട്ട അടിസ്ഥാനവ്യവസായങ്ങളുടെ വികസനം പൊതുമേഖലയുടെ ചുമതലയായി അംഗീകരിക്കപ്പെട്ടു. 1956-ല്‍ സോവിയറ്റ് യൂണിയന്റെയും റുമേനിയയുടെയും സഹായത്തോടെ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മീഷന്‍ (ഒ.എന്‍.ജി.സി.) രൂപവത്കരിക്കപ്പെട്ടത് അതിന്റെ ഭാഗമായാണ്.
  • ഇന്ത്യയില്‍ എണ്ണ പര്യവേക്ഷണം ഗൗരവപൂര്‍വം ആരംഭിച്ചത് 1921-ല്‍ ബര്‍മ ഓയില്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ആഭിമുഖ്യത്തിലായിരുന്നു. രണ്ടരലക്ഷം ടണ്ണായിരുന്നു അക്കാലത്തെ പ്രതിവര്‍ഷ ഉത്പാദനം. അസം മേഖലയില്‍ മാത്രമാണ് എണ്ണനിക്ഷേപമുള്ളതായി അന്ന് കരുതപ്പെട്ടത്. ഒ.എന്‍.ജി.സി.യുടെ ആഭിമുഖ്യത്തില്‍ സോവിയറ്റ് സഹായത്തോടെയാണ് പര്യവേക്ഷണം വ്യാപകമാക്കുന്നത്. അങ്ങനെയാണ് മുംബൈ തീരത്തിനടുത്തുള്ള കടലില്‍ 1970 - കളിലും കാവേരി, കൃഷ്ണ-ഗോദാവരി നദീതടങ്ങളില്‍ 1980 - കളിലും എണ്ണനിക്ഷേപം കണ്ടെത്തുന്നത്. കൂടാതെ ഗുജറാത്തിലും ഗംഗാ നദീതടത്തിലും മറ്റും ഒട്ടേറെ എണ്ണനിക്ഷേപം കണ്ടെത്താനായിട്ടുണ്ട്. മുംബൈ ഹൈയിലെ എണ്ണ ഖനനം ഇന്ത്യയുടെ സ്വയംപര്യാപ്തത വര്‍ധിപ്പിച്ചു. 1985 ആയപ്പോള്‍ ഉപഭോഗത്തിന്റെ 70 ശതമാനംവരെ ഇന്ത്യ സ്വയം ഉത്പാദിപ്പിക്കുന്ന സ്ഥിതി എത്തി; അതും പൊതുമേഖലയുടെ നിയന്ത്രണത്തില്‍. 
  • എന്നാല്‍ 1980 - കളുടെ മധ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ നയത്തില്‍ രണ്ടു പ്രധാനപ്പെട്ട വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടാനാരംഭിച്ചു. പര്യവേക്ഷണ ചെലവുള്‍പ്പെടെ പരിഗണിക്കുമ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് ആദായകരമെന്ന് വ്യാഖ്യാനിച്ച് സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍നിന്ന് പിന്‍വാങ്ങിയെന്നതാണ് ഒന്നാമത്തെ നയംമാറ്റം. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ എണ്ണഖനനത്തിലും ശുദ്ധീകരണത്തിലും പൊതുമേഖലയുടെ ആധിപത്യമുപേക്ഷിച്ച് സ്വകാര്യമേഖലയെ ഈ രംഗത്തേക്ക് പ്രവേശിപ്പിച്ചു എന്നതാണ് രണ്ടാമത്തെ നയവ്യതിയാനം. ഇവ രണ്ടിന്റെയും ഫലമായി ആഭ്യന്തര എണ്ണ ഉത്പാദനം വര്‍ധിപ്പിക്കല്‍ സര്‍ക്കാറിന്റെ മുന്‍ഗണനയല്ലാതായി. ഖനനം നടത്തിവന്ന എണ്ണക്കിണറില്‍ ചിലത് വറ്റിയതോടെ പലപ്പോഴും ഉത്പാദനത്തില്‍ നേരിട്ടുള്ള കുറവുതന്നെ അനുഭവപ്പെട്ടു. ഉള്ള ആഭ്യന്തര ഉത്പാദനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ധിച്ചുവന്നു. അതോടെ റിലയന്‍സ് പോലുള്ള കുത്തകകള്‍ ഇന്ത്യാഗവണ്‍മെന്റിന്റെ എണ്ണനയത്തെ സ്വാധീനിക്കാനാരംഭിച്ചു. 1991-ല്‍ ഉദാരീകരണനയം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍തന്നെ ലാഭം വര്‍ധിപ്പിക്കല്‍ ലക്ഷ്യമായി അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. പ്രധാനപ്പെട്ട ഊര്‍ജ സ്രോതസ്സായ എണ്ണ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി കാര്‍ഷിക-വ്യാവസായിക പുരോഗതി ത്വരപ്പെടുത്തുകയും ജനജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതിനുപകരം ലാഭേച്ഛയായി ഇന്ത്യാഗവണ്‍മെന്റിന്റെ പെട്രോളിയം നയത്തിനാധാരം.
  • 1980 - കളുടെ മധ്യത്തോടെ, അതായത് രാജീവ്ഗാന്ധി ഭരണകാലംമുതല്‍ ആരംഭിച്ച മറ്റൊരു നയമാണ് സമ്പന്നരുടെ സുഖഭോഗജീവിതത്തെ ആസ്പദമാക്കിയ സാമ്പത്തികവളര്‍ച്ചയുടെയും വ്യവസായ വികസനത്തിന്റെയും പാത. അതിന്റെ ഭാഗമായി കാറുകളുടെയും മറ്റും ഇറക്കുമതി ഉദാരീകരിച്ചുവെന്നുമാത്രമല്ല നിരവധി ഇളവുകള്‍ നല്‍കി ഓട്ടോമൊബൈല്‍ കുത്തകകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുവരാനുമാരംഭിച്ചു. സമാന്തരമായി പൊതു ഗതാഗത സമ്പ്രദായം മെച്ചപ്പെടുത്തുന്നതിലുള്ള ഊന്നല്‍ കുറയുകയും വായ്പാനയവും മറ്റും വഴി സ്വകാര്യ ഓട്ടോമൊബൈല്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് എണ്ണ ഉപഭോഗം കുതിച്ചുയരാനിടയാക്കി. 
  • ഇങ്ങനെ ഒരുഭാഗത്ത് എണ്ണയുടെ ആഭ്യന്തര ഉത്പാദനം കുറയുകയും മറുഭാഗത്ത് എണ്ണ ഉപഭോഗം വര്‍ധിക്കുകയും ചെയ്തതോടെ എണ്ണ ഇറക്കുമതിയിന്‍മേലുള്ള രാജ്യത്തിന്റെ ആശ്രിതത്വം വര്‍ധിച്ചു. എണ്ണയുടെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലവര്‍ധന ദേശീയ സമ്പദ്‌വ്യവസ്ഥയിലും ജനജീവിതത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനാരംഭിച്ചു. പ്രധാനമന്ത്രി ഈയിടെ പ്രമുഖ മാധ്യമങ്ങളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഉയര്‍ന്നുവന്ന ഒരു പ്രധാനചോദ്യം സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്നില്ല എന്നതായിരുന്നു. ആഗോള എണ്ണവിപണി തന്റെ നിയന്ത്രണത്തിലല്ല എന്നായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍സിങ് അതിനുനല്‍കിയ ഉത്തരം. പ്രധാനമന്ത്രിയുടെ ഈ നിസ്സഹായതയ്ക്കടിസ്ഥാനം 1980-കളുടെ മധ്യംമുതല്‍ നടപ്പാക്കിയ നയവ്യതിയാനങ്ങളാണ്.
  • രാജ്യത്തിന്റെ ഊര്‍ജാവശ്യത്തിന്റെ വലിയൊരുപങ്കും നിറവേറ്റുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. എന്നിട്ടും എണ്ണപര്യവേക്ഷണത്തിന് മതിയായ ഊന്നല്‍ നല്‍കുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. കണ്ടെത്തിയ എണ്ണ നിക്ഷേപങ്ങള്‍പോലും പലതും ഇന്നുപയോഗിക്കുന്നില്ല. മുതല്‍മുടക്കാന്‍ സര്‍ക്കാറിന് പണമില്ലെന്നതാണ് ഇതിനെല്ലാമുള്ള ന്യായം. അതേ ന്യായത്തില്‍ ഒ.എന്‍.ജി.സി. കണ്ടെത്തിയ എണ്ണനിക്ഷേപങ്ങള്‍തന്നെ റിലയന്‍സിനും കെയിണ്‍ എനര്‍ജിക്കും മറ്റും വിട്ടുകൊടുക്കുന്നു. രാജ്യം തുടര്‍ച്ചയായി എട്ട് ശതമാനത്തിനടുത്ത് സാമ്പത്തികവളര്‍ച്ച നേടുമ്പോള്‍ അടിസ്ഥാന വ്യവസായത്തില്‍പ്പോലും മുടക്കാന്‍ സര്‍ക്കാറിന് പണമില്ലാതാകുന്നത് എങ്ങനെയാണ്? സാമ്പത്തികവളര്‍ച്ചയുടെ നേട്ടങ്ങള്‍ മുഴുവന്‍ സ്വകാര്യകുത്തകകള്‍ തട്ടിയെടുക്കുന്നതാണ് കാരണം. ദേശീയോത്പാദനവുമായുള്ള അനുപാതം നോക്കിയാല്‍ നികുതിനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാമ്രാജ്യത്വ ആഗോളീകരണനയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഉദാരീകരണത്തിന്‍കീഴില്‍ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനെന്നപേരില്‍ കുത്തകകള്‍ക്ക് വീണ്ടുംവീണ്ടും നികുതിയിളവുകളാണ് നല്‍കപ്പെടുന്നത്. അങ്ങനെ സര്‍ക്കാറിന്റെ സ്വയംകൃതാനര്‍ഥമാണ് സാമ്പത്തികശേഷിയില്ലായ്മ. എന്നിട്ടതിന്റെപേരില്‍ ആഗോള എണ്ണക്കമ്പനികള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കും എണ്ണവില വര്‍ധനവഴി രാജ്യത്തെ പന്താടാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.എണ്ണയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമാണ്. ഊര്‍ജസുരക്ഷ ഉറപ്പാക്കേണ്ടത് രാഷ്ട്രീയ സ്വാതന്ത്ര്യവും ദേശീയ പരമാധികാരവും സംരക്ഷിക്കുന്നതിന് അനിവാര്യവും. അന്താരാഷ്ട്ര എണ്ണവില നിയന്ത്രിക്കുന്നത് ആഗോള കുത്തകകളാണ്. ഇന്ത്യയുടെ സാമ്പത്തികപുരോഗതിയും ജനജീവിതവും അവര്‍ക്ക് അമ്മാനമാടാന്‍ കഴിയാതിരിക്കണമെങ്കില്‍ എണ്ണ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ദേശീയലക്ഷ്യമായി അംഗീകരിക്കണം. എണ്ണപോലുള്ള മര്‍മപ്രധാനമേഖലയില്‍ പൊതുമേഖലയ്ക്കായിരിക്കണം ആധിപത്യം. 
  • ഒരുകാലത്ത് ഇന്ത്യയിലെ പെട്രോളിയം വിപണനരംഗത്ത് എസ്സോ, കാല്‍ടെക്‌സ്, ബര്‍മാഷെല്‍ എന്നീ വിദേശകുത്തകകള്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. അത് ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍, അവ ദേശസാത്കരിക്കപ്പെടുകയാണുണ്ടായത്. കെ.ജി. ബേയ്‌സിന്‍ എണ്ണയുടെ വില നിശ്ചയിക്കുന്നതിന് റിലയന്‍സ് കമ്പനി ഉത്പാദനച്ചെലവ് കൃത്രിമമായി ഉയര്‍ത്തിക്കാട്ടിയെന്നും ഇന്ത്യാഗവണ്‍മെന്റ് അതിന് കൂട്ടുനിന്നുവെന്നും ഉള്ള വിമര്‍ശനം കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) ഉയര്‍ത്തിയിരിക്കുകയാണ്. സ്വകാര്യകമ്പനികള്‍ക്ക് ഉയര്‍ന്നലാഭം ലഭിക്കത്തക്കവണ്ണം പെട്രോളിയം വിലവര്‍ധനയ്ക്കുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ സുതാര്യമായി സൂക്ഷിക്കുകയാണെന്നുള്ള ആരോപണം ഇപ്പോഴത്തെ വിലവര്‍ധനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. പെട്രോളിയം വ്യവസായം പൂര്‍ണമായി പൊതുമേഖലയിലാക്കുകയും ആ രംഗത്ത് ഇന്നുള്ള സ്വകാര്യ കമ്പനികള്‍കൂടി ദേശസാത്കരിക്കുകയും ചെയ്യലാണ് ഇത്തരം അഴിമതിക്കും അതുമൂലമുള്ള വിലക്കയറ്റത്തിനും പരിഹാരം.
  • ഇക്കാര്യങ്ങളിലെല്ലാം ചൈനയെ ഒരു മാതൃകയായി ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്നതാണ്. സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ പെട്രോളിയം ഉത്പാദനം പ്രതിദിനം 2.5 ലക്ഷം ബാരലായിരുന്നെങ്കില്‍ ചൈന 1949-ല്‍ ഒരുതുള്ളി എണ്ണപോലും ഉത്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഏതാണ്ട് നാല് ദശലക്ഷം ബാരല്‍ പ്രതിദിന ഉത്പാദനവുമായി ചൈന ലോകത്ത് നാലാം സ്ഥാനത്താണ്. (റഷ്യ, സൗദി അറേബ്യ, യു.എസ്. എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ വഹിക്കുന്നത്.) ഇന്ത്യയാകട്ടെ കഷ്ടിച്ച് 0.9 ദശലക്ഷം ബാരല്‍ പ്രതിദിന ഉത്പാദനവുമായി 23-ാം സ്ഥാനത്തും. ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പ്പറേഷന്‍, ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, സിനോപെക് എന്നീ പൊതുമേഖലാസ്ഥാപനങ്ങളാണ് ചൈനയില്‍ ഈ രംഗം പൂര്‍ണമായി നിയന്ത്രിക്കുന്നത്. അതുകൊണ്ട് വലിയ വളര്‍ച്ച നേടാന്‍ കഴിഞ്ഞുവെന്നുമാത്രമല്ല, പെട്രോളിയം ഉത്പന്നങ്ങളുടെ വില താരതമ്യേന വളരെക്കുറവുള്ള രാജ്യമാണ് ചൈന.
  • ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ജനങ്ങളുടെമേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുമെന്നുമാത്രമല്ല, രാജ്യത്തിന്റെ വികസനപ്രക്രിയയെത്തന്നെ താറുമാറാക്കുമെന്നും ഉദ്ദേശിച്ച വളര്‍ച്ചനിരക്ക് നേടാനാകാതെ വരുമെന്നുമാണ് ഭരണവൃത്തങ്ങളില്‍പ്പോലുമുള്ള ആശങ്ക. പണപ്പെരുപ്പം വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത തകര്‍ക്കും. അന്താരാഷ്ട്രരംഗത്തെ ഏതുസംഘര്‍ഷാവസ്ഥയും പ്രകൃതിക്ഷോഭവും പെട്രോളിയം വിലവര്‍ധനയ്ക്ക് കാരണമായേക്കാം എന്നതാണ് ഇന്നത്തെ സ്ഥിതി. അതുകൊണ്ട് പെട്രോളിയം ഉത്പന്നവിലയുടെ ചാഞ്ചാട്ടം നിയന്ത്രിക്കേണ്ടത് ജനജീവിതം സംരക്ഷിക്കാനും ദേശീയപുരോഗതിക്കും അനിവാര്യമാണ്. പെട്രോളിയം ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയല്ലാതെ അതിന് വേറെ എളുപ്പവഴിയൊന്നുമില്ല. സ്വകാര്യ കമ്പനികള്‍ ദേശസാത്കരിച്ച് പെട്രോളിയം രംഗം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവന്നാല്‍ ലാഭേച്ഛയ്ക്കുപകരം സാമൂഹികപുരോഗതി ലക്ഷ്യമാക്കി വിലനിര്‍ണയിക്കാനും കഴിയും.
  •  
                                             കടപ്പാട് വി ബി ചെറിയാന്‍

No comments:

Post a Comment