- സ്വാശ്രയ മെഡിക്കല്‍ പി.ജി സീറ്റ് പ്രവേശ സമയം നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു. സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുമാസം മുമ്പ് തീരുമാനിച്ചതായി സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു.
- ക്രിസ്ത്യന്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി നടത്തിയ ഒത്തുകളിയാണ് പിന്നീട് സ്വന്തം തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നതിലേക്ക് എത്തിയത്. ഒത്തുകളി വിവാദമായതോടെ ഇന്നലെയാണ് തിരക്കിട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ പോകാന്‍ വൈകിയത് താല്‍ക്കാലികമായെങ്കിലും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് സഹായകമാകുകയും ചെയ്തു. ഇന്നലത്തെ സര്‍ക്കാര്‍ അലോട്ട്‌മെന്റ് ഇടക്ക് നിര്‍ത്തേണ്ടിവന്നതും ഈ ഒത്തുകളിയുടെ ഫലമായിരുന്നു.
- പി.ജി പ്രവേശത്തിലെ ഓള്‍ ഇന്ത്യ ക്വാട്ടയുടെ അവസാന തീയതി മേയ് 31ല്‍ നിന്ന് ജൂണ്‍ 30ലേക്ക് സുപ്രീംകോടതി നീട്ടിയിരുന്നു. ഇക്കാരണത്താല്‍ കേരള അലോട്ട്‌മെന്റും നീട്ടേണ്ടിവന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ മാനേജ്‌മെന്റുകള്‍ പി.ജി മെറിറ്റ് സീറ്റ് സ്വന്തമാക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഉത്തരവിറക്കി. സീറ്റ് വിട്ടുകൊടുക്കാന്‍ ക്രിസ്ത്യന്‍ കോളജുകള്‍ തയാറായില്ല. ഒപ്പം സര്‍ക്കാറിനെതിരെ കേസിന് പോകുകയും ചെയ്തു.
- പ്രവേശ തീയതി നീട്ടി കര്‍ണാടക കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നിന്ന് അനുമതി വാങ്ങി. കേരളം ഈ ആവശ്യം ഉന്നയിച്ച് സമീപിച്ചില്ല എന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ബലപ്പെട്ട ഒത്തുകളി സംശയം, സര്‍ക്കാര്‍ രേഖ പുറത്തുവന്നതോടെ ശരിയെന്ന് വ്യക്തമാകുകയാണ്.
- മേയ് 28ന് ആരോഗ്യമന്ത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാറിന്റെ നാല് സെക്രട്ടറിമാരും എല്ലാ മെഡിക്കല്‍ കോളജ് ഉടമകളും ഇതില്‍ പങ്കെടുത്തു. ഈ യോഗത്തിന്റെ മിനുട്‌സില്‍ കേസ് സംബന്ധിച്ച് ഇങ്ങനെ പറയുന്നു: 'പി.ജി പ്രവേശത്തിനുള്ള അവസാന തീയതി ജൂണ്‍ 30 ആക്കിക്കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.'
- സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുമാസം മുമ്പ് കൊടുത്ത നിര്‍ദേശം ഇന്നലെവരെ നടപ്പായില്ല. ഇത് എങ്ങനെ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടിവരും.ഏതാനും കുട്ടികള്‍ക്ക് അനുകൂലവിധി കിട്ടിയതിനാലാണ് പോകാതിരുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എങ്കില്‍ എന്ന് വിധി കിട്ടിയെന്ന് സര്‍ക്കാര്‍ പറയണം. ആ വിധിവരുംവരെ കേസിന് പോകേണ്ടെന്ന് എ.ജിയോട് ആവശ്യപ്പെട്ടിരുന്നോ എന്നും സര്‍ക്കാര്‍ പറയണം. അല്ലെങ്കില്‍ കഴിഞ്ഞമാസം നല്‍കിയ നിര്‍ദേശം കുട്ടികളുടെ കേസിലെ വിധി വരുംവരെ നടപ്പാക്കാതിരുന്ന എ.ജിക്കെതിരെ നടപടി സ്വീകരിക്കണം.
- സര്‍ക്കാര്‍ തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ച് മാനേജ്‌മെന്റുകളെ സഹായിക്കുകയായിരുന്നു വെന്നാണ് പുതിയ രേഖ വ്യക്തമാക്കുന്നത്. അന്നുതന്നെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയിരുന്നെങ്കില്‍ അനായാസം സര്‍ക്കാറിന് പ്രവേശം നടത്താമായിരുന്നു. ഇന്നലെ ഇടക്കുവെച്ച് അലോട്ട്‌മെന്റ് നിര്‍ത്തിയതോടെ ഉയര്‍ന്ന ഓപ്ഷന്‍ സ്വീകരിച്ച് സര്‍ക്കാര്‍ കോളജ് വരെ വിട്ടവര്‍ വെട്ടിലായി. ഇവര്‍ക്ക് നേരത്തേ കിട്ടിയ സീറ്റ് നഷ്ടമായി. പുതിയതിന്റെ കാര്യത്തില്‍ തീരുമാനമായുമില്ല. 250ാം റാങ്ക് വരെയാണ് അലോട്ട്‌മെന്റ് നടന്നത്.
- ഇതില്‍ പരിയാരത്ത് നല്‍കിയ സീറ്റില്‍ കുട്ടിയെ പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയതായി പരാതിയുണ്ട്. അടുത്ത അലോട്ട്‌മെന്റ് വ്യാഴാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതും കോടതി വിധിപ്രകാരമായിരിക്കും നടക്കുക.
Tuesday, June 28, 2011
സ്വാശ്രയ പി.ജി: സുപ്രീംകോടതി കേസ് തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു
Subscribe to:
Post Comments (Atom)
നിങ്ങളുടെ അഭിപ്രായങ്ങള്‍