Thursday, July 21, 2011

നാണം ഉണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇനി രാജി വയ്ക്കാം

"മാണി സാറേ അവരെ (പ്രതിപക്ഷത്തെ) പ്രൊവോക്ക് ചെയ്യൂ"- മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുപറഞ്ഞു. "അയ്യോ കുഴപ്പമാകും"- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തി ചിലര്‍ അടക്കംപറഞ്ഞു. വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ വിലാപം. ബെന്നി ബഹനാനും ടി എന്‍ പ്രതാപനും സഭയ്ക്ക് പുറത്തേയ്ക്കും അകത്തേയ്ക്കും ഓടി. "ഇനി എത്ര പേര്‍ വേണം" ആര്യാടന്‍ മുഹമ്മദ് ആരാഞ്ഞു. മാണി പ്രസംഗിക്കൂ- ടി എം ജേക്കബിന്റെ നിര്‍ദേശം.. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കൊടുവില്‍ നിയമസഭ സാക്ഷ്യം വഹിച്ചത് ഈ നാടകീയ രംഗങ്ങള്‍ക്കാണ്. ഓഗസ്ത് മുതല്‍ മൂന്നുമാസത്തേയ്ക്കുള്ള സര്‍ക്കാരിന്റെ ചെലവുകള്‍ക്കുള്ള അംഗീകാരം തേടിയാണ് ധനവിനിയോഗ ബില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയും മന്ത്രിയുടെ മറുപടിയും കഴിഞ്ഞാല്‍ വകുപ്പ് തിരിച്ചുള്ള പരിഗണനയും മൂന്നാം വായനയുമാണ് കീഴ്വഴക്കം. ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ ധനമന്ത്രിയെ ആദ്യം വിളിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ പ്രസംഗിച്ചതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ബില്ല് പാസാക്കുന്ന ഘട്ടത്തിലേക്ക് കടന്നു. ബില്ല് പാസാക്കണമെന്ന അഭ്യര്‍ത്ഥനയാണ് മൂന്നാം വായനയില്‍ നടക്കാറ്. ഈ ഘട്ടമെത്തിയപ്പോഴാണ് ഭരണപക്ഷത്ത് ആള്‍ബലമില്ലെന്ന് മനസ്സിലാക്കി നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ വിളിച്ചുപറയുന്ന മന്ത്രിമാര്‍ . ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താന്‍ മൊബൈല്‍ ഫോണുമായി ഓടിനടക്കുന്ന ഭരണപക്ഷ നേതാക്കള്‍ . കല്ലിന് കാറ്റുപിടിച്ച മട്ടില്‍ സ്പീക്കറും. ഈ ബഹളത്തിനിടയിലും ഒന്നും അറിഞ്ഞില്ലെന്ന മട്ടുംഭാവവുമായി ചിലര്‍ ഇരിപ്പുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ , വി ഡി സതീശന്‍ , മന്ത്രി എം കെ മുനീര്‍ തുടങ്ങിയവര്‍ . സര്‍ക്കാര്‍ നിലംപൊത്തുന്ന പ്രതീതിയാണ് ഭരണപക്ഷത്ത് നിഴലിച്ചത്. ഇത് ഒഴിവാക്കാന്‍ പ്രകോപനമുണ്ടാക്കി സഭയില്‍ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെയും മറ്റും ആഹ്വാനം. സഭയില്‍ ഈ ബഹളമെല്ലാം നടക്കുമ്പോഴും ഭരണപക്ഷ അംഗങ്ങളില്‍ പലരും അതൊന്നും അറിഞ്ഞില്ല. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഓടിപിടച്ച് എത്തിയ കെ അച്യുതനെ ബെന്നി ബഹനാനും മറ്റും ശകാരിച്ചു. വര്‍ക്കല കഹാര്‍ മെക്കയിലേക്ക് പോകുന്നത് പ്രമാണിച്ച് പര്‍ച്ചേസ് നടത്തുന്ന തിരക്കിലായിരുന്നു. ഹൈബി ഈഡന്‍ ഡല്‍ഹിയിലും ടി യു കുരുവിള നാട്ടിലും.

No comments:

Post a Comment