- സ്വകാര്യപങ്കാളിത്തം വഴി റോഡ് വികസിപ്പിക്കാനും കായലുകളും മറ്റു ഉള്‍നാടന്‍ ജലാശയങ്ങളും പാട്ടത്തിന് നല്‍കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ഗവര്‍ണര്‍ ആര്‍ എസ് ഗവായ് നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
- കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പദ്ധതികളൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു വേണ്ടി നടത്തിയ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തിലില്ല. അഞ്ചുവര്‍ഷം അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. സാമൂഹ്യക്ഷേമപദ്ധതികളെക്കുറിച്ച് പരാമര്‍ശമില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് അരി ഓണത്തിന് നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള രണ്ടു രൂപ നിരക്കിലുള്ള അരിയുടെ കാര്യത്തില്‍ മൗനംപാലിച്ചു.
- വിലക്കയറ്റം നിയന്ത്രിക്കാനും പൊതുവിതരണം ശക്തിപ്പെടുത്താനും പദ്ധതിയില്ല. എന്നാല്‍ , 15 അവശ്യസാധനങ്ങള്‍ റേഷന്‍കട വഴി വിതരണംചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള 354 കോടിയുടെ പദ്ധതി അനുമതി കിട്ടിയാല്‍ നടപ്പാക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശം നടത്തിയെങ്കിലും ആ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതും പ്രഖ്യാപിച്ചതുമായ പദ്ധതികളും മറ്റും ഗവര്‍ണര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവ ഇതിലുള്‍പ്പെടും. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ഗുണ്ടാവിരുദ്ധനിയമം പുനരവലോകനം ചെയ്യുമെന്നും ജനമൈത്രി പൊലീസ് സംവിധാനം കൂടുതല്‍ പൊലീസ് സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനൊപ്പം ദേശീയ ഗെയിംസ് വില്ലേജ് നിര്‍മാണത്തിലും സ്വകാര്യമേഖലയ്ക്കാണ് ഊന്നല്‍ . കര്‍ഷകര്‍ക്ക് "സോയില്‍ ഹെല്‍ത്ത് കാര്‍ഡ്" നല്‍കും. കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ കൂടുതല്‍ വാങ്ങും. മത്സ്യഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍ പാട്ടത്തിനു നല്‍കും. ഇതിന് പ്രത്യേക നയം കൊണ്ടുവരും. മത്സ്യത്തൊഴിലാളി ക്ഷേമത്തിനു പ്രത്യേകിച്ച് പദ്ധതിയൊന്നുമില്ല. അഴിമതി കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ നാല് വിജിലന്‍സ് കോടതികള്‍ ആരംഭിക്കും. കേരളത്തെ ഒറ്റ യൂണിറ്റായി കണ്ട് പുതിയ വികസനമാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണമില്ല.
- ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കും. അഞ്ച് ദേശീയപാതപൊതു- സ്വകാര്യപങ്കാളിത്തംവഴി രണ്ടുവരിപ്പാതയായി വികസിപ്പിക്കും. എന്‍എച്ച് 49, 208, 212, 213, 220 എന്നീ പാതയിലാണ് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത്. 35-ാമത് ദേശീയ ഗെയിംസിന്റെ കായികതാരങ്ങളെയും ഒഫിഷ്യലുകളെയും പാര്‍പ്പിക്കുന്നതിനുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മാണത്തിലും സ്വകാര്യപങ്കാളിത്തം അനുവദിക്കും.
- പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കില്ല. പരമ്പരാഗതമേഖലയില്‍ പൊതു-സ്വകാര്യപങ്കാളിത്തം കൊണ്ടുവരും. കയര്‍ വിപണനത്തിനായുള്ള കണ്‍സോര്‍ഷ്യമാണ് ഈ രംഗത്തെ ആദ്യ ഉദ്യമം. കെഎസ്ആര്‍ടിസി 1000 ബസ് പുതുതായി നിരത്തിലിറക്കും. പ്രതിമാസം 40 കോടി നഷ്ടം നേരിടുന്ന കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
Saturday, June 25, 2011
റോഡും കുളങ്ങളും കായലും എല്ലാം നമ്മുടെതല്ലതാകുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment