Tuesday, July 12, 2011

കേന്ദ്രമന്ത്രിക്കു വേണ്ടി അപായച്ചങ്ങല വലിച്ചത് വിവാദമായി

          മന്ത്രിക്കെന്താ കൊമ്പുണ്ടോ ?
കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലിന് ആലപ്പുഴ സ്റ്റേഷനില്‍ ഇറങ്ങാന്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത് വിവാദമായി. അന്വേഷണം നടത്തിയ റെയില്‍വെ ഉദ്യോഗസ്ഥര്‍ ഉന്നതതലത്തില്‍ റിപ്പോര്‍ട്ടു നല്‍കിയിട്ടും നടപടിയൊന്നു ഉണ്ടായില്ല. ജൂണ്‍ 25ന് പുലര്‍ച്ചെ നാലിന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മാവേലി എക്സ്പ്രസില്‍ ആലപ്പുഴയിലേക്കു വരികയായിരുന്നു മന്ത്രി. ട്രെയിന്‍ ആലപ്പുഴ എത്തിയപ്പോള്‍ മന്ത്രി ഉറക്കമായിരുന്നു. സ്റ്റേഷന്‍ വിട്ടപ്പോഴാണ് ഉണര്‍ന്നത്. ഉടന്‍ ഗണ്‍മാന്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അകാരണമായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയാല്‍ പിഴയും തടവുമാണ് ശിക്ഷ. കേന്ദ്രമന്ത്രിയായതിനാല്‍ നടപടിയെടുക്കാത്തത് വിവാദമായി. ടിടിഇയാണ് അപായചങ്ങല വലിച്ചതെന്നു പറഞ്ഞ് വിവാദം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍ . തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റാണ് മന്ത്രി എടുത്തിരുന്നത്. ആലപ്പുഴയില്‍ ഇറങ്ങുന്നതു സംബന്ധിച്ചു വിവരം നല്‍കിയിരുന്നില്ല. ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്കും ഡിവിഷണല്‍ ഓഫീസര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കിയെങ്കിലും റെയില്‍വെ കണ്ണടയ്ക്കുകയാണ്.

No comments:

Post a Comment