Tuesday, June 21, 2011

സ്വാശ്രയം നിലപാടില്ലാതെ സര്‍ക്കാര്‍ കോടതിയില്‍


സ്വാശ്രയ പ്രവേശന വിഷയത്തില്‍ പ്രത്യേക നിലപാടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ഇടപെടില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ലെന്നാണ് എ ജി അറിയിച്ചത്. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ മുഹമ്മദ് കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനല്ല, കമ്മിറ്റിക്കാണെന്നും എ ജി കോടതിയില്‍ വാദിച്ചു. മെഡിക്കല്‍ ഫീസ് മൂന്നര ലക്ഷമാക്കി നിശ്ചയിച്ച ഹൈക്കോതി തീരുമാനത്തിനെതിരെ മുഹമ്മദ് കമ്മിറ്റി നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അടങ്ങിയ ബെഞ്ചില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് വേണ്ടതാണെന്ന് കോടതി പറഞ്ഞിരുന്നു. ചൊവ്വാഴ്ചതന്നെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ടതിെന്‍റ അടിസ്ഥാനത്തിലാണ് അഡ്വക്കറ്റ് ജനറല്‍ ഉച്ചയ്ക്ക് ഹാജരായത്. മുഹമ്മദ് കമ്മിറ്റിക്ക് കോടതിയില്‍ പോകാന്‍ അധികാരമുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കമ്മിറ്റി നല്‍കിയ അപ്പീല്‍ വ്യാഴാഴ്ച പരിഗണിക്കും.

No comments:

Post a Comment