Friday, June 3, 2011

ആരോഗ്യമന്ത്രിയുടെ മകള്‍ക്ക് പരിയാരത്ത് പേമെന്റ് സീറ്റില്‍ എം.ഡി പ്രവേശനം


ആരോഗ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പേമെന്റ് സീറ്റില്‍ എം.ഡി പ്രവേശനം. അടൂര്‍ പ്രകാശിന്റെ മകള്‍ ജെ. യമുനയാണ് സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മൂന്നുവര്‍ഷ എം.ഡി കോഴ്‌സിനു ചേര്‍ന്നത്. എം.ഡി ജനറല്‍ മെഡിസിന് 80 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിരക്കുണ്ട്.
അടൂര്‍ പ്രകാശിന്റെ മകള്‍ ജെ. യമുന 2011 മേയ് 25 മുതല്‍ ഈ കോളജില്‍ എം.ഡി ജനറല്‍ മെഡിസിന് പഠിക്കുന്നുണ്ടെന്ന് പരിയാരം മെഡിക്കല്‍ കോളജിലെ അക്കാദമി വിഭാഗം ഡയറക്ടര്‍ എ.സി. മാത്യുവും പ്രിന്‍സിപ്പല്‍ ഡോ. പി. രാധാകൃഷ്ണനും 'മാധ്യമ'ത്തോടു പറഞ്ഞു. അതേസമയം, മാനേജ്‌മെന്റ് ക്വോട്ടയിലെ ഈ പേമെന്റ് സീറ്റിന് എത്ര തുക ലഭിച്ചുവെന്ന് അറിയില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ടീച്ചറുടെ പേഴ്‌സനല്‍ സ്റ്റാഫായിരുന്നു എ.സി. മാത്യു. യു.ഡി.എഫ് സര്‍ക്കാറുമായി നടത്തിയ ഒത്തുകളിയിലൂടെ ലഭിച്ച 65 പി.ജി മെറിറ്റ് സീറ്റുകള്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 65 കോടി രൂപക്ക് വിറ്റിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് എല്ലാ നടപടിക്രമവും പൂര്‍ത്തിയാക്കിയിട്ടും തുടര്‍നടപടികളെടുക്കാതെ യു.ഡി.എഫ് സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചതായും ആരോപണമുയര്‍ന്നിരുന്നു.
മെയ് 23നാണ് അടൂര്‍ പ്രകാശ് ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. തൊട്ടടുത്ത ദിവസം മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി നടത്തിയ രഹസ്യ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ധാരണയായത്. മെറിറ്റ് സീറ്റുകളിലെ പ്രവേശനം സംബന്ധിച്ച് ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
മേയ് 23ന് വൈകീട്ട് അഞ്ചുവരെയായിരുന്നു പരിയാരം മെഡിക്കല്‍ കോളജില്‍ പി.ജി കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന സമയം. അന്നു തന്നെയാണ് അടൂര്‍ പ്രകാശ് ആരോഗ്യമന്ത്രിയായി ചുമതലയേറ്റത്. മാനേജ്‌മെന്റുകളുമായി നടത്തിയ രഹസ്യ ചര്‍ച്ചക്കുശേഷം മേയ് 25നാണ് മകള്‍ യമുന പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിയത്. യമുന പേമെന്റ് സീറ്റിലാണ് പ്രവേശനം നേടിയതെന്നും തുകയെക്കുറിച്ച് അറിയില്ലെന്നും അക്കാദമി ഡയറക്ടര്‍ എ.സി. മാത്യു പറഞ്ഞു.
സര്‍ക്കാര്‍ സീറ്റുകള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയതോടെ മെറിറ്റ് സീറ്റില്‍ സ്ഥാനം നേടിയ 65 എം.ബി.ബി.എസുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ പി.ജി ചെയ്യാനുള്ള അവസരമാണ് നഷ്ടമായത്. വഴിവിട്ട് സീറ്റ് നേടിയവരുടെ കൂട്ടത്തില്‍ മറ്റു ചില ഉന്നതരുടെ മക്കളും ഉള്ളതായി പറയുന്നു.
10 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളും പരിയാരം സഹകരണ മെഡിക്കല്‍ കോളജും ഈ വര്‍ഷം 50 ശതമാനം സീറ്റ് മെറിറ്റടിസ്ഥാനത്തില്‍ നല്‍കാമെന്ന് മുന്‍ സര്‍ക്കാറുമായി ധാരണ ഉണ്ടാക്കിയിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മൊത്തം 131 പി.ജി സീറ്റുകളാണുള്ളത്. ഇതില്‍ 65 എണ്ണം മെറിറ്റടിസ്ഥാനത്തില്‍ നല്‍കാനായിരുന്നു ധാരണ.

No comments:

Post a Comment