ഇടതുപക്ഷഭരണമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ശൃംഖലയിലേക്ക് പെറുവും. ഞായറാഴ്ച പെറുവില്‍ നടന്ന രണ്ടാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമപ്രചാരണം തള്ളി ജനങ്ങള്‍ ഇടതുപക്ഷസ്ഥാനാര്‍ഥി ഒല്ലാന്ത ഹുമാലയെ വിജയിപ്പിച്ചു. ആദ്യമായാണ് പെറുവില്‍ ഇടതുപക്ഷനേതാവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ സേനാ ഉദ്യോഗസ്ഥനായ ഹുമാല 51.5 ശതമാനം വോട്ട് നേടിയപ്പോള്‍ , വലതുപക്ഷ സ്ഥാനാര്‍ഥി കീകോ ഫുജിമോറിക്ക് കിട്ടിയത് 48.5 ശതമാനം വോട്ട്. ഏപ്രിലില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ച് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാഞ്ഞപ്പോഴാണ് മുന്നിലെത്തിയ രണ്ടുപേര്‍ തമ്മില്‍ രണ്ടാംവട്ട മത്സരം വേണ്ടിവന്നത്. ഹുമാലയുടെ വിജയം ജനാധിപത്യത്തെ സംരക്ഷിക്കുന്നതായി കഴിഞ്ഞവര്‍ഷം സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ പെറുവിയന്‍ എഴുത്തുകാരന്‍ മരിയ വര്‍ഗാസ് യോസ പറഞ്ഞു. അഴിമതിക്കും മനുഷ്യാവകാശലംഘനത്തിനും 25 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോറിയുടെ മകളാണ് പാര്‍ലമെന്റ് അംഗമായ കീകോ. ഹുമാലയ്ക്കെതിരെ പരസ്യമായി പ്രചാരണം നടത്തിയ പെറുവിലെ ഭൂരിപക്ഷം മാധ്യമങ്ങളും കീകോയുടെ സ്വതന്ത്രവിപണി നയങ്ങള്‍ക്കാണ് വോട്ട് ചോദിച്ചത്. ഹുമാല ജയിച്ചാല്‍ സാമ്പത്തികത്തകര്‍ച്ചയുണ്ടാകുമെന്ന ആശങ്ക പരത്താനും മാധ്യമങ്ങള്‍ ശ്രമിച്ചു. 2006ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് ഹുമാല നിലവിലെ പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യയോട് പരാജയപ്പെട്ടത്. ഹുമാലയുടെ വിജയം ഉറപ്പായപ്പോള്‍ത്തന്നെ തെരുവില്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങിയ ഇടതുപക്ഷപ്രവര്‍ത്തകര്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ , ഫുജിമോറിവാഴ്ച ഇനിയില്ലെന്ന് ആര്‍ത്തുവിളിച്ചു. വരേണ്യവിഭാഗവും ബഹുരാഷ്ട്രകുത്തകകളും കൊള്ളയടിച്ചിരുന്ന രാജ്യത്തിന്റെ ധാതുസമ്പത്തിന്റെ നേട്ടം ഇനി രാജ്യത്തെ പാവങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഹുമാല പ്രഖ്യാപിച്ചു. ഒല്ലാന്ത മോസസ് ഹുമാല താസ്സോ എന്ന് പൂര്‍ണനാമമുള്ള ഹുമാല പെറുസൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായിരുന്നു.
No comments:
Post a Comment