Sunday, June 19, 2011

തെളിഞ്ഞത് സര്‍ക്കാര്‍ -റിലയന്‍സ് അവിഹിത ബന്ധം: യെച്ചൂരി



  •   കോടികളുടെ വാതക ഖനന അഴിമതിയില്‍ നിന്ന് പ്രധാനമന്ത്രിക്കും യുപിഎ സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കൃഷ്ണ, ഗോദാവരി നദീതടത്തിലെ വാതക ഖനനം സംബന്ധിച്ച സിഎജി കരടു റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് റിലയന്‍സ് ഇന്‍ഡസ്ട്രീസും യുപിഎ സര്‍ക്കാരും തമ്മിലുള്ള അവിഹിതബന്ധമാണെന്നും യെച്ചൂരി എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചങ്ങാത്ത മുതലാളിത്തം ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കിയ പ്രധാനമന്ത്രിതന്നെയാണ് അതിനു കൂട്ടുനിന്നത്. അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിയാനാകില്ല. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഈ വിഷയമുയര്‍ത്തും. 2006 ഡിസംബര്‍ മുതല്‍ ഈ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിപിഐ എം ശ്രമിക്കുകയാണ്. സിഎജി റിപ്പോര്‍ട്ട് സിപിഐ എം ഉന്നയിച്ച ആശങ്ക ശരിവയ്ക്കുന്നു. 2ജി സ്പെക്ട്രം അഴിമതിക്കു സമാനമായ അഴിമതിയാണ് സിഎജിയുടെ കരടു റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഈ വിഷയത്തില്‍ ഏഴു കത്ത് അന്നത്തെ പെട്രോളിയം മന്ത്രി മുരളീദേവ്റയ്ക്കും മൂന്നു കത്ത് പ്രധാനമന്ത്രിക്കും എഴുതിയ സിപിഐ എം രാജ്യസഭാ അംഗം തപന്‍ സെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
  • അഴിമതിക്ക് കൂട്ടുനിന്ന ഹൈഡ്രോകാര്‍ബണ്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ജനറല്‍ വി കെ സിബലിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. റിലയന്‍സിന് കൊള്ളലാഭം നേടാന്‍ വേണ്ടി നിശ്ചയിച്ച വാതകവില സംവിധാനം പുനഃപരിശോധിക്കണം. യഥാര്‍ഥ ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിലാകണം വിലനിര്‍ണയം. അന്താരാഷ്ട്ര ഡോളര്‍വിലയുമായി താരതമ്യപ്പെടുത്തിയുള്ള അസംസ്കൃത എണ്ണയുടെ വിലനിര്‍ണയ സംവിധാനം നിര്‍ത്തലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. 
  • അഴിമതി പ്രധാനമായും രണ്ടു രീതിയിലാണ് നടന്നതെന്ന് തപന്‍സെന്‍ പറഞ്ഞു. വാതകം കുഴിച്ചെടുക്കാനുള്ള മൂലധനച്ചെലവ് പെരുപ്പിച്ചു കാട്ടിയാണ് ആദ്യ അഴിമതി. ഉല്‍പ്പാദനം ഇരട്ടി വര്‍ധിച്ചപ്പോള്‍ മൂലധനച്ചെലവ് നാലിരട്ടി വര്‍ധിച്ചു. സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠം അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിക്കുമ്പോള്‍ മൂലധനച്ചെലവ് കുറയുകയാണ് ചെയ്യുക. നേരെ തിരിച്ചാണ് റിലയന്‍സിന്റെ കാര്യത്തില്‍ സംഭവിച്ചത്. പെരുപ്പിച്ചു കാട്ടിയ മൂലധനച്ചെലവിന്റെ അടിസ്ഥാനത്തില്‍ വാതകവില നിശ്ചയിച്ചതാണ് രണ്ടാമത്തെ അഴിമതി. 2.47 ഡോളറായിരുന്നു ഒരു യൂണിറ്റ് വാതകത്തിന് നിശ്ചയിച്ച വില. ഇതാണ് 4.3 ഡോളറാക്കി ഉയര്‍ത്തണമെന്ന് റിലയന്‍സ് ആവശ്യപ്പെട്ടത്. പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇത് 4.2 ഡോളറാക്കി ഉയര്‍ത്തി. യഥാര്‍ഥത്തില്‍ 1.43 ഡോളറാണ് ഉല്‍പ്പാദനച്ചെലവ്. നേരത്തെ എന്‍ടിപിസിക്ക് 2.43 ഡോളറിന് വാതകം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായിരുന്നു. വില വര്‍ധിപ്പിച്ചാല്‍ എന്‍ടിപിസിക്ക് 24,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. അതൊക്കെ അവഗണിച്ചാണ് റിലയന്‍സിന് ലാഭം കൊയ്യാനായി സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്-തപന്‍സെന്‍ പറഞ്ഞു. വാതകവില വര്‍ധിപ്പിച്ചത് വൈദ്യുതിയുടെയും രാസവളത്തിന്റെയും വിലയും വര്‍ധിച്ചു.
  • സമ്പദ്വ്യവസ്ഥയുടെ തന്നെ വിവിധ മേഖലകളെ ദോഷമായി ബാധിക്കുന്ന ഈ അഴിമതി സര്‍ക്കാരിന്് വന്‍ നഷ്ടമാണ് വരുത്തിവച്ചത്. അത് എത്രയെന്ന് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി പറഞ്ഞു.

No comments:

Post a Comment