Posted on: 08 Jun 2011
കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ വി.എം സുധീരനും വി.ഡി. സതീശന്‍ എം.എല്‍.എയും രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. കേവലം കോളജ് തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് പോലും നടത്താതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സതീശന്‍ കുറ്റപ്പെടുത്തിയപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കാര്യങ്ങള്‍ പിഴച്ചെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. എ.കെ ആന്റണി പ്രചാരണത്തില്‍ സജീവമായില്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്നും സുധീരന്‍ ഓര്‍മ്മപ്പെടുത്തി. മുന്നണിയില്‍ സീറ്റ് വിഭജനവും പാളി. നേമം സീറ്റ് ഘടകകക്ഷിക്ക് നല്‍കിയത് ശരിയായില്ല. ഇത് ബി.ജെ.പിക്ക് അനുകൂലമാണെന്ന സന്ദേശം പ്രചരിക്കാന്‍ ഇടയാക്കി.ബാലകൃഷ്ണപിള്ളയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരായ വിവാദങ്ങള്‍ കോണ്‍ഗ്രസിന്റെ മേധാവിത്വം അട്ടിമറിക്കപ്പെടാന്‍ കാരണമായെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് മുസ്‌ലിം ലീഗിന് മികച്ച വിജയമുണ്ടായപ്പോള്‍ തൃശൂര്‍ മുതല്‍ തെക്കോട്ട് തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കോണ്‍ഗ്രസിന് അതിന് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായത് അപമാനകരമായ വിജയമാണ്. ചില ഓര്‍മ്മപ്പെടുത്തലുകള്‍ ഈ ഇലക്ഷന്‍ നല്‍കുന്നുണ്ട്.
തന്നെ നായരായി ബ്രാന്‍ഡ് ചെയ്യുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പരസ്യമായി പറയുകയുണ്ടായി. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അതും ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച ദിവസം തന്നെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ആരെ ഉദ്ദേശിച്ചാണിതെന്നും വ്യക്തമാക്കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ അങ്ങനെ ആരെയെങ്കിലുമാണെങ്കില്‍ തുറന്നുപറയണം. ഇതിനിടെ രമേശ് ചെന്നിത്തല കൂടി മത്സരിച്ചതിലൂടെയുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ചചെയ്തിട്ടുണ്ടോയെന്ന് സതീശന്‍ ചോദിച്ചു.
No comments:
Post a Comment