Thursday, June 9, 2011

എം എഫ് ഹുസൈന്‍ അന്തരിച്ചു



 വിഖ്യാത ചിത്രകാരന്‍ മഖ്ബൂല്‍ ഫിദ ഹുസൈന്‍(എം എഫ് ഹുസൈന്‍) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. 96 വയസായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ പിക്കാസോ എന്ന് ഫോബ്സ് മാസിക വിശേഷിപ്പിച്ച ഹുസൈന്‍ 2006 മുതല്‍ സ്വയം പ്രഖ്യാപിച്ച പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഹുസൈന്‍ ഹിന്ദു ദേവതകളുടെ നഗ്ന ചിത്രം വരച്ചത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി കേസുകളും വധഭീഷണിയും ഉണ്ടായി. വിദേശത്ത് സ്ഥിരതാമസമാക്കാന്‍ കാരണം അതാണ്.
വിവാദങ്ങള്‍ കോറിയിട്ട വിഖ്യാത ക്യാന്‍വാസ്

ഇന്ത്യന്‍ പിക്കാസോ എന്നായിരുന്നു എം എഫ് ഹുസൈനെ ഫോബ്സ് മാസിക വിശേഷിപ്പിച്ചത്. ചിത്രകലയില്‍ ഈ പ്രതിഭയ്ക്കൊപ്പം നില്‍ക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല എന്നത് ഫോബ്സിന്റെ വിശേഷണത്തെ അന്വര്‍ഥമാക്കി. ചിത്രകലയില്‍ ഇന്ത്യയുടെ പ്രശസ്തി വാനോളമെത്തിച്ച ഹുസൈന്‍ ഒടുവില്‍ യാത്രയാകുന്നത് ഖത്തര്‍ പൗരനായി. പുരസ്കാരങ്ങളും വിമശര്‍നങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ പ്രതിഭയുടെ അവസാന നാളുകളും മറിച്ചായിരുന്നില്ല. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അസാധ്യമെന്നാണ് ഹുസൈന്‍ അവസാന നാളുകളില്‍ പ്രതികരിച്ചത്.

മക്ബൂല്‍ ഫിദാ ഹുസൈനെന്ന എം എഫ് ഹുസൈന്‍ 1915 സെപ്തംബര്‍ 17ന് മഹാരാഷ്ട്രയിലെ പന്തര്‍പ്പൂരിലാണ് ജനിച്ചത്. ഒന്നര വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട ഹുസൈന്റെ ബാല്യകാലം ഇന്‍ഡോറിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബോംബെയിലേക്ക് മടങ്ങിയ അദ്ദേഹം നഗരത്തിലെ സര്‍ ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. ചിത്രകലയിലെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത് അവിടെ നിന്ന്. സിനിമകള്‍ക്ക് വേണ്ടി ഹോര്‍ഡിങ്സുണ്ടാക്കുന്ന ജോലിയായിരുന്നു ഏറെക്കാലം ഹുസൈന്. 1940ലാണ് വെള്ളിവെളിച്ചത്തിലേക്ക് ഈ വിഖ്യാത ചിത്രകാരന്‍ കടന്നുവരുന്നത്. പന്ത്രണ്ടു വഷം കഴിഞ്ഞ് 1952ല്‍ സൂറിച്ചില്‍ ആദ്യ രാജ്യാന്തര ചിത്രപ്രദര്‍ശനം. പിന്നീട് യൂറോപ്പിലും അമേരിക്കയിലും ഹുസൈന്റെ ചിത്രങ്ങള്‍ വിസ്മയം തീര്‍ത്തു. അതോടൊപ്പം പ്രശസ്തിയിലേക്കും അദ്ദേഹം നടന്നുകയറി. രാജ്യത്തെ ഏറ്റവും വില കൂടിയ പെയിന്റര്‍ . 1966ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ചിത്രകലയ്ക്കൊപ്പം ചലച്ചിത്രത്തിലും ഹുസൈന്‍ ഇടയ്ക്ക് ചുവടുറപ്പിച്ചു. 1967ല്‍ പുറത്തിറങ്ങിയ ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവെലിലെ ഗോള്‍ഡന്‍ ബിയര്‍ പുരസ്കാരം ലഭിച്ചു. തുടര്‍ന്ന് രണ്ട് ഹിന്ദി സിനിമകള്‍ കൂടി ഹുസൈന്റേതായി പുറത്തിറങ്ങി. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിവാദങ്ങളും വിട്ടൊഴിഞ്ഞില്ല. ഹിന്ദു ദേവതകളുടെ നഗ്നരൂപം വരയ്ക്കുന്നുവെന്ന പേരില്‍ നിരവധി തവണ അദ്ദേഹത്തിന് വിമര്‍ശനങ്ങളേല്‍ക്കേണ്ടി വന്നു. ചില മുസ്ലീം സംഘടനകളും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഹുസൈന്റെ സിനിമകളിലൊന്നായ മീനാക്ഷി: ദി ടെയില്‍ ഓഫ് ത്രീ സിറ്റീസ് എന്ന ചിത്രമായിരുന്നു വിവാദമുണ്ടാക്കിയത്. ഇതിലെ ഒരു പാട്ട് രംഗം ഖുറാനെ അധിക്ഷേപിക്കുന്നു എന്നായിരുന്നു ആരോപണം. 1970ല്‍ വരച്ച ഒരു ചിത്രത്തിന്റെ പേരിലാണ് ഹുസൈന്‍ ഏറ്റവുമധികം ക്രൂശിക്കപ്പെട്ടത്. 1996ല്‍ ഒരു ഹിന്ദി മാസികയില്‍ ഈ ചിത്രം പ്രിന്റ് ചെയ്ത് വരികയായിരുന്നു. എട്ട് കേസുകളാണ് ചിത്രത്തിന്റെ പേരില്‍ ഹുസൈന്റെ മേല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ബജ്റംഗ്ദളിന്റെയും മറ്റു ഹിന്ദു സംഘടനകളുടെയും വധഭീഷണിയും ഹുസൈനുണ്ടായിരുന്നു. 2006ല്‍ കേരള സര്‍ക്കാര്‍ രാജാരവിവര്‍മ പുരസ്കാരം അദ്ദേഹത്തിന് നല്‍കി. ഇതും വിവാദത്തിനിടയാക്കി. 2010 ജനുവരിയില്‍ വിവാദങ്ങളെ ബാക്കി നിര്‍ത്തി എം എഫ് ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു.
രോഷവും വേദനയും ഉള്ളിലൊതുക്കി ചിത്രകാരന്‍മാര്‍

എം എഫ് ഹുസൈന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും വല്ലാത്ത നൊമ്പരമായി. ഹുസൈന്റെ വിടവാങ്ങലിനെക്കുറിച്ച് പറയാന്‍ അവര്‍ക്ക് വാക്കുകളില്ല. കാലങ്ങളോളം ഒരു പ്രതിഭ അഭയാര്‍ഥിയാകാനും അന്ത്യം മറ്റൊരു മണ്ണിലാകാനും ഇടയായതില്‍ അവരില്‍ പലരും രോഷം കൊണ്ടു. പ്രശസ്ത പെയിന്റര്‍മാരായ കിഷന്‍ ഖന്നയും അജ്ഞലി ഇളാ മേനോനും ഹുസൈനുമായി വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തിയിരുന്നു. 1954 ലെ അദ്ദേഹത്തിന്റെ ആദ്യ ചിത്ര പ്രദര്‍ശനം മുതല്‍ . യുവ ചിത്രകാരനായ ജിതേഷ് കല്ലാട്ടിനും ഇന്ത്യന്‍ പിക്കാസോയെക്കുറിച്ച് നല്ല അനുഭവങ്ങളാണുള്ളത്. ഇവര്‍ക്കാര്‍ക്കും ചിത്രലോകത്തെ വിപ്ലവകാരിയില്ലാത്ത ചിത്രലോകം സങ്കല്‍പ്പിക്കാനാകില്ല. ബാങ്ക് ജോലിക്കാരാനായിരുന്ന ഖന്ന 1960ലാണ് ഹുസൈനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് മരണം വരെ ഇവര്‍ പെയിന്റിങ്ങുകള്‍ കൈമാറി. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പലപ്പോഴും സുഹൃത്തുക്കള്‍ ഹുസൈനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ചില ഹിന്ദു സംഘടനകളുടെ വധഭീഷണി അതിന് തടസ്സം നിന്നു. സര്‍ക്കാറിന് അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും ഹുസൈന്‍ ഉത്കണ്ഠപ്പെട്ടിരുന്നു- അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും പ്രശസ്ത ചിത്രകാരനുമായ ജതിന്‍ദാസ് പറയുന്നു.

No comments:

Post a Comment