Sunday, June 19, 2011

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ കോളേജുകളുടെ മെഡിക്കല്‍ പ്രവേശനം ക്രമവിരുദ്ധം



Posted on: 19 Jun 2011


  •  മെഡിക്കല്‍ സീറ്റുകളില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്നതിനുള്ള നടപടികള്‍ക്ക് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ നടപടി തുടങ്ങി. പ്രവേശനത്തിനായുള്ള പ്രോസ്‌പെക്ടസ് വിതരണം അവര്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്രോസ്‌പെക്ടസില്‍ പറയുന്ന പ്രകാരം പ്രവേശനം നടക്കുകയാണെങ്കില്‍ അതു ചട്ടവിരുദ്ധമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായ ഒട്ടേറെ വ്യവസ്ഥകള്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജുകളുടെ പ്രോസ്‌പെക്ടസില്‍ കടന്നുകൂടിയിട്ടുണ്ട്.

  • മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹത നിര്‍ണയിക്കാന്‍ എന്‍ട്രന്‍സിന്റെ മാര്‍ക്കിനും യോഗ്യതാപരീക്ഷയുടെ മാര്‍ക്കിനും തുല്യ വെയിറ്റേജ് നല്‍കുമെന്ന് പ്രോസ്‌പെക്ടസില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെ പ്രവേശനം നടത്തുന്നതിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യതയായ പ്ലസ് ടു പരീക്ഷ ഒരു ബോര്‍ഡ് മാത്രമാണ് നടത്തുന്നതെങ്കില്‍ ആ മാര്‍ക്കു വെച്ചു തന്നെ പ്രവേശനം നടത്താമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒറ്റ ബോര്‍ഡിനു കീഴിലല്ല യോഗ്യതാ പരീക്ഷയെങ്കില്‍ എന്‍ട്രന്‍സ് കൂടിയേ തീരൂ. എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് മാത്രം ആധാരമാക്കിയതും മെഡിക്കല്‍ കൗണ്‍സിലിന്റെ ഈ നിബന്ധനയുള്ളതിനാലാണ്.

  • കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മെഡിക്കല്‍ പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിച്ചിരുന്നു. ഇതു സംബന്ധിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. എന്‍ട്രന്‍സ് കമ്മീഷണര്‍ ബി.എസ്.മാവോജി, പ്രൊഫ.എസ്.അനിരുദ്ധന്‍ എന്നിവരായിരുന്ന സമിതി അംഗങ്ങള്‍. പ്രവേശനം ക്രമവിരുദ്ധമായിരുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി. കമ്മ്യൂണിറ്റി മെറിറ്റ് സീറ്റില്‍ സബ്‌റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയതും തെറ്റാണെന്ന് സമിതി അഭിപ്രായപ്പെട്ടു.എന്നാല്‍, പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി ഉയര്‍ത്തിക്കാട്ടിയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടി. ഈ സ്റ്റേ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷവും പ്രവേശനത്തിന് നീക്കം നടക്കുന്നത്. മാനേജ്‌മെന്റുകള്‍ സമ്പാദിച്ച സ്റ്റേ ഒഴിവാക്കാന്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. നിലവിലുള്ള സ്റ്റേ ഒഴിവാക്കി പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ അവസരമുണ്ട്.

  • എല്ലാ സീറ്റിലും ഏകീകൃതമായ ഫീസ് കിട്ടിയാല്‍ മാത്രമേ സര്‍ക്കാരിന് സീറ്റ് വിീട്ടുനല്‍കുകയുള്ളൂ എന്ന് കഴിഞ്ഞ വര്‍ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്‍.ഡി.എഫ്. വഴങ്ങിയില്ല. ഇപ്പോള്‍, സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടായാലും എല്ലാ സീറ്റിലും ഒരേ ഫീസ് എന്ന ആവശ്യം യു.ഡി.എഫ്. സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കാന്‍ തയ്യാറായി. എന്നിട്ടും പുതിയ കാരണങ്ങള്‍ പറഞ്ഞ് ധാരണയില്‍ നിന്നു പിന്മാറിയ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശന നടപടികള്‍ തുടങ്ങിയത് സംശയങ്ങള്‍ക്കു കാരണമായിട്ടുണ്ട്.

  • തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് എന്നിവിടങ്ങളിലേക്കുള്ള 340 എം.ബി.ബി.എസ്. സീറ്റുകളിലേക്കും 42 ബി.ഡി.എസ്. സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനായാണ് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓപ്പണ്‍ മെരിറ്റില്‍ 130 എം.ബി.ബി.എസ്. സീറ്റുകളും 16ബി.ഡി.എസ്. സീറ്റുകളുമുണ്ട്. 210 എം.ബി.ബി.എസ്. സീറ്റുകളും 26 ബി.ഡി.എസ്. സീറ്റുകളും കമ്മ്യൂണിറ്റി മെരിറ്റിലാണ്. കമ്മ്യൂണിറ്റി മെരിറ്റിനെ വീണ്ടും പല ഉപവിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഇത് ക്രമവിരുദ്ധമാണെന്നാണ് കഴിഞ്ഞ വര്‍ഷം മാവോജി സമിതി കണ്ടെത്തിയിരുന്നത്.

  • എം.ബി.ബി.എസ്സില്‍ എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പ്രവേശനം ലഭിക്കുന്ന 131 സീറ്റുകളാണുള്ളത്. സീറോ മലങ്കര കത്തോലിക്കര്‍ക്ക് 20, ലത്തീന്‍ കത്തോലിക്കര്‍ക്ക് 12, തൃശ്ശൂര്‍ അതിരൂപതയ്ക്ക് 12, ദളിത് ഓര്‍ത്തഡോക്‌സിനുള്ള ഒന്നടക്കം മലങ്കര ഓര്‍ത്തഡോക്‌സിന് 10, സിറോ മലബാറിന് എട്ട്, ദളിത് ക്രൈസ്തവര്‍ക്ക് ഏഴ്, പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി ഏഴ്, ദേവമാതാ പ്രവിശ്യയിലെ സി.എം.ഐ. പ്ലസ് ടു പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് എന്നിങ്ങനെയാണ് മറ്റു വിഭാഗക്കാര്‍ക്കുള്ള എം.ബി.ബി.എസ്. സീറ്റുകള്‍.

  • ബി.ഡി.എസ് സീറ്റുകളില്‍ എല്ലാ വിഭാഗം ക്രൈസ്തവര്‍ക്കും പ്രവേശനം ലഭിക്കുന്ന 12 സീറ്റുകളാണുള്ളത്. പത്തെണ്ണം മലങ്കര കത്തോലിക്കര്‍ക്ക് ലഭിക്കുമ്പോള്‍ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഒന്ന്, ദളിത് ക്രൈസ്തവര്‍ക്ക് ഒന്ന്, ലത്തീന്‍ കത്തോലിക്കര്‍ക്ക് രണ്ട് എന്നിങ്ങനെ ബി.ഡി.എസ്. സീറ്റുകള്‍ നീക്കിവെച്ചിരിക്കുന്നു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍ പ്രവേശനവും നിയമക്കുരുക്കിലാവും.

No comments:

Post a Comment