ജൗളി വ്യാപാരി ആലപ്പാട് സണ്ണിയെ കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ തിരുകിക്കയറ്റിയതില്‍ വ്യാപക പ്രതിഷേധം. സണ്ണിയെ ഇത്ര വേഗത്തില്‍ കുസാറ്റ് സിന്‍ഡിക്കേറ്റിലെടുത്തതിനു പിന്നില്‍ അബ്‌ദുറബ്ബിന്റെ താല്‍പ്പര്യമാണോ, കുഞ്ഞാലിക്കുട്ടിയുടെ ഗൂഢതാല്‍പ്പര്യമാണോയെന്നൊക്കെ പിന്നീടു പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
കൊച്ചി സര്‍വകലാശാലയില്‍ സ്വര്‍ണത്തിന്റെ സാങ്കേതികതയായിരിക്കും ഇനി പഠിപ്പിക്കുക. കേരള സര്‍വകലാശാലയിലെ സെനറ്റിലേക്ക് പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ലിസ്‌റ്റ് കൊടുത്തപ്പോള്‍ തലനാരിഴ കീറി പരിശോധിച്ച ഗവര്‍ണര്‍ സണ്ണിയുടെ കാര്യം വന്നപ്പോള്‍ പെട്ടെന്ന് ഒപ്പിട്ടുവെന്ന് വി.എസ്. തിരുവനന്തപുരത്ത് ഇ.എം.എസ്. ദിനപരിപാടിയില്‍ പറഞ്ഞു.
നടപടി റദ്ദാക്കണമെന്ന് വിവിധ സംഘടനകള്‍. അപലപനീയമെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. ലീഗിലെ ഉന്നതനും കോണ്‍ഗ്രസിലെ പ്രമാണിമാരും ഒത്തുകളിച്ചതിന്റെ ഫലമായാണ് ജൗളി വ്യാപാരി സിന്‍ഡിക്കേറ്റില്‍ എത്തിയത്. വിദ്യാഭ്യാസ വിദഗ്‌ധന്മാര്‍ മാത്രമടങ്ങിയ സിന്‍ഡിക്കേറ്റില്‍ പ്രമുഖ വ്യവസായിയുടെ ഒഴിവിലാണ് ജൗളി വ്യാപാരി കടന്നുകൂടിയത്.
ഈ നടപടി അപലപനീയമാണെന്ന് ഡോ. സുകുമാര്‍ അഴീക്കോട് തൃശൂരില്‍ പറഞ്ഞു. വ്യവസായ രംഗത്തെ വിദഗ്‌ധരാണ് കുസാറ്റുപോലുള്ള പ്രമുഖ ഗവേഷണ സ്‌ഥാപനത്തിന്റെ സിന്‍ഡിക്കേറ്റില്‍ അംഗമാകേണ്ടത്. വെറുമൊരു ജൗളി വ്യാപാരിയെയാണ് അംഗമാക്കിയതെങ്കില്‍ അതില്‍പ്പരം അപമാനം വേറൊന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നടപടി റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും തയാറാകണമെന്ന് ശിവസേന കേരള പ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പങ്കു വ്യക്‌തമാണ്. അധികാര സ്വാധീനമുപയോഗിച്ച് മന്ത്രിസഭയിലെ പ്രമുഖര്‍ മെഡിക്കല്‍ സീറ്റ് നേടിയെടുത്തതിനു പിന്നാലെയാണ് ഈ നടപടി. പിന്‍വാതില്‍ നിയമനം റദ്ദു ചെയ്‌തില്ലെങ്കില്‍ അനര്‍ഹമായി സിന്‍ഡിക്കേറ്റ് അംഗത്വം ലഭിച്ച വ്യക്‌തി യോഗങ്ങളില്‍ പങ്കെടുക്കുന്നതു തടയുമെന്ന് ശിവസേന അറിയിച്ചു.
നടപടി സര്‍ക്കാരും ഗവര്‍ണറും പുന:പരിശോധിക്കണമെന്ന് എസ്.എഫ്.ഐ സംസ്‌ഥാന സെക്രട്ടറി പി. ബിജു ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പാനല്‍ നിര്‍ദ്ദേശത്തില്‍ തിടുക്കത്തില്‍ ഒപ്പുവച്ച ഗവര്‍ണറുടെ നിലപാട് നിഷേധാത്മകമാണ്. സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് എ.ഐ.എസ്.എഫ് സംസ്‌ഥാന സെക്രട്ടറി ജിസ്‌മോന്‍ ചൂണ്ടിക്കാട്ടി. വ്യവസായിക്കു പകരം തുണിവ്യാപാരി വന്നത് ദുരൂഹമാണ്. നിയമനം റദ്ദാക്കണമെന്ന് എ.ബി.വി.പി സംസ്‌ഥാന സെക്രട്ടറി എന്‍.പി ശിഖ ആവശ്യപ്പെട്ടു. |
No comments:
Post a Comment