കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ നടത്തുന്ന പഞ്ചനക്ഷത്ര ഉപവാസത്തില്‍ നിറഞ്ഞുനിന്നത് ബാബാ രാംദേവിന്റെ താന്ത്രികവിദ്യകള്‍ . രാംദേവിന്റെ ഒറ്റയാള്‍ പ്രകടനമാണ് സത്യഗ്രഹം. പന്തലിലുടനീളം രാംദേവിന്റെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളും ബാനറുകളും കാണാം. യോഗയും ഭജനവും സംഗീതവും നിറഞ്ഞുനിന്ന ഉപവാസത്തില്‍ രാംദേവ് പൊടിക്കൈകളും പ്രയോഗിച്ചു. താന്‍ ഉപവസിക്കുകയാണെന്ന ഓര്‍മപ്പെടുത്തലും ഇടയ്ക്കിടെയുണ്ടായി. രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പന്തലിലെ സ്റ്റേജില്‍ രാവിലെ അഞ്ചിന് എത്തിയ രാംദേവ് സദസ്സിനെ ഓര്‍മിപ്പിച്ചത് താന്‍ ഒരു തുള്ളി വെള്ളംപോലും കുടിച്ചിട്ടില്ലെന്നാണ്. എഴുന്നേറ്റയുടന്‍ പാലും പഴവര്‍ഗങ്ങളുമാണ് തന്റെ ഭക്ഷണമെന്നും സ്വാമി പറഞ്ഞു. പല ഘട്ടങ്ങളിലും മുന്നിലുള്ള വെള്ളം നിറച്ച ഗ്ലാസ് അതോടെ കമിഴ്ത്തുകയും ചെയ്യുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായി സ്വാമിയുടെ ഒപ്പമുണ്ടായിരുന്ന അനുയായിയുടെ അഭ്യര്‍ഥന: "ദയവുചെയ്ത് സ്വാമിയോട് വെള്ളം കുടിക്കാന്‍ നിങ്ങള്‍ അഭ്യര്‍ഥിക്കൂ" എന്ന്. അതിനിടയില്‍ മറ്റൊരു അനുയായി 11 ലക്ഷത്തിന്റെ ചെക്കുമായി സ്റ്റേജിലേക്ക് കയറി. അത് ഏറ്റുവാങ്ങുമ്പോള്‍ വീണ്ടും സ്വാമി ക്യാമറകള്‍ നോക്കി അഭ്യര്‍ഥിച്ചു: "പടമെടുത്തോളൂ. ഇത് കള്ള പ്പണമല്ല; വെള്ളപ്പണമാണ്". സ്കോട്ട്ലന്‍ഡില്‍ ദ്വീപ് വാങ്ങിയെന്ന വാര്‍ത്തയും സ്വാമി പലപ്പോഴായി നിഷേധിച്ചു. എന്‍ആര്‍ഐ ദമ്പതികള്‍ അവരുടെ പണം കൊണ്ട് വാങ്ങി സംഭാവന ചെയ്തതാണ് ഈ ദ്വീപെന്നാണ് രാംദേവിന്റെ വിശദീകരണം. സത്യഗ്രഹത്തിനെത്തിയ സ്വാമിമാരെ രാംദേവ് തന്നെ സദസ്സിന് പരിചയപ്പെടുത്തി. ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നും എത്തിയവരായിരുന്നു ഇവരിലധികവും. ഓരോ സ്വാമിയെ പരിചയപ്പെടുത്തുമ്പോഴും രാംദേവ് ശ്രമിക്കുന്നത് ഇത് ആര്‍എസ്എസിന്റെ സമരമല്ലെന്ന് പറയാനാണ്. എന്നാല്‍ , പന്തലിലുടനീളം കാവിക്കുറി ധരിച്ച് എബിവിപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകരെ കാണാമായിരുന്നു. ഇടയ്ക്ക് ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് സത്യഗ്രഹത്തില്‍ ചേരുന്നുണ്ടായിരുന്നു.
No comments:
Post a Comment