Saturday, June 4, 2011

സ്വാശ്രയ പിജി: മറുപടിയില്ലാതെ ആരോഗ്യമന്ത്രി


മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള മെറിറ്റ് ക്വോട്ട അട്ടിമറിച്ച് മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാര്‍നിലപാട് വിശദീകരിക്കാനാകാതെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഉരുണ്ടുകളിക്കുന്നു. സുപ്രീംകോടതി വിധിയുള്ളതിനാല്‍ ജൂണ്‍ 30 വരെ പ്രവേശനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. മെയ് 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ മുഴുവന്‍ സീറ്റിലും മാനേജ്മെന്റുകള്‍ പ്രവേശനം നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിന് സാധ്യതയില്ലെന്നായിരുന്നു മറുപടി. ഈ പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി സമ്മതിച്ചു. കാലാവധി 31ന് അവസാനിക്കുന്നതിനാല്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചിട്ടും എന്തുകൊണ്ട് തുടര്‍നടപടി എടുത്തില്ലെന്ന ചോദ്യത്തിനും മന്ത്രിക്ക് മറുപടിയില്ല. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് സമയം കിട്ടാത്തതിനാലാണ് പ്രശ്നമായതെന്ന് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അപ്പോഴും മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയ കാര്യം രണ്ടുപേരും മറച്ചുവച്ചു. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞത്. അതിലും ഉറപ്പില്ല. സ്വകാര്യ പ്രാക്ടീസിന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അനുമതി കൊടുത്തില്ലെന്നും ഇക്കാര്യം ചര്‍ച്ചയ്ക്കുശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment