എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ വയനാട്ടില്‍ കൈയേറിയ കൃഷ്ണഗിരി എസ്റ്റേറ്റിലെ 14 ഏക്കര്‍ ഭൂമി ജൂണ്‍ 30നകം വിട്ടുനല്‍കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുമാസത്തിനകം ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ പട്ടികവിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കണമെന്നാണ് വിധി. "കൈവശഭൂമി" പതിച്ചുനല്‍കാനുള്ള അപേക്ഷ പരിഗണിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രേയാംസ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് എസ് സിരിജഗന്റെ ഈ കര്‍ശന നിര്‍ദേശം. ജൂണ്‍ ഒന്നിനായിരുന്നു വിധി. വിധിയുടെ പകര്‍പ്പ് ശനിയാഴ്ചയാണ് പൂര്‍ണരൂപത്തില്‍ ലഭ്യമായത്. ഭൂമി പതിച്ചുനല്‍കല്‍ നിയമമനുസരിച്ച് ഭൂരഹിതര്‍ക്കുമാത്രമാണ് ഭൂമി ലഭിക്കാന്‍ അര്‍ഹതയെന്ന് കോടതി പറഞ്ഞു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ , സംസ്ഥാനസര്‍ക്കാര്‍ 2007ല്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ശ്രേയാംസ്കുമാറിന് വൈത്തിരി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്നു വിശദീകരിച്ചിരുന്നു. കൈയേറ്റഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യം നേരത്തെ റവന്യു സെക്രട്ടറി നിരസിച്ചതുമാണ്. സ്ഥലം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ 2007 സെപ്തംബര്‍ ഒമ്പതിന് ഉത്തരവിടുകയുംചെയതിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. " ശ്രേയാംസ്കുമാറിന് ഭൂമിക്ക് അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട, ഒരു എംഎല്‍എ കൂടിയായ അപേക്ഷകന്‍ ഇനി ഈ ഭൂമി കൈവശംവയ്ക്കുന്നത് നിയമത്തിനും നീതിക്കും മാന്യതയ്ക്കും നിരക്കുന്നതല്ല"- ജസ്റ്റിസ് സിരിജഗന്‍ ചൂണ്ടിക്കാട്ടി. വിവാദം നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമമായ തീര്‍പ്പാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രേയാംസ്കുമാര്‍തന്നെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത് വിധിന്യായത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഈ തീര്‍പ്പ് അന്തിമമാണ്. സ്വന്തം താല്‍പ്പര്യം മുന്‍നിര്‍ത്തിത്തന്നെ ഭൂമി സര്‍ക്കാരിനു വിട്ടുനല്‍കുകയാണ് എംഎല്‍എ ഇനി ചെയ്യേണ്ടത്- കോടതി പറഞ്ഞു. "കേരളത്തില്‍ ഭൂമി കിട്ടാച്ചരക്കാണ്. പട്ടികവിഭാഗക്കാര്‍ക്ക് ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനംചെയ്തുതുടങ്ങിയിട്ട് ഏറെക്കാലമായി. ഭൂമി ഇല്ലാത്തതിനാല്‍ വാഗ്ദാനം നടപ്പാക്കാനാകുന്നില്ല. പട്ടികവിഭാഗക്കാര്‍ ഏറെയുള്ള പ്രദേശത്തുനിന്നാണ് ശ്രേയാംസ് വരുന്നത്. ഭരണകക്ഷിയെ അനുകൂലിക്കുന്ന നിയമസഭാംഗം കൂടിയായ അദ്ദേഹത്തിന് പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം അല്‍പ്പം വൈകിയാണെങ്കിലും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമുണ്ട്. ജനങ്ങള്‍ക്ക് സാമൂഹ്യനീതി ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയില്‍ , കൈവശമുള്ള ഭൂമി എത്രയും വേഗം വിട്ടുനല്‍കാനാണ് അദ്ദേഹം തയ്യാറാകേണ്ടത്. ഇല്ലെങ്കില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാവപ്പെട്ടവരെ വഞ്ചിക്കലാണത്. ഈ ജനങ്ങളില്‍ കുറേപ്പേര്‍തന്നെ ഈ ഭൂമിക്ക് അര്‍ഹതപ്പെട്ടവരാണുതാനും"- വിധിയില്‍ പറഞ്ഞു. കോഴിക്കോട്-മൈസൂരു ദേശീയപാത 212ലാണ് എം വി ശ്രേയാംസ്കുമാര്‍ കൈയേറിയ ഭൂമി. കൃഷ്ണഗിരി വില്ലേജ് ഓഫീസിലെ രേഖയില്‍ ഇത് ഇപ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയാണ്. എന്നാല്‍ , യുഡിഎഫ് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൃഷ്ണഗിരി വില്ലേജിലെ ഇതുള്‍പ്പെടെയുള്ള സ്ഥലവും പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഈ ഭൂമിയില്‍ ഭൂസമരസഹായസമിതിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തിയിരുന്നു.
No comments:
Post a Comment