Tuesday, June 28, 2011

നിയമം ലംഘിച്ചു അന്യസംസ്ഥാനത്തുനിന്നും പിജി പ്രവേശനം


  • ഹൈക്കോടതി ഉത്തരവു ലംഘിച്ച് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനുകീഴിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാനത്തിനു പുറത്തുനിന്നും മെഡിക്കല്‍ പിജി കോഴ്സിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാരോ ബന്ധപ്പെട്ട ഏജന്‍സികളോ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക്ലിസ്റ്റില്‍നിന്നു മാത്രമെ പ്രവേശനം നടത്താവൂ എന്ന മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയുടെ ലംഘനമാണ് മാനേജ്മെന്റ് നടപടി. 50 ശതമാനം സ്വാശ്രയ പിജി സീറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ നല്‍കിയ കേസില്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച രേഖകള്‍പ്രകാരമാണ് സംസ്ഥാനത്തിനു പുറത്തുനിന്നും പ്രവേശനം നടത്തിയതായി വ്യക്തമായത്. 
  • ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടകത്തിലെ സ്വാശ്രയ മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യമായ കോമെഡിന്റെയും അമൃത, മണിപ്പാല്‍ സര്‍വകലാശാലകളുടെയും റാങ്ക്ലിസ്റ്റില്‍നിന്നുമാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ ഈ രേഖകള്‍ സമര്‍പ്പിച്ചത്.
  • മാനേജ്മെന്റുകളുടെ നടപടി മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയ്ക്കും ഹൈക്കോടതി നേരത്തെ നല്‍കിയ ഉത്തരവിനും വിരുദ്ധമാണെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനുപുറത്ത് പ്രവേശനപരീക്ഷ പാസായവര്‍ക്ക് 2010ല്‍ ഇന്റര്‍ ചര്‍ച്ച് മാനേജ്മെന്റ് ഫെഡറേഷനിലെ മൂന്നു കോളേജുകള്‍ എംബിബിഎസിന് പ്രവേശനം നല്‍കിയ നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു ഉത്തരവ്. കേരളത്തിലെ പ്രവേശന പരീക്ഷയാണ് ഇവിടത്തെ പ്രവേശനത്തിന് മാനദണ്ഡമാക്കേണ്ടതെന്നായിരുന്നു ഉത്തരവ്. 
  • പിജി സീറ്റില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് അഞ്ചുശതമാനം വെയ്റ്റേജ് നല്‍കിയത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പിജി പോലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് മെറിറ്റ് മാത്രമെ പരിഗണിക്കാവൂവെന്ന സുപ്രീംകോടതി വിധിയാണ് മാനേജ്മെന്റുകളുടെ വാദത്തിനെതിരെ എടുത്തുകാണിച്ചത്.

No comments:

Post a Comment