മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വത്തുവിവരം നല്‍കണമെന്ന് അനുശാസിക്കുന്ന ഒന്നിലേറെ നിയമങ്ങള്‍ നിലവിലുണ്ടായിരിക്കെ അക്കാര്യം സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കബളിപ്പിക്കല്‍ . രാഷ്ട്രപതി അംഗീകരിച്ച കേരള ലോകായുക്ത നിയമം, ജീവനക്കാര്‍ക്കുള്ള സര്‍വീസ് ചട്ടം, ജനപ്രാതിനിധ്യനിയമം എന്നിവയില്‍ യഥാസമയം സ്വത്ത് വെളിപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. സ്വത്ത് വിവരം പ്രഖ്യാപിക്കണമെന്ന വ്യവസ്ഥയില്‍നിന്ന് പൊതുപ്രവര്‍ത്തകരുടെ പട്ടികയില്‍പ്പെട്ട ആരെയും ഒഴിവാക്കിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന് 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍വ്യവസ്ഥയുണ്ട്. പൊതുപ്രവര്‍ത്തകരും മന്ത്രിമാരും എംഎല്‍എമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സ്വത്തു സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണമെന്ന് ലോകായുക്ത നിയമത്തിലെ 22-ാം വകുപ്പില്‍ പറയുന്നു. സര്‍ക്കാരില്‍നിന്ന് വേതനംപറ്റുന്ന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന് സര്‍വീസ്ചട്ടവും അനുശാസിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണര്‍ക്കാണ് സ്വത്ത് വിവരം നല്‍കേണ്ടത്. മത്സരിക്കുന്ന സമയത്തെ സ്വത്ത് വിവരം തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അതിനു ശേഷം ഓരോ രണ്ടുവര്‍ഷം കൂടുമ്പോള്‍ സ്വത്തു സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. കുടുംബാംഗങ്ങള്‍ക്കുപുറമെ ആശ്രിതരുടെ സ്വത്തും അറിയിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ ലോകായുക്ത രജിസ്ട്രാര്‍ക്ക് സ്വത്തു വിവരം നല്‍കണം. രണ്ടുവര്‍ഷത്തിലൊരിക്കല്‍ ജൂണ്‍ 30നകം ഇതു നല്‍കണമെന്നാണ് വ്യവസ്ഥ. രാഷ്ട്രീയപാര്‍ടി ഭാരവാഹികള്‍ക്കും ഇതു ബാധകമാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം വര്‍ഷംതോറും വെളിപ്പെടുത്തണം. സര്‍വീസ് ചട്ടത്തില്‍ ഇതു പറഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരം വിവരാവകാശനിയമം അനുസരിച്ച് അപേക്ഷിക്കുന്നവര്‍ക്ക് നല്‍കണം. സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളെയാണ് സ്വത്ത് അറിയിക്കേണ്ടത്. നിയമപ്രകാരം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥമായ കാര്യമാണ് പുതിയ വെളിപ്പെടുത്തലായി കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉദ്യോഗസ്ഥരും യഥാസമയം സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ നടപടിക്കും നിയമവ്യവസ്ഥയുണ്ട്. അതേസമയം, സ്വത്ത് സംബന്ധിച്ച് തെറ്റായ വിവരമാണ് നല്‍കിയതെങ്കില്‍ കണ്ടെത്തുക ദുഷ്ക്കരമാണ്. അവിഹിത സ്വത്ത് കണ്ടെത്തിയാല്‍ അതുതെളിയിക്കാന്‍ കടമ്പകള്‍ ഏറെയുമാണ്. അവിഹിത സ്വത്ത് കണ്ടുകെട്ടാന്‍ 1946ലെ നിയമമനുസരിച്ച് കഴിയുമെങ്കിലും സ്വത്ത് സമ്പാദനത്തിന് കുറ്റക്കാരനായി പ്രഖ്യാപിക്കണം. കേരളത്തില്‍ ഇതുവരെ ഒരാളുടെ അവിഹിത സമ്പാദ്യം പോലും കണ്ടുകെട്ടിയ ചരിത്രമില്ല. മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അവിഹിത സ്വത്ത് മരവിപ്പിച്ചെങ്കിലും അത് ഇപ്പോഴും നിയമക്കുരുക്കിലാണ്. നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം, മക്കളുടെ പേരില്‍ വിദേശത്ത് അവിഹിത സ്വത്ത് ഉള്ളതായി മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിദേശബാങ്കുകളിലെ അനധികൃത സമ്പാദ്യം സംബന്ധിച്ച വിവരം സുപ്രീംകോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പോലും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വത്ത് വെളിപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം.
No comments:
Post a Comment