Monday, June 13, 2011

മെഡിക്കല്‍ ഫീസ്: എല്ലാവര്‍ക്കും 3.5 ലക്ഷമാക്കാന്‍ ധാരണ


സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് കോളേജുകളിലെ പ്രവേശനത്തിന് ഏകീകൃത ഫീസ് ഘടന ഏര്‍പ്പെടുത്തി മാനേജുമെന്റുകളെ തത്വത്തില്‍ സഹായിക്കാന്‍ സര്‍ക്കാര്‍ നീക്കം. മെറിറ്റ് സീറ്റിലും മാനേജ്മെന്റ് സീറ്റിലും മൂന്നരലക്ഷം രൂപ ഫീസായി ഈടാക്കാനാണ് ഏകദേശ ധാരണയായത്. മൂന്നരലക്ഷം രൂപ ഫീസിന് അംഗീകാരം നല്‍കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാരും. ഏകീകൃത ഫീസിനോട് മാനേജ്മെന്റ് അസോസിയേഷനും താല്‍പര്യമുണ്ട്. ഫലത്തില്‍ ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ഈ ധാരണ അംഗീകരിക്കപ്പെടും. മെഡിക്കല്‍ സ്വാശ്രയ മാനേജ്മെന്റ് അസോയിയേഷന്‍ , എംഇഎസ് തുടങ്ങിയവരുമായാണ് മന്ത്രിസഭാഉപസമിതി ചര്‍ച്ച നടത്തുന്നത്. അഞ്ചുവര്‍ഷമായി കേരളത്തില്‍ നിലനിന്ന രീതി ഇതോടെ അട്ടിമറിക്കപ്പെടും. മെറിറ്റ് ലിസ്റ്റിലുള്ള ബിപിഎല്‍ വിഭഗക്കാര്‍ക്ക് 25000 രൂപയും സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് 48000, മറ്റു പിന്നോക്കക്കാര്‍ക്ക് 1.38 ലക്ഷം, പട്ടികവിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം എന്നിങ്ങനെയാണ് ഇതുവരെ ഫീസ് ഇടാക്കിയിരുന്നത്. പുതിയ രീതിപ്രകാരം ഈ വിഭാഗക്കാരെല്ലാം മൂന്നരലക്ഷം രൂപ വീതം കൊടുക്കേണ്ടിവരും. 50 ശതമാനം മെറിറ്റ് എന്നആശയം ഇതോടെ ഈ മേഖലയില്‍ ഇല്ലാതാവും. ചെറിയ ഫീസ്മാത്രം കിട്ടിയിരുന്നിടത്ത് സ്വാശ്രയമാനേജ്മെന്റുകള്‍ക്ക് കൂടുതല്‍ തുക ലഭിക്കും
മുഹമ്മദ് കമ്മിറ്റി പിരിച്ചുവിടാന്‍ നീക്കം
സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം. സ്വാശ്രയ വിദ്യാഭ്യാസക്കൊള്ളയ്ക്ക് ഒത്താശചെയ്യാനാണ് കമ്മിറ്റി പിരിച്ചുവിടാന്‍ ആലോചിക്കുന്നത്. പ്രൊഫഷണല്‍ പ്രവേശനം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയും നടന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്വാശ്രയ മാനേജ്മെന്റുകളുടെ കൊള്ള ഒരു പരിധിവരെ നിയന്ത്രിക്കാന്‍ മുഹമ്മദ് കമ്മിറ്റിക്ക് സാധിച്ചിരുന്നു. മാനേജ്മെന്റുകളുടെ പരീക്ഷാ പ്രഹസനത്തിനും ഉയര്‍ന്ന ഫീസിനുമെതിരെ കമ്മിറ്റി നടപടി എടുത്തു. കമ്മിറ്റി നടപടികളെ കോടതി വഴിയാണ് മാനേജ്മെന്റുകള്‍ നേരിട്ടത്. എന്നാല്‍ , ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ കോളേജുകള്‍ സര്‍ക്കാരിനെയും ജനങ്ങളെയും വെല്ലുവിളിച്ച് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ മാനേജ്മെന്റുകള്‍ മുഹമ്മദ് കമ്മിറ്റിയുടെ ചില നടപടികള്‍ക്കെതിരെ നേടിയ ഹൈക്കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി, കമ്മിറ്റിയെക്കൊണ്ട് പ്രയോജനമില്ലെന്ന് പ്രചരിപ്പിച്ചാണ് പിരിച്ചുവിടാന്‍ ശ്രമം. കമ്മിറ്റി ഇല്ലാതാകുന്നതോടെ മാനേജ്മെന്റുകളില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകില്ല. ഇതു ലക്ഷ്യംവച്ചാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ ഒത്താശയോടെ ധനമന്ത്രി കെ എം മാണി മന്ത്രിസഭാ ഉപസമിതിയില്‍ ഈ വിഷയം ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും ഇതിനോട് യോജിച്ചു. ഏറ്റവും ഒടുവില്‍ മെഡിക്കല്‍ പിജി പ്രവേശനത്തിന് മാനേജ്മെന്റുകള്‍ നടത്തിയ പരീക്ഷയുടെ സുതാര്യതയില്ലായ്മയെയും കമ്മിറ്റി ചോദ്യംചെയ്തിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മന്ത്രിമാരെ സ്വാധീനിച്ച് എംബിബിഎസ്, എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള കോഴ്സുകളിലേക്ക് മാനേജ്മെന്റ്-മെറിറ്റ് ക്വാട്ടയിലെ പ്രവേശനവും ഫീസും സ്വയം തീരുമാനിച്ച് കൊള്ളയടിക്കാനാണ് മാനേജ്മെന്റുകളുടെ ആലോചന. അതിന് തടസ്സമായ കമ്മിറ്റിയെ പിരിച്ചുവിടണമെന്നാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ആവശ്യം. ഇക്കാര്യമാണ് കെ എം മാണി മുഖേന മന്ത്രിസഭാ ഉപസമിതിയില്‍ ഉന്നയിച്ചത്. പിരിച്ചുവിടാനുള്ള ആലോചനയുടെ ഭാഗമായി ചില മാധ്യമങ്ങളെ ഉപയോഗിച്ച് മുഹമ്മദ് കമ്മിറ്റിക്കെതിരെ പ്രചാരണവും തുടങ്ങി. ഒരു ഭരണാനുകൂല പത്രം കഴിഞ്ഞ ദിവസം കമ്മിറ്റി പിരിച്ചുവിടാന്‍ "ശുപാര്‍ശ"യും ചെയ്്തു. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ കമ്മിറ്റിക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തുന്ന പ്രചാരണമാണ് ഈ പത്രം ഏറ്റെടുത്തത്. എന്‍ജിനിയറിങ് പ്രവേശനവും ഫീസും സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയും മെഡിക്കല്‍ പ്രവേശനവും ഫീസും സംബന്ധിച്ച് ആരോഗ്യ മന്ത്രിയുമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നത്. തുടര്‍ന്ന് മന്ത്രിസഭാ ഉപസമിതി ചേര്‍ന്ന് പൊതുധാരണയുണ്ടാക്കി വീണ്ടും അതത് മന്ത്രിമാര്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുകയുമാണ് പതിവ്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ചര്‍ച്ചയുടെ നേതൃത്വം ധനമന്ത്രി കെ എം മാണി ഏറ്റെടുത്തു. ചര്‍ച്ചയിലും തുടര്‍ന്ന് മാധ്യമങ്ങളോടും സംസാരിച്ചത് മാണി മാത്രം. മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന ഫീസ് ഘടനയ്ക്ക് പകരം ഏകീകൃത ഫീസ് എന്ന മാനേജ്മെന്റ് ആവശ്യവും മാണി അംഗീകരിച്ചു. ചുരുക്കത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റും സാമൂഹ്യനീതിയും പൂര്‍ണമായും അട്ടിമറിക്കാനാണ് സര്‍ക്കാരും മാനേജ്മെന്റും ഒത്തുകളിക്കുന്നത്. 14ന് നടക്കുന്ന ചര്‍ച്ചയോടെ സര്‍ക്കാരിന്റെയും മാനേജ്മെന്റുകളുടെയും ഉള്ളിലിരുപ്പ് പുറത്തുവരും.

No comments:

Post a Comment