Tuesday, June 7, 2011

മകളുടെ മെഡിക്കല്‍ സീറ്റ് വേണ്ടെന്നുവച്ചു: മന്ത്രി അടൂര്‍ പ്രകാശ്‌





പരിയാരം മെഡിക്കല്‍ കോളേജില്‍ തന്റെ മകള്‍ക്ക് ലഭിച്ച മെഡിക്കല്‍ പി.ജി സീറ്റ് വേണ്ടെന്നുവച്ചതായി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മകള്‍ക്ക് പി.ജി സീറ്റ് ലഭിക്കാന്‍ ആരോഗ്യമന്ത്രിയെന്ന നിലയിലൊ എം.എല്‍.എ എന്ന നിലയിലൊ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ല. മകളുടെ കാര്യത്തില്‍ ഏതൊരു രക്ഷകര്‍ത്താവും കാട്ടേണ്ട ഉത്തരവാദിത്വം മാത്രമാണ് താന്‍ കാട്ടിയത്. തനിക്കെതിരെ വ്യക്തിഹത്യ നടന്ന സാഹചര്യത്തിലാണ് സീറ്റ് വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

2011 മെയ് നാലിനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ തന്റെ മകള്‍ക്ക് പ്രവേശനം ലഭിച്ചത്. മാര്‍ച്ച് 14 നാണ് അപേക്ഷ ക്ഷണിച്ചത്. 31 ന് ടെസ്റ്റും അഭിമുഖവും നടന്നു. ലിസ്റ്റില്‍ പേരുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മകളെ മെഡിക്കല്‍ കോളേജില്‍ ചേര്‍ത്തു. ഇക്കാലത്ത് തിരഞ്ഞെടുപ്പ് ഫലം പോലും പുറത്തുവന്നിട്ടില്ല. എന്നാല്‍ 80 ലക്ഷം ഒന്നിച്ചടച്ചു, ഡിസ്‌കൗണ്ട് വാങ്ങി എന്നൊക്കെപ്പറഞ്ഞാണ് തനിക്കെതിരെ തേജോവധം നടത്തിയത്. 80 ലക്ഷം ഫീസായി നല്‍കിയിട്ടില്ല. എങ്ങും കള്ളപ്പണം നല്‍കിയിട്ടുമില്ല. പണം നല്‍കിയതിന്റെ രസതീത് തന്റെ കൈവശമുണ്ട്. കോളേജിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സംശയങ്ങള്‍ക്ക് അതീതനാവണം എന്നതിനാലാണ് മകളുടെ സീറ്റ് വേണ്ടെന്നുവച്ചത്. ഈ ആക്ഷേപത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും അവസരം നഷ്ടപ്പെടുത്തരുതെന്ന് കരുതിയാണ് തീരുമാനം എടുത്തതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിമാരുടെ മക്കള്‍ പ്രവേശനം നേടിയത് വഴിവിട്ട മാര്‍ഗത്തില്‍: വി.എസ്‌


തിരുവനന്തപുരം: ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകളും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ മകനും സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പി.ജിക്ക് പ്രവേശനം നേടിയത് വഴിവിട്ട മാര്‍ഗത്തിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നിട്ടും സ്വന്തം നിലയ്ക്ക് ഇങ്ങനെ പ്രവേശനം നേടിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം.

യോഗ്യരായ വിദ്യാര്‍ഥികളുടെ പട്ടിക സമയത്ത് നല്‍കാതിരുന്നതാണ് വഴിവിട്ട പ്രവേശനത്തിന് കളമൊരുക്കിയത്. സര്‍ക്കാര്‍ യഥാസമയം മെറിറ്റ് ലിസ്റ്റ് നല്‍കാതിരുന്നത് മനപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാനേജ്‌മെന്റുകള്‍ വന്‍ തുക കോഴ നല്‍കിയെന്നാണ് പ്രവേശനത്തിലെ ക്രമക്കേടില്‍ നിന്ന് ബോധ്യമാകുന്നത്. മാനേജ്‌മെന്റ് സീറ്റുകളില്‍ 65 ലക്ഷം മുതല്‍ തലവരി വാങ്ങിയാണ് പ്രവേശനം നല്‍കിയതെന്നാണ് ആക്ഷേപങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി

No comments:

Post a Comment